Published: September 13, 2026 07:37 PM IST Updated: September 13, 2026 10:44 PM IST
2 minute Read
ന്യൂഡൽഹി∙ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ‘ആതിഥേയരായ’ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ ട്വന്റി20 മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം വെറും 13.3. ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. തകർപ്പൻ ബാറ്റിങ്ങുമായി അർധസെഞ്ചറി നേടിയ ഓപ്പണർ അഭിഷേക് ശർമ (32 പന്തിൽ 82), ഇഷാൻ കിഷൻ (33 പന്തിൽ 42) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. മലയാളി താരം സഞ്ജു സാംസൺ 8 പന്തിൽ 10 റൺസെടുത്ത് പുറത്തായി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിലായി. ചൊവ്വാഴ്ചയാണ് അടുത്ത മത്സരം. ഡൽഹിയിലാണ് മത്സരമെങ്കിലും അഫ്ഗാനിസ്ഥാനാണ് പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
What you should work next
മറുപടി ബാറ്റിങ്ങിൽ, രണ്ടു ബൗണ്ടറികളുമായി സഞ്ജു സാംസൺ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയെങ്കിലും മൂന്നാം ഓവറിൽ അസ്മത്തുല്ല ഒമർസായി, സഞ്ജുവിനെ ദർവീഷ് റസൂലിയുടെ കൈകളിൽ എത്തിച്ചു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച അഭിഷേക്– ഇഷാൻ സഖ്യം ഇന്ത്യയെ അതിവേഗം മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 121 റൺസാണ് കൂട്ടിച്ചേർത്തത്. ഏഴു സിക്സും ഏഴു ഫോറുമായി അഭിഷേക് കളം നിറഞ്ഞതോടെ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു. ഒൻപതാം ഓവറിൽ സ്കോർ 100 കടന്നു. 11–ാം ഓവറിൽ അഭിഷേക് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 139ൽ എത്തിയിരുന്നു. പിന്നാലെ ഇഷാൻ കിഷനും പുറത്തായെങ്കിലും ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും (5 പന്തിൽ 8*), തിലക് വർമയും (4 പന്തിൽ 3*) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
What you should work next
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 156 റൺസെടുത്തത്. അർധസെഞ്ചറി നേടിയ അസ്മത്തുല്ല ഒമർസായി (44 പന്തിൽ 64) ആണ് അവരെ മാന്യമായ സ്കോറിലെത്തിച്ചത്. മുഹമ്മദ് നബി 27 പന്തിൽ 33 റൺസെടുത്തു. ഇബ്രാഹിം സദ്രാൻ (10 പന്തിൽ 11), സെദ്ദിഖുല്ല അടൽ (13 പന്തിൽ 13) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. മൂന്നു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങാണ് അഫ്ഗാനിസ്ഥാൻ ബാറ്റിങ് നിരയെ തകർത്തത്. ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സ്റ്റേഡിയത്തിൽ വന്ദേമാതരംമത്സരത്തിനു മുന്‍പ് വന്ദേമാതരവും ജനഗണ മനയും യഥാക്രമം സ്റ്റേഡിയത്തിൽ ആലപിച്ചു. ഇന്ത്യൻ പുരുഷ ടീമിന്റെ മത്സരത്തിനു മുൻപ് ആദ്യമായാണ് വന്ദേമാതരം ആലപിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനയച്ചു. അഫ്ഗാനിസ്ഥാൻ ടീമിൽ പേസർ നവീൻ ഉൾ ഹഖ് കളിക്കുന്നില്ല.
ടോസ് നേടിയ ശ്രേയസ് അയ്യർ, അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. സഞ്ജുവും അഭിഷേക് ശർമയും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്ന് ടീം ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞു. വൈഭവ് സൂര്യവംശി പുറത്തിരിക്കും.
പ്ലേയിങ് ഇലവൻ
ഇന്ത്യ:
സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, ശ്രേയസ് അയ്യർ (ക്യാപ്റ്റന്‍), നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.അഫ്ഗാനിസ്ഥാൻ: ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റന്‍), റഹ്മാനുല്ല ഗുർബാസ് (വിക്കറ്റ് കീപ്പർ), സെദ്ദിഖുല്ല അടൽ, ദർവീഷ് റസൂലി, അസ്മത്തുല്ല ഒമർസായി, ഗുൽബാദിൻ നായിബ്, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാന്‍, നൂര്‍ അഹമ്മദ്, ഫസൽഹഖ് ഫറൂഖി.
English Summary:






English (US) ·