Published: March 11, 2026 09:43 AM IST
1 minute Read
ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനു ബിസിസിഐ പ്രഖ്യാപിച്ച 131 കോടി രൂപ പാരിതോഷികം ഐസിസിയുടെ സമ്മാനത്തുകയേക്കാൾ ആറിരട്ടി കൂടുതൽ. ട്വന്റി20 ലോകകപ്പ് ജേതാക്കൾക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സമ്മാനത്തുകയായി നൽകുന്നത് 3 മില്യൻ ഡോളർ (ഏകദേശം 27.48 കോടി രൂപ) ആണ്. ടൂർണമെന്റിൽ മൊത്തം ഐസിസി വിതരണം ചെയ്യുന്നതിനേക്കാളും കൂടുതലാണ് ബിസിസിഐയുടെ പാരിതോഷികം. ടൂർണമെന്റിലെ വിവിധ ഘട്ടങ്ങളിലായി ആകെ 120 കോടി രൂപയാണ് സമ്മാനത്തുകയായി ടീമുകൾക്ക് ഐസിസി നൽകിയത്.
ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതിൽ ഏറ്റവും ഉയർന്ന പാരിതോഷികമാണ് ഇത്. 2024ൽ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപയായിരുന്നു പാരിതോഷികം. തുടർച്ചയായി രണ്ടാം തവണയും കിരീടം നേടിയതോടെയാണ് സമ്മാനത്തുക വർധിപ്പിച്ചത്. 15 അംഗ ടീമിൽ ഓരോ താരങ്ങൾക്കും 6 കോടി രൂപ വീതം ലഭിക്കും. ബാക്കിയുള്ള 41 കോടി രൂപ പരിശീലകർ, സപ്പോർട്ടിങ് സ്റ്റാഫ് എന്നിവർക്ക് സ്ഥാനക്രമത്തിനനുസരിച്ച് വീതിച്ചു നൽകും.
കഴിഞ്ഞവർഷം വനിതാ ഏകദിന ലോകകപ്പ് നേടിയ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് ബിസിസിഐ 51 കോടി രൂപ പാരിതോഷികം നൽകിയിരുന്നു. അണ്ടർ 19 ലോകകപ്പിൽ ആറാം തവണയും കിരീടം നേടിയ ഇന്ത്യൻ ടീമിന് 7.5 കോടി രൂപയാണ് ബിസിസിഐ നൽകിയത്.
English Summary:







English (US) ·