Published: July 11, 2026 06:36 PM IST Updated: July 12, 2026 12:42 AM IST
2 minute Read
സതാംപ്ടൻ ∙ അയർലൻഡിനെതിരായ തോൽവികൾക്കു പിന്നാലെ ഇംഗ്ലണ്ടിലും ടീം ഇന്ത്യയ്‌ക്ക് നാണക്കേടിന്റെ പരമ്പര. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ 56 റൺസിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 257 റൺസ്. ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ്. മഴ മുടക്കിയ ആദ്യ മത്സരം മാറ്റിനിർത്തിയാൽ തുടർന്നുള്ള നാലു മത്സരങ്ങളും ദയനീയമായി തോറ്റ ഇന്ത്യ, 5 മത്സര ട്വന്റി20 പരമ്പര ഇംഗ്ലണ്ടിന് അടിയറവച്ചു (0–4). ഒപ്പം, ട്വന്റി20 ചരിത്രത്തിൽ ഒന്നിൽ കൂടുതൽ മത്സരങ്ങളുള്ള പരമ്പരയിൽ ഒരു മത്സരം പോലും ടീം ഇന്ത്യ ജയിക്കാത്ത ആദ്യ പരമ്പര എന്ന നാണക്കേടും. ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനം ഇംഗ്ലണ്ട് പിടിച്ചെടുക്കുകയും ചെയ്തു.
What you should work next
ഇംഗ്ലണ്ട് നേടിയ 257 റൺസ്, രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയ്ക്കെതിരെ ഒരു ടീം നേടുന്ന ഉയർന്ന ടോട്ടലാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ മാർച്ചിൽ നടന്ന ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ 254 റൺസ് പിന്തുടർന്ന് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയ 246 റൺസിന്റെ സ്വന്തം റെക്കോർഡാണ് ഇംഗ്ലണ്ട് മറികടന്നത്. രണ്ടാം വിക്കറ്റിൽ ബട്‌ലറും ബ്രൂക്കും ചേർന്ന് 233 റൺസാണ് അടിച്ചുകൂട്ടിയത്. ഇതോടെ രണ്ടാം വിക്കറ്റിലെ ഏറ്റവുമുയർന്ന സ്കോർ ജോസ് ബട്‌ലർ – ഹാരി ബ്രൂക്ക് കൂട്ടുകെട്ട് സ്വന്തമാക്കി. സഞ്‌ജു സാംസണും തിലക് വർമയും ചേർന്നുള്ള 210 റൺസിന്റെ റെക്കോർഡാണ് പഴങ്കഥയായത്. റൺസ് അടിസ്ഥാനത്തിൽ ഏതൊരു വിക്കറ്റിലും ഇംഗ്ലണ്ടിന്റെ ഏറ്റവുമുയർന്ന കൂട്ടുകെട്ടും ഇതാണ്.
നേരത്തെ, ജോസ് ബട്‌ലർ – ഹാരി ബ്രൂക്ക് ഇരട്ട സെഞ്ചറി കൂട്ടുകെട്ടിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 257 റൺസ് എടുത്തത്. 64 പന്തുകൾ നേരിട്ട ജോസ് ബട്‌ലർ 8 സിക്സും 12 ഫോറും ഉൾപ്പെടെ 131 റൺസെടുത്താണ് മടങ്ങിയത്. ഇന്ത്യക്കെതിരെ ട്വന്റി20 മത്സരത്തിൽ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. 2017 ൽ ഇന്ത്യക്കെതിരെ പുറത്താകാതെ 125 റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് ഓപ്പണർ എവിൻ ലൂയിസിന്റെ റെക്കോർഡാണ് ബട്‌ലർ മറികടന്നത്. ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ വിരാട് കോലിയെ മറികടന്ന് ജോസ് ബട്‌ലർ മൂന്നാം സ്ഥാനത്തേക്കു കയറി. 8 സിക്സും 4 ഫോറും ഉൾപ്പെടെ 45 പന്തിൽ ഹാരി ബ്രൂക്ക് 95 റൺസെടുത്ത് പുറത്താകാതെ നിന്നു.
What you should work next
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ രണ്ടാം ഓവറിൽ സൂര്യാൻഷ് ഷെഡ്ഗെ ക്യാച്ചെടുത്ത് ഫിൽ സാൾട്ട് (6 റൺസ്) പുറത്താകുമ്പോൾ ഇംഗ്ലണ്ട് സ്കോർ ബോർഡിൽ 8 റൺസ്. പിന്നീടുള്ള 103 പന്തുകളിൽ ഇന്ത്യൻ താരങ്ങളെ അക്ഷരാത്ഥത്തിൽ കാഴ്ചക്കാരാക്കി ജോസ് ബട്‌ലറും ഹാരി ബ്രൂക്കും തകർത്തടിക്കുകയായിരുന്നു. ശിവം ദൂബെ എറിഞ്ഞ 19 ാം ഓവറിലെ നാലാം പന്തിൽ ശ്രേയസ് അയ്യർ ക്യാച്ചെടുത്ത് ജോസ് ബട്‌ലർ പുറത്താകുമ്പോൾ ഇംഗ്ലണ്ട് സ്കോർ 241 ൽ എത്തിയിരുന്നു. പിന്നാലെയെത്തിയ ജേക്കബ് ബെതൽ (0) ആദ്യ പന്തിൽ തന്നെ മടങ്ങി. രണ്ട് പന്തിൽ ഒരു സിക്സ് ഉൾപ്പെടെ 7 റൺസോടെ വിൽ ജാക്സ് പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കു വേണ്ടി ശിവം ദൂബെ രണ്ടു വിക്കറ്റും പ്രസിദ്ധ് കൃഷ്‌ണ ഒരു വിക്കറ്റുമെടുത്തു.
258 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്‌ക്ക് തുടക്കത്തിലെ അഭിഷേക് ശർമയെ (3 റൺസ്) നഷ്ടമായി. വൈഭവ് സൂര്യവംശിക്കു പകരം ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് രണ്ടു സിക്സും മൂന്നു ഫോറുമായി മികച്ച തുടക്കം ലഭിച്ചെങ്കിലും ടീം സ്കോർ 55 ൽ എത്തിയപ്പോൾ പുറത്തായി. 14 പന്തിൽ 27 റൺസാണ് സഞ്ജു നേടിയത്. പിന്നാലെ ഇഷാൻ കിഷനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും സ്കോർ 110 ൽ എത്തിയപ്പോൾ ശ്രേയസ് അയ്യർ (16 പന്തിൽ 28 റൺസ്) മടങ്ങി.
മികച്ച ഫോമിലായിരുന്ന തിലക് വർമ 25 പന്തിൽ നാലു ഫോറും മൂന്നു സിക്സുമുൾപ്പടെ 53 റൺസെടുത്താണ് പുറത്തായത്. ശിവം ദൂബെ (14 റൺസ്), സൂര്യാൻഷ് ഷെഡ്ഗെ (7), അക്സർ പട്ടേൽ (3) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. അർഷ്ദീപ് സിങ് (4), പ്രസിദ്ധ് കൃഷ്ണ (1) എന്നിവർ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനു വേണ്ടി സാം കറൻ മൂന്നു വിക്കറ്റും ആദിൽ റഷീദ് രണ്ടും ജോഫ്ര ആർച്ചർ, ജോഷ് ടങ്, ലിയാം ഡോസൺ എന്നിവർ ഓരോ വിക്കറ്റും നേടി.
English Summary:





English (US) ·