അയൽക്കാരുടെ മുന്നിലിട്ട് നഗ്നയാക്കി ക്രൂരമർദനം, ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞിറങ്ങി: ഇന്നു ലോകവേദിയിൽ ഇന്ത്യയുടെ സുവർണനക്ഷത്രം

1 month ago 4

ഗ്ലാസ്‌ഗോയിലെ സ്കോട്സ്ടൗൺ അത്‌ലറ്റിക്സ് സ്റ്റേഡിയം. തണുത്തുറഞ്ഞ ഒരു തിങ്കളാഴ്ച വൈകുന്നേരം. സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ കാണികൾ ശ്വാസമടക്കിപ്പിടിച്ചു നിന്ന നിമിഷം. അവിടെ, ഹരിയാനയിലെ കായികതാരങ്ങളുടെ തനത് ശൈലിയിൽ ചെറുതായി വെട്ടി ഒതുക്കിയ മുടിയും, നിശ്ചയദാർഢ്യം തുടിക്കുന്ന കണ്ണുകളുമായി ഒരു നാൽപതുകാരി. കൈകളിലെ കരുത്ത് മുഴുവൻ ഒരു ഇരുമ്പ് ഗോളത്തിലേക്ക് ആവാഹിച്ച് അവൾ അത് ദൂരേക്ക് എറിഞ്ഞു. 9.81 മീറ്റർ! സ്റ്റേഡിയം ഒന്നടങ്കം ആർത്തുവിളിച്ചപ്പോൾ പിറന്നത് ഒരു പുതിയ ചരിത്രമായിരുന്നു.

What you should work next

വനിതകളുടെ സീറ്റഡ് ഷോട്ട്പുട്ട് (F57) ഇനത്തിലാണ് ഇന്ത്യയുടെ ശർമിള ധങ്കർ സ്വർണം എറിഞ്ഞിട്ടത്. കോമൺ‌വെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് ആദ്യമായി ഒരു സ്വർണ മെഡൽ സമ്മാനിച്ചുകൊണ്ട്, ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലെ മെഡലിനായുള്ള രാജ്യത്തിന്റെ 20 വർഷത്തെ കാത്തിരിപ്പിനാണ് ആ എറിഞ്ഞുതീർത്ത ദൂരം വിരാമമിട്ടത്. 2026ലെ കോമൺ‌വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ കൊയ്ത്ത് പത്തിലേക്ക് എത്തിച്ചതും ശർമിളയുടെ അവിസ്മരണീയ പ്രകടനമായിരുന്നു. എന്നാൽ, സ്വർണ മെഡലിനേക്കാൾ തിളക്കമുണ്ട്, ഗ്ലാസ്‌ഗോയിലെ ആ പോഡിയത്തിന് മുകളിലേക്ക് അവൾ നടന്നു കയറിയ വഴികൾക്ക്.

∙ ആദ്യ ഭർത്താവിൽ നിന്നേറ്റത് കൊടിയ പീഡനങ്ങൾ

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിലായിരുന്നു ശർമിളയുടെ ജനനം. ഹരിയാനയിലെ മഹേന്ദർഗഡ് ജില്ലയിലെ ചിത്രൗലി എന്ന ചെറിയ ഗ്രാമത്തിൽ. രാജസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള, വരൾച്ച ബാധിത പ്രദേശത്തെ ഒരു പാവപ്പെട്ട കർഷക കുടുംബം. മൂന്നു പെൺമക്കളിൽ രണ്ടാമത്തെ ആളായിരുന്നു ശർമിള. രണ്ട് വയസ്സുള്ളപ്പോൾ പിടിപെട്ട പോളിയോ അവളുടെ ഇടതു കാലിന്റെ ചലനശേഷി എന്നെന്നേക്കുമായി കവർന്നു. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും പഠിക്കാൻ മിടുക്കിയായിരുന്നു ശർമിള. ഒരു പൊലീസ് ഓഫിസറാകണമെന്നും കായികരംഗത്ത് തിളങ്ങണമെന്നും ആഗ്രഹിച്ചു. എന്നാൽ, തന്റെ ചുറ്റുപാടുകൾ ‌ശർമിളയുടെ സ്വപ്നങ്ങൾക്ക് വിലങ്ങിട്ടു. പത്താം ക്ലാസ് പാസായ ഉടൻ, പതിനെട്ടാം വയസ്സിൽ അവളുടെ വിവാഹം നടന്നു. അതൊരു വലിയ ദുരന്തത്തിന്റെ തുടക്കമായിരുന്നു.

‘‘ഞാൻ എവിടെ നിന്നാണോ വരുന്നത്, അവിടെ പീഡനങ്ങളും അക്രമങ്ങളും സാധാരണയാണ്. അതിനോട് പൊരുത്തപ്പെടുകയല്ലാതെ എനിക്ക് മറ്റു വഴികളില്ലായിരുന്നു’, ശർമിള ഓർക്കുന്നു. മദ്യത്തിനും ലഹരിമരുന്നിനും അടിമയായ ആദ്യ ഭർത്താവിന്റെ ക്രൂരമായ പീഡനങ്ങൾ അവൾക്ക് സഹിക്കേണ്ടി വന്നു. പകൽ മുഴുവൻ വയലിൽ പണിയെടുത്തും കന്നുകാലികളെ നോക്കിയും കഴിഞ്ഞിട്ടും അവൾക്ക് മർദനമേറ്റു. ആദ്യം ആവശ്യപ്പെട്ട സ്ത്രീധനം നൽകാത്തതിനും, പിന്നീട് രണ്ട് പെൺകുട്ടികൾക്ക് ജന്മം നൽകിയതിനും ഭർത്താവ് ശർമിളയെ ക്രൂരമായി ഉപദ്രവിച്ചു. ഒടുവിൽ, 26 വയസ്സുള്ളപ്പോൾ, അയൽക്കാരുടെ മുന്നിൽ വച്ച് ശർമിളയെ ക്രൂരമായി മർദിച്ച് നഗ്നയാക്കി, രണ്ടു പെൺമക്കളോടൊപ്പം അയാൾ അവളെ വീട്ടിൽനിന്ന് ഇറക്കിവിട്ടു.

ജീവിതം പൂർണമായും അവസാനിച്ചുവെന്ന് കരുതിയ നിമിഷങ്ങൾ. കുട്ടികളോടൊപ്പം ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് പോലും ശർമിള ചിന്തിച്ചു. എന്നാൽ, മക്കളുടെ മുഖം അവളെ ആ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ജീവിക്കാൻ വേണ്ടി ഗ്രാമത്തിലെ ഒരു വനിതാ ആശുപത്രിയിൽ വേലക്കാരിയായും, ക്ലീനറായും, സെക്യൂരിറ്റി ഗാർഡായും ശർമിള ജോലി നോക്കി.

∙ ജീവിതം മാറ്റിമറിച്ച ‘5 മീറ്റർ ദൂരം’

28-ാം വയസ്സിൽ ശർമിളയുടെ ജീവിതത്തിലേക്ക് അജിത് സിങ് കടന്നുവന്നു. രണ്ട് കുട്ടികളുള്ള ഒരു വിവാഹമോചിതയെ വിവാഹം കഴിക്കാൻ സമൂഹത്തിൽ പലരും മടിച്ചപ്പോൾ, അജിത് അവളെ ജീവിതത്തിലേക്ക് കൈപിടിച്ചു. അവർ റെവാരി പട്ടണത്തിലേക്ക് താമസം മാറി. അവിടെ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു അജിത്. ഭർത്താവ് എന്നതിനേക്കാളുപരി, ശർമിളയിൽ അവൾ പോലും മറന്നുപോയ സ്വപ്നങ്ങളെ ഉണർത്തിയ വ്യക്തി കൂടിയായിരുന്നു അജിത്. കായികപ്രേമിയായ അജിത് 2018ലാണ് പാരാ അത്‌ലറ്റിക്സിനെക്കുറിച്ച് വായിച്ചറിയയുന്നത്. ഒരു ദിവസം അദ്ദേഹം ശർമിളയോട് ചോദിച്ചു, ‘മെഹ്നത്ത് കരേഗി?’ (കഠിനാധ്വാനം ചെയ്യാൻ നീ തയാറാണോ?)

🏆 A Historic Milestone for #IndiaAtCWG 🇮🇳🥇

Sharmila Dhankar scripts past by winning Gold successful the Women's Shot Put F57 lawsuit astatine #CWG2026. She becomes India's first-ever Commonwealth Games Para Athletics Gold medallist, marking a landmark accomplishment for #TeamIndia. pic.twitter.com/vYj2YU76Dq

— Dept of Sports, Govt of India (@IndiaSports) July 28, 2026

ഓടാൻ പോലും കഴിയാത്ത താൻ 34-ാം വയസ്സിൽ എങ്ങനെ കായികരംഗത്തേക്ക് വരുമെന്ന് ഓർത്ത് ശർമിള ആദ്യം ഒന്ന് ഭയന്നു. എന്നാൽ അജിത് നിർബന്ധപൂർവം അവളെ റെവാരിയിലെ റാവു തുലാറാം സ്റ്റേഡിയത്തിൽ എത്തിച്ചു. അവിടെ വച്ചാണ് ഏഷ്യൻ പാരാ ഗെയിംസ് മെഡൽ ജേതാവായ കോച്ച് ടെക് ചന്ദിനെ അവർ കാണുന്നത്. ശർമിളയുടെ കഴിവ് പരിശോധിക്കാൻ കോച്ച് അവൾക്കൊരു ഷോട്ട്പുട്ട് നൽകി എറിയാൻ ആവശ്യപ്പെട്ടു. ആദ്യ ശ്രമത്തിൽ തന്നെ ശർമിള എറിഞ്ഞത് 5 മീറ്ററോളം ദൂരമായിരുന്നു. അന്നത്തെ ദേശീയ റെക്കോർഡ് 6 മീറ്ററോളം മാത്രമായിരിക്കെയായിരുന്നു ഈ അദ്ഭുത പ്രകടനം. ‘ശർമിള, നിനക്ക് ദൈവാനുഗ്രഹമുണ്ട്, നീ ചരിത്രം കുറിക്കും’ കോച്ച് ടെക് ചന്ദിന്റെ ആ വാക്കുകൾ ശർമിളയ്ക്ക് നൽകിയത് ഒരു പുതിയ ജീവിതമായിരുന്നു.

∙ തളരാത്ത പോരാട്ടം

അവിടെനിന്ന് കഠിനമായ പരിശീലനത്തിന്റെ നാളുകളായിരുന്നു. ഒരു കായികതാരമാകുക എന്നത് സാമ്പത്തികമായി കനത്ത ബാധ്യതയായിരുന്നു. അജിത് തന്റെ തുച്ഛമായ വരുമാനത്തിന്റെ ഭൂരിഭാഗവും ശർമിളയുടെ പരിശീലനത്തിനായി മാറ്റിവച്ചു. 2023ൽ, കരിയറിലെ ഏറ്റവും നിർണായക ഘട്ടത്തിൽ, പരിശീലനത്തിനും യാത്രാ ചെലവുകൾക്കുമായി അവർക്ക് റെവാരിയിലെ സ്വന്തം വീട് വിൽക്കേണ്ടി വന്നു. തുടർന്ന് അവർ വാടകവീടുകളിലേക്ക് മാറി.

അതേ വർഷം തന്നെയാണ് ശർമിളയുടെ പിതാവ് മരിക്കുന്നതും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മകളെ സഹായിക്കാൻ അന്ധയായ അവളുടെ അമ്മ തങ്ങളുടെ കൃഷിഭൂമിയുടെ പകുതി വിറ്റ് പണം നൽകി. ഭർത്താവും അമ്മയും നൽകിയ പിന്തുണയും, ‘അമ്മ പരിശീലനത്തിൽ ശ്രദ്ധിക്കൂ, വീട്ടുകാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം’, എന്ന് പറഞ്ഞ മക്കളുടെ സ്നേഹവും ശർമിളയെ കൂടുതൽ ശക്തയാക്കി.

ഗ്ലാസ്‌ഗോയിലെ ഈ സുവർണ നേട്ടത്തിനു മുൻപ് 2021ൽ ദേശീയ പാരാ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ സ്വർണം, 2022ൽ ബെർമിങാം കോമൺ‌വെൽത്ത് ഗെയിംസിൽ നാലാം സ്ഥാനം, 2024ൽ ദുബായ് ഫാസ ഇന്റർനാഷനൽ ചാംപ്യൻഷിപ്പിൽ സ്വർണം, 2025ൽ ന്യൂഡൽഹി ലോക ചാംപ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം എന്നിങ്ങനെ നീളുന്നു ശർമിളയുടെ നേട്ടങ്ങൾ.

∙ ഗ്ലാസ്‌ഗോയിലെ സുവർണ സിംഹാസനം

നാല് വർഷം മുൻപ് ബർമിങ്ങാമിൽ നാലാം സ്ഥാനത്തായിപ്പോയതിന്റെ സങ്കടം ഉള്ളിലൊതുക്കിയാണ് ശർമിള ഗ്ലാസ്‌ഗോയിൽ എത്തിയത്. അവിടെ ആദ്യ ത്രോയിൽ തന്നെ 9.48 മീറ്റർ എറിഞ്ഞ് മികച്ച തുടക്കം കുറിച്ചു. പിന്നീട് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ത്രോകളിൽ ഒന്നായ 9.81 മീറ്റർ എറിഞ്ഞ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഈ ഇനത്തിൽ 8.65 മീറ്റർ എറിഞ്ഞ ഘാനയുടെ സിനാബു ഇസ്സ വെള്ളി നേടി.

നാടകീയമായ നീക്കങ്ങൾക്കൊടുവിൽ ഈ ഇനത്തിലെ വെങ്കല മെഡലും ഇന്ത്യയ്ക്കാണ് ലഭിച്ചത്. നൈജീരിയൻ താരത്തിന്റെ ഫൗൾ കാരണം അവരുടെ മാർക്ക് അധികൃതർ നീക്കം ചെയ്തതോടെ ഇന്ത്യയുടെ ശിൽപ കെ. ഷൈല മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും വെങ്കലം സ്വന്തമാക്കുകയും ചെയ്തു.

What you should work next

∙ പുതിയ സ്വപ്നങ്ങൾ മക്കളിലൂടെ

ഗ്ലാസ്‌ഗോയിലെ സ്വർണനേട്ടത്തോടെ ശർമിളയുടെ സ്വപ്നങ്ങൾ അവസാനിക്കുന്നില്ല. വിറ്റുപ്പോയ വീട് തിരികെ പിടിക്കണം, ഒപ്പം തന്റെ പെൺമക്കളെ കായികരംഗത്ത് വലിയ ഉയരങ്ങളിൽ എത്തിക്കണം. അമ്മയുടെ പോരാട്ടവീര്യം ഉൾക്കൊണ്ട മക്കളും ഇപ്പോൾ അത്‌ലറ്റിക്സ് ട്രാക്കിലാണ്. കഴിഞ്ഞ വർഷത്തെ നോർത്ത് സോൺ ചാംപ്യൻഷിപ്പിൽ അണ്ടർ 16 ജാവലിൻ ത്രോയിൽ മൂത്തമകൾ അനുജ് സ്വർണം നേടിയിരുന്നു. ഇളയമകൾ ലക്ഷ്മി ലോങ് ജംപിൽ പരിശീലനം നേടുന്നുണ്ട്.

‘‘ഒരു ദിവസം ഞാനും എന്റെ മക്കളും ഒരുമിച്ച് കോമൺ‌വെൽത്ത് ഗെയിംസിൽ മത്സരിച്ച് മെഡലുകൾ നേടണം. അതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം’’– ഒരു ചെറുപുഞ്ചിരിയോടെ ശർമിള പറയുന്നു. അമ്മയെക്കുറിച്ച് പറയുമ്പോൾ മകൾ അനുജിന്റെ കണ്ണുകളിൽ അഭിമാനമാണ്. ‘‘ഇന്നത്തെ അവസ്ഥയിലേക്ക് എത്താൻ അമ്മ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു. എന്റെ ഏറ്റവും വലിയ റോൾ മോഡൽ എന്റെ അമ്മയാണ്.’’

ആദ്യ ഭർത്താവിനാൽ പീഡിപ്പിക്കപ്പെട്ട്, ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ ആ പഴയ 26 വയസ്സുകാരിയിൽ നിന്നും, ഇന്ന് ലോകം ആദരിക്കുന്ന നാൽപതുകാരിയായ കായികതാരത്തിലേക്കുള്ള ശർമിള ധങ്കറിന്റെ ദൂരം അത്ര ചെറുതല്ല.

English Summary:

Sharmila Dhankar, an Indian para-athlete from Haryana, made past astatine the Commonwealth Games successful Glasgow by winning a golden medal successful the women's seated shotput (F57) event. This triumph marked India's archetypal golden medal successful para athletics way and tract astatine the Commonwealth Games, ending a 20-year medal drought.

Read Entire Article