‘അയ്യർ ദ് ഗ്രേറ്റ്!’ സിക്സറടിച്ച് സെഞ്ചറിയും തികച്ച് കളിയും ജയിപ്പിച്ച് ശ്രേയസ്സ്; ലക്നൗവിനെ വീഴ്ത്തി പ്ലേഓഫ് പ്രതീക്ഷ കാത്ത് പഞ്ചാബ് കിങ്സ്

1 week ago 2

ഓൺലൈൻ ഡെസ്‌ക്

Published: May 23, 2026 11:14 PM IST Updated: May 23, 2026 11:21 PM IST

2 minute Read

ലക്നൗ സൂപ്പർ  ജയന്റ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് താരങ്ങളായ പ്രഭ്‌സിമ്രാൻ സിങ്ങും ശ്രേയസ് അയ്യരും ബാറ്റിങ്ങിനിടെ. REUTERS/Abhijit Addya
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് താരങ്ങളായ പ്രഭ്‌സിമ്രാൻ സിങ്ങും ശ്രേയസ് അയ്യരും ബാറ്റിങ്ങിനിടെ. REUTERS/Abhijit Addya

ലക്നൗ ∙ ജീവൻമരണ പോരാട്ടത്തിൽ ക്യാപ്റ്റൻ മുന്നിൽനിന്നു നയിച്ചപ്പോൾ പഞ്ചാബ് കിങ്സിനു തകർപ്പൻ ജയം. നിർണായക മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ലക്നൗ സൂപ്പർ ജയന്റ്സിനെ പ‍ഞ്ചാബ് തോൽപ്പിച്ചത്. ലക്നൗ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 18 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്. ഐപിഎലിലെ കന്നി സെഞ്ചറി നേടിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (51 പന്തിൽ 101*), അർധസെഞ്ചറി നേടിയ പ്രഭ്സിമ്രാൻ സിങ് (39 പന്തിൽ 69) എന്നിവരാണ് പഞ്ചാബിന്റെ വിജയശിൽപികൾ. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 140 റൺസ് കൂട്ടിച്ചേർത്തു. ജയത്തോടെ, 15 പോയിന്റുമായി നാലാം സ്ഥാനത്തേയ്ക്കു കയറിയ പഞ്ചാബ്, പ്ലേഓഫ് പ്രതീക്ഷ കാത്തു. ഞായറാഴ്ചത്തെ മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരുടെ കൂടി മത്സരഫലങ്ങളെ ആശ്രയിച്ചാകും പഞ്ചാബിന്റെ പ്ലേഓഫ് പ്രവേശം. പഞ്ചാബിന്റെ ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പുറത്തായി. ലക്നൗവിന് അവസാനസ്ഥാനക്കാരായി മടക്കം.

മറുപടി ബാറ്റിങ്ങിൽ, ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ മുഹമ്മദ് ഷമി പഞ്ചാബിനെ ഞെട്ടിച്ചു. ഓപ്പണർ പ്രിയാൻശ് ആര്യയെ ഗോൾഡൻ ഡക്കായി ഷമി, അർജുൻ തെൻഡുൽക്കറുടെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നീടെത്തിയ കൂപ്പർ കനോലി ബൗണ്ടറികളുമായി കളംനിറഞ്ഞെങ്കിലും തന്റെ തൊട്ടടുത്ത ഓവറിൽ ഷമി അടുത്ത പ്രഹരമേൽപ്പിച്ചു. കനോലി ക്ലീൻ ബൗൾഡ്. ഇതിനുശേഷമാണ് മൂന്നാം വിക്കറ്റിൽ പ്രഭ്സിമ്രാൻ സിങ്ങും ശ്രേയസ് അയ്യരും ഒന്നിച്ചത്. ഇരുവരും നിലയുറപ്പിക്കുകയും ബൗണ്ടറികൾ കണ്ടെത്തുകയും ചെയ്തതോടെ പഞ്ചാബ് ഇന്നിങ്സ് ‘സേഫ്’ ആയി മുന്നോട്ടുനീങ്ങി. പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 69 എന്ന നിലയിലായിരുന്നു പഞ്ചാബ്.

ഇതിനുശേഷവും കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തി ഇരുവരും റൺറേറ്റ് കുറയാതെ കാത്തു. 33 പന്തിലാണ് പ്രഭ്സിമ്രാൻ അർധസെഞ്ചറി തികച്ചത്. ഐപിഎൽ സീസണിലെ ആകെ സമ്പാദ്യം 500 റൺസ് കടക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലും 500നു മുകളിൽ റൺസ് നേടിയ പ്രഭ്സിമ്രാൻ, തുടർച്ചയായ രണ്ട് ഐപിഎൽ സീസണുകളിൽ 500+ റൺസ് നേടുന്ന ആദ്യ അൺക്യാപ്ഡ് താരമാണ്. ഇതിനു പിന്നാലെ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും അർധസെഞ്ചറി തികച്ചു. 

15–ാം ഓവറിൽ പ്രഭ്സിമ്രാനെ വീഴ്ത്തി അർജുൻ തെൻഡുൽക്കറാണ് കൂട്ടുകെട്ട് പൊളിച്ചത്. സീസണിൽ ആദ്യ മത്സരം കളിച്ച അർജുൻ തെൻഡുൽക്കർ, ലക്നൗവിനു വേണ്ടി നേടുന്ന കന്നി വിക്കറ്റാണിത്. എന്നാൽ അപ്പോഴേയ്ക്കും പഞ്ചാബ് സ്കോർ 162ൽ എത്തിയിരുന്നു. മൂന്നാം വിക്കറ്റിൽ പ്രഭ്സിമ്രാൻ–ശ്രേയസ് സഖ്യം 140 റൺസാണ് കൂട്ടിച്ചേർത്തത്. രണ്ടു സിക്സും ഏഴും ഫോറുമാണ് പ്രഭ്സിമ്രാന്റെ ബാറ്റിൽനിന്നു പിറന്നത്. പ്രഭ്സിമ്രാൻ പുറത്തായതിനു പിന്നാലെയെത്തിയ സൂര്യാൻഷ് ഷെഡ്ജയെ മറുവശത്ത് നിർത്തി ശ്രേയസ് ‘കത്തിക്കയറി’യതോടെ പഞ്ചാബ് അതിവേഗം വിജയത്തിലേക്ക് കുതിച്ചു. ഒടുവിൽ പതിനെട്ടാം ഓവറിലെ അവസാന പന്തിൽ സിക്സറടിച്ച് സെഞ്ചറിയും ടീമന്റെ വിജയവും ശ്രേയസ്സ് ഒരുമിച്ച് ആഘോഷിച്ചു. 5 സിക്സും 11 ഫോറുമാണ് ശ്രേയസിന്റെ ബാറ്റിൽനിന്നു പിറന്നത്. 

∙ ഹൗസ് ഈസ് ദ് ‘ജോഷ്’?ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ജോഷ് ഇംഗ്ലിസ് (44 പന്തിൽ 72), ആയുഷ് ബദോനി (18 പന്തിൽ 43), അബ്ദുൽ സമദ് (20 പന്തിൽ 37*) തുടങ്ങിയവരുടെ ബാറ്റിങ് കരുത്തിലാണ് ലക്നൗ ഭേദപ്പെട്ട സ്കോറിലെത്തിയത്. മിച്ചൽ മാർഷിനു പകരം കളിച്ച അർഷിൻ കുൽക്കർണി ഗോൾഡൻ ഡക്കായും നിക്കോളാസ് പുരാൻ രണ്ടു റൺസെടുത്തും പുറത്തായി. ക്യാപ്റ്റൻ ഋഷഭ് പന്ത് 22 പന്തിൽ 26 റൺസെടുത്തു. ആദ്യ മത്സരം കളിച്ച അർജുൻ തെൻഡുൽക്കർ 5 പന്തിൽ 5 റൺസെടുത്ത് പുറത്താകാതെനിന്നു. പഞ്ചാബിനു വേണ്ടി മാർക്കോ യാൻസൻ, യുസ്‍വേന്ദ്ര ചെഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും അസ്മത്തുള്ള ഒമർസായ്, ശശാങ്ക് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

English Summary:

IPL 2026: Lucknow Super Giants vs Punjab Kings, Live Score

Read Entire Article