Published: February 17, 2026 02:11 PM IST
1 minute Read
കൊൽക്കത്ത∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഞെട്ടിക്കുന്ന പ്രകടനവുമായി പേസർ മുഹമ്മദ് ഷമി. ജമ്മുകശ്മീരിനെതിരായ സെമിഫൈനലിൽ, ബംഗാൾ താരമായ മുഹമ്മദ് ഷമി ഒരു ഇന്നിങ്സിൽ എട്ടു വിക്കറ്റ് വീഴ്ത്തി. ഷമിയുടെ ബോളിങ് കരുത്തിൽ ആദ്യ ഇന്നിങ്സിൽ ബംഗാൾ 26 റൺസിന്റെ നിർണായക ലീഡ് നേടുകയും ചെയ്തു. ഒന്നാം ഇന്നിങ്സിൽ ബംഗാൾ 328 റൺസിന് പുറത്തായപ്പോൾ, ജമ്മുകശ്മീർ 302 റൺസിനു ഓൾഔട്ടായി. ആദ്യ രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കുന്ന ജമ്മുവിന്റെ എട്ടു വിക്കറ്റുകളും ഷമിയാണ് വീഴ്ത്തിയത്. രണ്ടു വിക്കറ്റ് മറ്റൊരു ഇന്ത്യൻ താരമായ മുകേഷ് കുമാർ വീഴ്ത്തി.
മത്സരത്തിന്‍റെ രണ്ടാം ദിനം ജമ്മുവിന്റെ മുൻനിരയെ വിറപ്പിച്ച ഷമി, മൂന്നാം ദിനത്തിൽ വാലറ്റത്തെയും ചുരുട്ടിക്കെട്ടുകയായിരുന്നു. രാവിലെ പിച്ചിലുണ്ടായിരുന്ന ഈർപ്പം മുതലെടുത്ത ഷമി തന്‍റെ ട്രേഡ്മാർക്ക് സീം ബോളിങ്ങിലൂടെ ജമ്മു ബാറ്റർമാരെ വട്ടംകറക്കി. 5ന് 198 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ജമ്മുവിന്റെ ബാക്കി അഞ്ച് വിക്കറ്റുകളും ഷമി വീഴ്ത്തുകയായിരുന്നു. രണ്ടാം ദിനം താരം മൂന്നു വിക്കറ്റുകളെടുത്തിരുന്നു. ജമ്മു കശ്മീരിന് വേണ്ടി പൊരുതിയ അബ്ദുൽ സമദ് (82), നായകൻ പരസ് ദോഗ്ര (58) എന്നിവരുടെ കൂട്ടുകെട്ട് തകർത്ത് ഷമി ബംഗാളിന് ലീഡ് നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. 22.1 ഓവറിൽ 90 റണ്‍സ് വിട്ടുകൊടുത്താണ് ഷമി എട്ടു വിക്കറ്റെടുത്തത്. മൂന്ന് ഓവറുകൾ മെയ്ഡനായി.
2025 മാർച്ചിലെ ചാംപ്യൻസ് ട്രോഫിയിലാണ് മുഹമ്മദ് ഷമി ഇന്ത്യൻ ടീമിനു വേണ്ടി ഒടുവിൽ കളിച്ചത്. ടൂര്‍ണമെന്റിൽ ഒൻപതു വിക്കറ്റുകൾ ഷമി വീഴ്ത്തി. ടെസ്റ്റിൽ 2023ലായിരുന്നു ഷമിയുടെ അവസാനത്തെ കളി. 2023 ജൂണിലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലാണ് താരം ഒടുവിൽ കളിക്കാനിറങ്ങിയത്. പരുക്കുമാറിയെന്നു ഷമി തന്നെ പല തവണ പറഞ്ഞിട്ടും താരത്തെ പരിഗണിക്കാൻ ബിസിസിഐ തയാറായിരുന്നില്ല.
ചീഫ് സിലക്ടർ അജിത് അഗാർക്കറുമായുള്ള ഭിന്നതയാണ് ഷമിക്ക് ദേശീയ ടീമിലേക്കുള്ള വാതിലടയ്ക്കുന്നതെന്നാണ് സൂചന. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ഷമിയെ വീണ്ടും ടീമിലെടുക്കാൻ ആലോചിക്കുന്നതായി സൂചനയുണ്ടായിരുന്നു. എന്നാൽ ഈ മാസമാദ്യം പ്രഖ്യാപിച്ച ബിസിസിഐ വാർഷിക കരാറിൽനിന്ന് മുഹമ്മദ് ഷമി പുറത്തായിരുന്നു. രഞ്ജി ട്രോഫിയിലെ ഈ പ്രകടനത്തോടെ സെലക്ടർമാരുടെ കണ്ണുതുറക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
English Summary:







English (US) ·