ന്യൂഡൽഹി ∙ ബാറ്റിങ്ങിൽ അഭിഷേകും സഞ്ജുവും മാത്രമാണ് തിളങ്ങിയതെങ്കിൽ, ബോളിങ്ങിൽ പന്തെടുത്തവരെല്ലാം മിന്നിയതോടെ അഫ്ഗാനിസ്ഥാനതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 127 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാന്റെ ഇന്നിങ്സ് 14.1 ഓവറിൽ 94 റൺസിൽ അവസാനിച്ചു. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ നിതീഷ് കുമാർ റെഡ്ഡി, രവി ബിഷ്ണോയ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, യഷ് ഠാക്കൂർ എന്നിവരാണ് അഫ്ഗാനിസ്ഥാനെ തകർത്തത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 3–0ന് ഇന്ത്യ തൂത്തുവാരി. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റാണ് ഇനി അടുത്ത കടമ്പ.
What you should work next
മറുപടി ബാറ്റിങ്ങിൽ, ഓപ്പണറായ ക്യാപ്റ്റൻ ഇബ്രാഹിം സന്ദ്രാൻ (16 പന്തിൽ 25) ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ. മറ്റൊരു ഓപ്പണർ റഹ്മനുള്ള ഗുർബ്ബാസ് 11 പന്തിൽ 15 റൺസെടുത്തു. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 31 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കം നൽകിയെങ്കിലും നാലാം ഓവറിൽ ഗുർബ്ബാസിനെ അക്ഷർ പട്ടേൽ വീഴ്ത്തിയതോടെ അഫ്ഗാന്റെ തകർച്ചയും തുടങ്ങി. അതേ ഓവറിൽ തന്നെ ഇബ്രാഹിം സന്ദ്രാനെയും അക്ഷർ വീഴ്ത്തി. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണതോടെ അഫ്ഗാനിസ്ഥാന് തിരിച്ചുവരവ് സാധ്യമായില്ല. അസമത്തുല്ല ഒമർസായി (13 പന്തിൽ 19), നൂർ ഉൽ റഹ്മാൻ (15 പന്തിൽ 11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.
∙ അഭിഷേക് ‘താണ്ഡവം’
കടിച്ചുകീറാൻ നിൽക്കുന്ന സിംഹത്തെ പോലെ അഭിഷേക് ശർമ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഗർജിച്ചപ്പോൾ അഫ്ഗാൻ ബോളർമാർ വെറും പൂച്ചകളായി. മൂന്നാം ട്വന്റി20 മത്സരത്തിൽ ഓപ്പണർമാരായ അഭിഷേക് ശർമയുടെ റെക്കോർഡ് സെഞ്ചറിയുടെയും സഞ്ജു സാംസന്റെ അർധസെഞ്ചറിയുടെയും കരുത്തിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ്. വെറും 34 പന്തിൽ 11 സിക്സുകളുടെയും 9 ഫോറുകളുടെയും അകമ്പടിയോടെ 108 റൺസാണ് അഭിഷേക് നേടിയത്.
30 പന്തിലാണ് താരം സെഞ്ചറി തികച്ചത്. ടെസ്റ്റ് യോഗ്യതയുള്ള ടീമുകളിലെ താരങ്ങളിൽ ഏറ്റവും വേഗമേറിയ സെഞ്ചറിയാണിത്. എസ്റ്റോണിയ താരം സഹിൽ ചൗഹാൻ (27 പന്തിൽ), തുർക്കി താരം മുഹമ്മദ് ഫഹദ് (29 പന്തിൽ) എന്നിവരുടെ പേരിലാണ് രാജ്യാന്തര ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചറിയുടെ റെക്കോർഡ്. ഇന്ത്യൻ താരങ്ങളിൽ രോഹിത് ശർമയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് (2017ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ) അഭിഷേക് തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി അഭിഷേക് ശർമയുടെ ‘സംഹാരതാണ്ഡവം’ ആണ് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ ഓവറിലെ അവസാന പന്ത് ഫോറടിച്ചു തുടങ്ങിയ അഭിഷേക് പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ ഇന്ത്യയുടെ ടോട്ടൽ 100ൽ എത്തി. ഇതിൽ 76 റൺസും അഭിഷേകിന്റെ ബാറ്റിൽനിന്നായിരുന്നു. ട്വന്റി20യിൽ പവർപ്ലേയ്ക്കുള്ളിൽ ഒരു ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ഇത്. വെറും 17 പന്തിലാണ് അഭിഷേക് അർധസെഞ്ചറി തികച്ചത്. ഇത് ആറാം തവണയാണ് അഭിഷേക് 20 പന്തുകളിൽ താഴെ നേരിട്ട് അർധസെഞ്ചറി നേടുന്നത്. ഇതാദ്യമായാണ് പവർപ്ലേയ്ക്കുള്ളിൽ ഇന്ത്യയുടെ ടോട്ടൽ 100 കടക്കുന്നതും.
അഭിഷേക് കളം പിടിച്ചതിനാൽ, കൃത്യമായി സ്ട്രൈക്ക് കൈമാറുന്നതിലായിരുന്നു സഞ്ജുവിന്റെ ശ്രദ്ധ. പരമാവധി പന്തുകൾ അഭിഷേകിന് വിട്ടുകൊടുക്കാൻ സഞ്ജു ശ്രമിച്ചു. ഇടയ്ക്ക് സിക്സറുകളും ബൗണ്ടറികളുമായി ഉറച്ച പിന്തുണ നൽകുകയും ചെയ്തു. ഒൻപതാം ഓവറിലാണ് അഭിഷേക് സെഞ്ചറി നേടുന്നത്. പത്ത് സിക്സും ഒൻപതും ഫോറും സഹിതമാണ് വെറും 30 പന്തിൽ അഭിഷേക് സെഞ്ചറി തികച്ചത്. പിന്നാലെ ഒരു സിക്സർ കൂടി പറത്തിയെങ്കിലും പത്താം ഓവറിൽ റാഷിദ് ഖാനാണ് അഭിഷേകിനെ പുറത്താക്കിയത്. അപ്പോഴേയ്ക്കും ഇന്ത്യൻ ടോട്ടൽ 142ൽ എത്തിയിരുന്നു.
പിന്നാലെയെത്തിയത്, പഴയ ബാറ്റിങ് പൊസിഷനിൽ വീണ്ടും അവസരം ലഭിച്ച തിലക് വർമ. അഭിഷേക് പുറത്തായതോടെ സ്കോറിങ്ങിന്റെ വേഗത പരമാവധി നിലനിർത്താൻ സഞ്ജു ശ്രദ്ധിച്ചു. 12–ാം ഓവറിൽ തിലക് വർമ (5 പന്തിൽ 2) റണ്ണൗട്ടാകുകയും ചെയ്തു. പിന്നീടെത്തിയ ക്യാപ്റ്റൻ ശ്രേയ്യസ്സ് അയ്യറെ സാക്ഷിയാക്കി ബൗണ്ടറികൾ കണ്ടെത്തിയ സഞ്ജു തുടർച്ചയായ രണ്ടാം അർധസെഞ്ചറി നേടി. 34 പന്തിൽ 4 സിക്സുകളുടെയും 2 ഫോറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു അർധസെഞ്ചറി തികച്ചത്. എന്നാൽ തൊട്ടടുത്ത ഓവറിൽ അസമത്തുള്ള ഒമറസായിയുടെ പന്തിൽ സിക്സറിനു ശ്രമിച്ച സഞ്ജുവിനെ ബൗണ്ടറി ലൈനിനു സമീപം റാഷിദ് ഖാൻ കൈകളിൽ ഒതുക്കി.
അഞ്ചാമനായി ക്രീസിലെത്തിയത് ശിവം ദുബെ. ഒരു സിക്സും ഒരു ഫോറുമായി ദുബെ നന്നായി തുടങ്ങിയെങ്കിലും 10 പന്തിൽ 14 റൺസെടുത്ത താരത്തെ ഒമർസായി തന്നെ വീഴ്ത്തി. ഇതിനു ശേഷമാണ് ആറാമനായി ഇഷാൻ കിഷൻ ക്രീസിലെത്തിയത്. 8 പന്തിൽ 10 റൺസെടുത്ത ഇഷാനെ, കീപ്പർ റഹ്മനുള്ള ഗുർബ്ബാസ് ഡയറക്ട് ത്രോയിൽ റണ്ണൗട്ടാക്കുകയായിരുന്നു. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കും (4 പന്തിൽ 1) തിളങ്ങാനായില്ല. ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും അവസാന ഓവർ വരെ പിടിച്ചുനിന്ന ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെ (20 പന്തിൽ 29) ഇന്നിങ്സാണ് ഇന്ത്യൻ സ്കോർ 220 കടത്തിയത്. അക്ഷർ പട്ടേൽ ( പന്തിൽ 5*), രവി ബിഷ്ണോയ് (0*) എന്നിവർ പുറത്താകാതെനിന്നു.
സഞ്ജു തന്നെ!ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഇബ്രാഹികം സന്ദ്രാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേയിങ് ഇലവനിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. പേസർ അർഷ്ദീപ് സിങ്ങിനു പകരം യഷ് ഠാക്കൂർ കളിക്കും. സഞ്ജു സാംസണു പകരം പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി ഇലവനിലെത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. അഫ്ഗാനിസ്ഥാൻ നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്.
English Summary:






English (US) ·