Published: July 25, 2026 10:21 AM IST Updated: July 25, 2026 04:21 PM IST
1 minute Read
ഹരാരെ( സിംബാബ്‌വെ) ∙ തുടർ പരാജയങ്ങളുടെ വേദന മറന്ന് വിജയവഴിയിൽ തിരിച്ചെത്തിയ ഇന്ത്യൻ ടീം, സിംബാബ്‌വെയ്ക്കെതിരായ 3 മത്സര ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്നിറങ്ങും. ജയിച്ചാൽ ഇന്ത്യയ്ക്കു പരമ്പര സ്വന്തമാക്കാം. ഹരാരെയിലെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലെ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ടീം കൊടുങ്കാറ്റായപ്പോൾ സിംബാബ്‌വെയ്ക്കു പിടിച്ചുനിൽക്കാനായിരുന്നില്ല. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ ആദ്യ വിജയം ആധികാരികമായി പിടിച്ചെടുത്ത ഇന്ത്യൻ യുവനിര വിജയവഴിയിൽ തുടരാനുറച്ചാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് പ്രകടനവും മായങ്ക് യാദവിന്റെ പേസ് ആക്രമണവുമാണ് ആദ്യ മത്സരത്തിൽ ഇന്ത്യയെ തുണച്ചത്.
What you should work next
18 പന്തിലായിരുന്നു സൂര്യംവംശിയുടെ അർധ സെഞ്ചറി. 4 ഓവറുകളിൽ 18 റൺസു മാത്രം വിട്ടുനൽകി 2 വിക്കറ്റെടുത്ത മായങ്ക് യാദവിന്റെ പ്രകടനവും സിംബാബ്‌വെയെ 125ൽ പിടിച്ചുകെട്ടുന്നതിൽ നിർണായകമായി. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരെ പിടിച്ചുനിൽക്കാൻ സാധിക്കാതെ വന്ന ഇന്ത്യയ്ക്ക്, ബാറ്റിങ്ങിലും ബോളിങ്ങിലുമുണ്ടായിരുന്ന ആശങ്കകളെല്ലാം പരിഹരിക്കുന്ന പ്രകടനമാണ് ആദ്യ മത്സരത്തിൽ കണ്ടത്. മത്സരം വൈകിട്ടു 4.30 മുതൽ ഡിഡി സ്പോർട്സിലും യുണൈറ്റ് 8 സ്പോർട്സ് ചാനലുകളിലും ഫാൻകോഡ് ആപ്പിലും തത്സമയം.
ടോസ് നിർണായകംപേസ് ബോളിങ്ങിനെ പിന്തുണയ്ക്കുന്ന വേദിയാണ് ഹരാരെ. സിംബാബ്‌വെയ്ക്കും മികച്ച പേസ് നിരയുള്ളതിനാൽ ടോസ് ലഭിച്ചാൽ അവർ ആദ്യം ബോളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോർ കണ്ടെത്താനായില്ലെങ്കിൽ ഇന്ത്യയ്ക്കും മത്സരം വെല്ലുവിളിയായേക്കാം. മുൻ മത്സരങ്ങളിൽ ആദ്യം ബാറ്റിങ്ങിനിറങ്ങുന്ന ടീമുകൾ ശരാശരി 155 റൺസാണ് ഇവിടെ നേടിയിട്ടുള്ളത്.
അഭിഷേക് പുത്തേയ്ക്ക്?
ആദ്യ മത്സരത്തിൽ വിജയിച്ചെങ്കിലും ഓപ്പണർ അഭിഷേക് ശർമയ്ക്ക് തിളങ്ങാനായിരുന്നില്ല. ഒരു റൺസെടുത്താണ് താരം പുറത്തായത്. അതുകൊണ്ടു തന്നെ രണ്ടാം മത്സരത്തിൽ അഭിഷേക് ശർമ പ്ലേയിങ് ഇലവനിൽനിന്നു പുറത്തായേക്കുമെന്നാണ് വിവരം. പകരം പ്രഭ്സിമ്രാൻ സിങ് ഓപ്പണറായേക്കും. ഐപിഎൽ ശ്രേയസ്സ് അയ്യർ നായകനായ പഞ്ചാബ് കിങ്സിന്റെ ഓപ്പണറായ പ്രഭ്സിമ്രാൻ സിങ്. ഇടംകൈ–വലംകൈ ഓപ്പണിങ് കൂട്ടുകെട്ടിനും ഇതു സഹായിക്കും. കൂടാതെ ഭൂരിഭാഗവും ഇടംകയ്യൻമാരുള്ള ബാറ്റിങ് നിരയിലേക്ക് ഒരു വലംകൈയ്യൻ ബാറ്ററെ കൂടി ഉൾപ്പെടുത്താൻ ഇത് വഴിയൊരുക്കും. ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്; ക്യാപ്റ്റൻ ശ്രേയസ് അയ്യർ നാലാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങും.
മിഡിൽ ഓർഡറിൽ തിലക് വർമ, റിങ്കു സിങ്, ശിവം ദുബെ എന്നിവർ തുടരും. ബോളിങ് വിഭാഗത്തിൽ പ്രിൻസ് യാദവ്, അശോക് ശർമ, മായങ്ക് യാദവ് എന്നിവരായിരിക്കും പേസ് ബോളിങ് ഓപ്ഷനുകൾ. രവി ബിഷ്‌ണോയ് മാത്രമായിരിക്കും ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നർ. ആദ്യ മത്സരത്തിൽ വെറും അഞ്ച് ബോളിങ് ഓപ്ഷനുകളുമായാണ് ഇന്ത്യ ഇറങ്ങിയത്, രണ്ടാം മത്സരത്തിലും ആ ടീം ഘടനയിൽ മാറ്റം വരുത്താൻ സാധ്യതയില്ല.
English Summary:






English (US) ·