‘അരങ്ങേറ്റത്തിൽ നാലോ അഞ്ചോ വിക്കറ്റ് നേടുമെന്ന് ഞാൻ എഴുതിവച്ചിരുന്നു, വൈഭവിനെ ആദ്യ പന്തിൽ തന്നെ എറിഞ്ഞ് വീഴ്ത്തുമെന്നും’

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: April 14, 2026 10:25 AM IST

2 minute Read

പ്രഫുൽ ഹിൻഗെ മത്സരത്തിനിടെ . (PTI Photo/Shahbaz Khan)
പ്രഫുൽ ഹിൻഗെ മത്സരത്തിനിടെ . (PTI Photo/Shahbaz Khan)

ഹൈദരാബാദ് ∙യുവതാരങ്ങളുടെ കരുത്തിൽ മദിച്ചെത്തിയ രാജസ്ഥാനെ തളയ്ക്കാൻ രണ്ട് യുവ പേസർമാരെയാണ് ഹൈദരാബാദ് നിയോഗിച്ചത്. ഐപിഎൽ കന്നിയങ്കത്തിനിറങ്ങിയ പ്രഫുൽ ഹിൻഗെയും സാകിബ് ഹുസൈനും ആ ദൗത്യം ഭംഗിയാക്കിയപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 57 റൺസിന്റെ ആവേശ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ്, ക്യാപ്റ്റൻ ഇഷാൻ കിഷന്റെ (44 പന്തിൽ 91) വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ 5ന് 9 എന്ന നിലയിൽ പതറിയ രാജസ്ഥാൻ, ഡോണവൻ ഫെരൈര ( 44 പന്തിൽ 69), രവീന്ദ്ര ജഡേജ (32 പന്തിൽ 45) എന്നിവരുടെ ബലത്തിൽ തിരിച്ചടിച്ചെങ്കിലും ഫലമുണ്ടായില്ല. 4 വിക്കറ്റ് വീതം വീഴ്ത്തിയ ഇരുപത്തിനാലുകാരൻ വിദർഭ പേസർ പ്രഫുലും ഇരുപത്തിയൊന്നുകാരൻ ബിഹാർ പേസർ സാകിബും ചേർന്നാണ് രാജസ്ഥാന്റെ വെടിക്കെട്ട് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 6ന് 216. രാജസ്ഥാൻ 19 ഓവറിൽ 159ന് ഓൾഔട്ട്. സീസണിൽ രാജസ്ഥാന്റെ ആദ്യ തോൽവിയാണിത്. ഹൈദരാബാദിന്റെ രണ്ടാം ജയവും.

∙ എറിഞ്ഞിട്ട് ഹൈദരാബാദ്ഫുട്ബോൾ സ്കോർ കാർഡിനെ അനുസ്മരിപ്പിക്കും വിധമാണ് രാജസ്ഥാൻ ബാറ്റിങ് തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ 3 വിക്കറ്റ് വീഴ്ത്തിയ പ്രഫുൽ രാജസ്ഥാനെ വിറപ്പിച്ചു. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി ഗോൾഡൻ ഡക്കായപ്പോൾ ധ്രുവ് ജുറേൽ (0), ലുവാൻ ഡ്രെ പ്രിട്ടോറിയസ് (0) എന്നിവർക്ക് രണ്ടു പന്തുകൾ മാത്രമാണ് ആയുസ്സുണ്ടായത്. ഐപിഎൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ 3 വിക്കറ്റ് നേടുന്ന ആദ്യ ബോളറാണ് പ്രഫുൽ. അ‌‌‌ടുത്ത ഓവറിൽ യശസ്വി ജയ്സ്വാളിനെ (1) സാകിബും വീഴ്ത്തിയതോടെ രാജസ്ഥാൻ കൂടുതൽ പ്രതിസന്ധിയിലായി.

തന്റെ രണ്ടാം ഓവറിൽ റിയാൻ പരാഗിനെയും (4) പുറത്താക്കിയ പ്രഫുൽ, രാജസ്ഥാനെ 5ന് 9 എന്ന സ്കോറിലേക്ക് വീഴ്ത്തി. ഐപിഎലിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ എന്ന ബെംഗളൂരുവിന്റെ റെക്കോർഡ് (49) രാജസ്ഥാൻ തിരുത്തിയെഴുതുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ഡോണവനും ജഡേജയും ക്രീസി‍ൽ ഒന്നിക്കുന്നത്. 6–ാം വിക്കറ്റിൽ 72 പന്തിൽ 118 റൺസ് ചേർത്ത സഖ്യം രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ ഡോണവനെ വീഴ്ത്തിയ സാകിബ് രാജസ്ഥാനെ വീണ്ടും പ്രതിരോധത്തിലാക്കി. പിന്നാലെ ജഡേജയും മടങ്ങിയതോടെ രാജസ്ഥാൻ തോൽവി സമ്മതിച്ചു.

∙ വിസ്മയിപ്പിച്ച് ഹിൻഗെയും ഹുസൈനും

ഐപിഎലിന്റെ 19 വർഷത്തെ ചരിത്രത്തിൽ ഒരു മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മൂന്നു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബോളറാണ് പ്രഫുൽ ഹിൻഗെ. ഐപിഎൽ അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ ബോളറുടെ മൂന്നാമത്തെ മികച്ച ബോളിങ് പ്രകടനം കൂടിയാണ്. ‘‘ഞാൻ ഇത് എവിടെയോ എഴുതിവച്ചിരുന്നു - എന്റെ അരങ്ങേറ്റത്തിൽ ഞാൻ നാലോ അഞ്ചോ വിക്കറ്റുകൾ എടുക്കുമെന്ന്. പവർപ്ലേയിൽ ആധിപത്യം സ്ഥാപിക്കണമെന്ന് ഞാൻ കരുതിയിരുന്നു. ഞാൻ അതിൽ വിശ്വസിക്കുന്നു.’’– മത്സരശേഷം ബ്രോഡ്കാസ്റ്ററോട് സംസാരിച്ചപ്പോൾ ഹിൻഗെ പറഞ്ഞു.

‘‘13-ാം വയസ്സിലാണ് ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. ലെതർ ബോൾ ക്രിക്കറ്റ് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. എന്നെ ഒരു ക്ലബ്ബിൽ ചേർക്കാൻ ഞാൻ അച്ഛനോട് ആവശ്യപ്പെട്ടു, പക്ഷേ എനിക്ക് പ്രായം കുറവാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹം എന്നെ അവിടെ കൊണ്ടുപോയി, അതിനുശേഷം ഞാൻ കളി തുടർന്നു. ഈ അവാർഡ് എന്റെ കുടുംബത്തിന് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’– താരം കൂട്ടിച്ചേർത്തു. ‘‘വൈഭവ് സൂര്യവംശിയുടെ വിക്കറ്റായിരുന്നു ഏറ്റവും മികച്ചത്. അവൻ നല്ല ഫോമിലാണ്. ഞാൻ ചിലരോട് പറഞ്ഞിരുന്നു, ആദ്യ പന്തിൽ തന്നെ ഞാൻ അവനെ ബൗൺസർ എറിഞ്ഞ് പുറത്താക്കുമെന്ന്. എങ്ങനെയുള്ള പന്തായാലും, ആദ്യ ബോളിൽ തന്നെ അവനെ പുറത്താക്കണമെന്ന് എനിക്കുണ്ടായിരുന്നു. ഞങ്ങളുടെ ബോളിങ് കോച്ച് വരുൺ ആരോൺ അത് പ്ലാൻ ചെയ്യാൻ എന്നെ സഹായിച്ചു.’’– ഹിൻഗെ പറഞ്ഞു.

പ്രഫുൽ ഹിൻഗെയുടെ നാല് വിക്കറ്റ് പ്രകടനത്തിന് പുറമെ, 4/24 എന്ന മികച്ച പ്രകടനം കാഴ്ചവച്ച സഹ അരങ്ങേറ്റക്കാരൻ സാകിബ് ഹുസൈന്റെ ബോളിങ്ങും ടീമിന് കരുത്തായി. ‘‘എല്ലാവരും ഇതുപോലൊരു അരങ്ങേറ്റമാണ് ആഗ്രഹിക്കുന്നത്, അതിനാൽ ഇത് ശരിക്കും സന്തോഷം നൽകുന്നു. ഞാൻ വളരെ സന്തുഷ്ടനാണ്. ഞാൻ കളിക്കുമെന്ന് മത്സരത്തിന് തലേദിവസം എസ്ആർഎച്ച് ബോളിങ് കോച്ച് എന്നെ അറിയിച്ചു. അന്നുമുതൽ എന്റെ ശ്രദ്ധ മികച്ച പ്രകടനം നടത്തുന്നതിലായിരുന്നു. മാനസികമായി, എന്റെ പരമാവധി നൽകാൻ ഞാൻ എന്നെത്തന്നെ സജ്ജമാക്കി.’’ ഹുസൈൻ പറഞ്ഞു. ‘‘വരുൺ ഭായ് കഴിഞ്ഞ നാല് വർഷമായി എന്റെ കൂടെ പ്രവർത്തിക്കുന്നു. എന്റെ ബോളിങ്ങിൽ നിങ്ങൾ കാണുന്ന മാറ്റങ്ങൾക്കെല്ലാം കാരണം അദ്ദേഹമാണ്. അതിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ അദ്ദേഹത്തിന് നൽകുന്നു. ഇത് അതിശയകരമായി തോന്നി. അരങ്ങേറ്റത്തിൽ തന്നെ ഇത്തരമൊരു പ്രകടനം കാഴ്ചവക്കുന്നത് വളരെ സവിശേഷമാണ്.’’– സാകിബ് ഹുസൈൻ കൂട്ടിച്ചേർത്തു.

English Summary:

Sunrisers Hyderabad secured a thrilling 57-run triumph against Rajasthan Royals, propelled by an exceptional batting show from Ishan Kishan and a stellar bowling show from debutant pacers. The young bowlers, Praful Hingge and Sakib Hussain, dismantled the Rajasthan batting lineup, securing a memorable triumph for Hyderabad.

Read Entire Article