അമ്പമ്പോ സിംബാബ്‌വെ! അട്ടിമറിയല്ല, ആധികാരികം ഈ കുതിപ്പ്, ശ്രീലങ്കയ്ക്കെതിരെ ആറു വിക്കറ്റ് വിജയവുമായി ഗ്രൂപ്പിൽ ടോപ്

1 month ago 4

മനോരമ ലേഖകൻ

Published: February 20, 2026 12:55 AM IST

1 minute Read

 X@ICC
സിംബാബ്‍വെ താരങ്ങളുടെ വിജയാഹ്ലാദം. Photo: X@ICC

കൊളംബോ∙ അട്ടിമറികളുടെ അമരക്കാരിൽ നിന്ന് ആധികാരിക ജയങ്ങളുടെ അധിപൻമാരിലേക്കുള്ള ദൂരമാണ് ഈ ട്വന്റി20 ലോകകപ്പിൽ സിംബാബ്‌വെ ടീം നടന്നുതീർത്തത്! ഇന്നലെ കൊളംബോയി‍ൽ നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 6 വിക്കറ്റ് ജയത്തോടെ ഗ്രൂപ്പ് ബി ചാംപ്യമാരായാണ് സിംബാബ്‌വെ ട‌ീം സൂപ്പർ 8 റൗണ്ടിലേക്കു വരുന്നത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി.

അർധ സെഞ്ചറി നേടിയ ഓപ്പണർ പാത്തും നിസ്സങ്കയാണ് (41 പന്തിൽ 62) ലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ബ്രിയാൻ ബെന്നറ്റ് (48 പന്തിൽ 63 നോട്ടൗട്ട്), ക്യാപ്റ്റൻ സിക്കന്ദർ റാസ (26 പന്തിൽ 45) എന്നിവരുടെ കരുത്തിൽ തിരിച്ചടിച്ച സിംബാബ്‌വെ, 3 പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. സ്കോർ: ശ്രീലങ്ക 20 ഓവറിൽ 7ന് 178. സിംബാബ്‌വെ 19.3 ഓവറിൽ 4ന് 182. മധ്യ ഓവറുകളിൽ ആഞ്ഞടിച്ച് സിംബാബ്‌വെയുടെ ജയം ഉറപ്പാക്കിയ സിക്കന്ദർ റാസയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

നേരത്തെ, ഗ്രൂപ്പ് റൗണ്ടിൽ ഓസ്ട്രേലിയയെയും ഒമാനെയും തോൽപിച്ച സിംബാബ്‌വെയ്ക്ക് അയർലൻഡിനെതിരായ മത്സരം മഴമൂലം നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് 7 പോയിന്റുമായി സിംബാബ്‌വെ ഗ്രൂപ്പ് ചാംപ്യൻമാരായത്. 6 പോയിന്റുള്ള ശ്രീലങ്കയാണ് ഗ്രൂപ്പ് ബിയിൽ നിന്ന് സൂപ്പർ 8 ഉറപ്പാക്കിയ രണ്ടാമത്തെ ടീം.

അഫ്ഗാന് ആശ്വാസ ജയം

ട്വന്റി20 ലോകകപ്പിൽ രണ്ടാം ജയവുമായി അഫ്ഗാനിസ്ഥാൻ. ഇന്നലെ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ കാനഡയ്ക്കെതിരെ 82 റൺസിനായിരുന്നു അഫ്ഗാന്റെ ജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ, ഓപ്പണർ ഇബ്രാഹിം സദ്രാന്റെ (56 പന്തിൽ 95 നോട്ടൗട്ട്) വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിൽ 20 ഓവറിൽ 200 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ കാനഡയുടെ പോരാട്ടം 118 റൺസിൽ അവസാനിച്ചു.

സ്കോർ: അഫ്ഗാൻ 20 ഓവറിൽ 4ന് 200. കാനഡ 20 ഓവറിൽ 8ന് 118. ഇരു ടീമുകളും നേരത്തെ തന്നെ ടൂർണമെന്റിൽ നിന്നു പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാനഡയ്ക്ക് തുടക്കംമുതൽ വിക്കറ്റുകൾ നഷ്ടമായി. അഫ്ഗാൻ സ്പിന്നർമാർ കളംപിടിച്ചതോടെ കാനഡയുടെ ബാറ്റർമാർ ചിത്രത്തിലേ ഇല്ലാതായി. അഫ്ഗാനു വേണ്ടി മുഹമ്മദ് നബി 4 ഓവറിൽ 7 റൺസ് വഴങ്ങി 4 വിക്കറ്റും റാഷിദ് ഖാൻ 4 ഓവറിൽ 19 റൺസ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തി.

English Summary:

Zimbabwe Triumphs Over Sri Lanka successful T20 World Cup Thriller

Read Entire Article