‘അറിഞ്ഞത് 30 സെക്കൻഡ് മുൻപ്’; ജോർജീനയുമായുള്ള വിവാഹത്തിൽ ക്രിസ്റ്റ്യാനോയുടെ അമ്മയ്ക്ക് എതിർപ്പ്? ചർച്ചയായി ആ വെളിപ്പെടുത്തൽ

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: August 16, 2026 07:58 PM IST Updated: August 16, 2026 10:55 PM IST

2 minute Read

ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും  (Photo by CRISTINA QUICLER / AFP),  ക്രിസ്റ്റ്യാനോ റൊണാൾഡോയും അമ്മ ഡൊലോറസ് അവീറോയും (X/CristianoXtra_)
ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും (Photo by CRISTINA QUICLER / AFP), ക്രിസ്റ്റ്യാനോ റൊണാൾഡോയും അമ്മ ഡൊലോറസ് അവീറോയും (X/CristianoXtra_)

ലിസ്ബൺ ∙ പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും തമ്മിലുള്ള ‘രഹസ്യ’വിവാഹം പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വിവാഹ ചടങ്ങുകൾ നടക്കുന്ന കാര്യം റൊണാൾഡോയുടെ അടുത്ത കുടുംബാംഗങ്ങൾ പോലും അവസാന നിമിഷമാണ് അറിഞ്ഞതെന്ന് ഒരു പോർച്ചുഗീസ് ടിവി അവതാരകയുടെ വെളിപ്പെടുത്തലോടെയാണ് ഇതു സംബന്ധിച്ച് ചർച്ച തുടങ്ങിയത്. ഓഗസ്റ്റ് 11ന് പോർച്ചുഗലിലെ ലിസ്ബൺ നഗരത്തിനു സമീപമുള്ള കാഷ്‌കിസിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിൽ റൊണാൾഡോയുടെ അമ്മ ഡൊലോറസ് അവീറോയും സഹോദരങ്ങളായ ഹ്യൂഗോ, എൽമ, കാതിയ എന്നിവരും പങ്കെടുത്തിരുന്നില്ലെന്ന് ഇവരുടെ വിവാഹ സർട്ടിഫിക്കറ്റ് പുറത്തുവന്നതോടെ വ്യക്തമായിരുന്നു. തികച്ചും ലളിതമായി നടന്ന ചടങ്ങിൽ നാല് സാക്ഷികളും ഇവരുടെ അഞ്ച് മക്കളും മാത്രമാണ് പങ്കെടുത്തത്.

What you should work next

റൊണാൾഡോയുടെ കുടുംബാംഗങ്ങൾ വിവാഹത്തിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ‘ടിവിഐ’ ചാനലിലെ ‘ഡോയിസ് ആസ് 10’ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെ അവതാരകയായ ക്രിസ്റ്റീന ഫെരേരയാണ് അപ്രതീക്ഷിത വെളിപ്പെടുത്തൽ നടത്തിയത്. ‘‘കുടുംബം ചടങ്ങിൽ പങ്കെടുക്കാത്തത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും’’– ഫെരേര പറഞ്ഞു. വിവാഹം തുടങ്ങുന്നതിന് തൊട്ടുമുൻപ് മാത്രമായിരിക്കാം കുടുംബാംഗങ്ങൾ പോലും ഈ വിവരം അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. ‘‘അവർ ഒരുപക്ഷേ ഈ വിവരം അറിഞ്ഞിട്ടുപോലുണ്ടാകില്ല, ഇനി അറിഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അത് വിവാഹത്തിന് 30 സെക്കൻഡ് മുൻപ് മാത്രമായിരിക്കും.’’– ഫെരേര പറഞ്ഞു. എന്നാൽ ഇത് ഫെരേരയുടെ ഒരു വാദം മാത്രമാണെന്നും റൊണാൾഡോയോ അദ്ദേഹത്തിന്റെ കുടുംബമോ ഇത് സ്ഥിരീകരിച്ചിട്ടില്ല എന്നതിനാൽ പെട്ടെന്ന് ഒരു നിഗമനത്തിൽ എത്തരുതെന്നും സഹ-അവതാരകനായ ക്ലോഡിയോ റാമോസ് ഓർമിപ്പിച്ചു.

‘‘സോഷ്യൽ മീഡിയയിലെ വിവരങ്ങൾ വച്ച് നമ്മൾ ഇവിടെ സംസാരിച്ച കാര്യങ്ങൾ അവരുടെ കുടുംബത്തിന് വിഷമം ഉണ്ടാക്കാതിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. കാര്യങ്ങൾ പുറമേ കാണുന്നതുപോലെ ആകണമെന്നില്ല.’’– റാമോസ് പറഞ്ഞു. റൊണാൾഡോയുടെയും ജോർജീനയുടെയും വിവാഹ സർട്ടിഫിക്കറ്റ് ഒരു മാധ്യമം പ്രസിദ്ധീകരിച്ചതോടെയാണ് ചടങ്ങിൽ ആരൊക്കെയാണ് പങ്കെടുത്തത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവന്നത്. റൊണാൾഡോയുടെ അടുത്ത സുഹൃത്തായ മിഗുവൽ പൈക്സാവോ, ജോർജീനയുടെ സഹോദരി ഇവാന റോഡ്രിഗസ്, സ്പാനിഷ് ജ്വല്ലറി വ്യാപാരി ഹോസെ റോഡ്രിഗസ് സാംഗിൽ, അദ്ദേഹത്തിന്റെ ഭാര്യ മോണിക്ക ഗോൺസാലസ് മാർട്ടിനസ് എന്നിവരാണ് സാക്ഷികളായി രേഖയിലുള്ളത്.

റൊണാൾഡോയുടെ അമ്മയുടെയോ മൂന്നു സഹോദരങ്ങളുടെയോ പേരുകൾ അതിൽ ഉണ്ടായിരുന്നില്ല. റൊണാൾഡോയും ജോർജീനയും തങ്ങളുടെ വിവാഹ മോതിരങ്ങളുടെ ചിത്രം പങ്കുവച്ചപ്പോൾ അമ്മ ഡൊലോറസ് ഹൃദയത്തിന്റെ ഇമോജി പോസ്റ്റ് ചെയ്ത് പിന്തുണ അറിയിച്ചിരുന്നു. അതിനാൽ തന്നെ ചടങ്ങിൽ ഇവരുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡൊലോറസിന് ഈ വിവാഹത്തോട് എതിർപ്പുള്ളതായും സൂചനയില്ല. എന്നാൽ അവതാരകയുടെ വാക്കുകൾ അത്തരത്തിലൊരു ചർച്ചയ്ക്ക് വഴി തുറക്കുകയായിരുന്നു.

ഓഗസ്റ്റ് 11ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30ന് കാഷ്‌കിസിലെ ക്വിന്റാ ഡാ മരിൻഹയിലുള്ള ഇവരുടെ ആഡംബര വസതിയിലായിരുന്നു വിവാഹം. ഒരു റജിസ്ട്രാർ നേരിട്ടെത്തിയാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. വിവാഹത്തെക്കുറിച്ച് ദമ്പതികൾ നേരത്തെ പൊതുജനങ്ങൾക്ക് യാതൊരു സൂചനയും നൽകിയിരുന്നില്ല. റൊണാൾഡോ ഓഗസ്റ്റ് 8ന് മദീരയിലെ ഫിൻചാൽ കത്തീഡ്രലിൽ വച്ച് വിവാഹിതനാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് നൂറുകണക്കിന് ആരാധകരും മാധ്യമപ്രവർത്തകരും അവിടെ തടിച്ചുകൂടിയിരുന്നു.

എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഇരുവരും 11ന് കാഷ്‌കിസിൽ വച്ച് രഹസ്യമായി വിവാഹിതരാവുകയും പിന്നീട് വിവാഹമോതിരം ധരിച്ച കൈകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് വാർത്ത പുറംലോകത്തെ അറിയിക്കുകയുമായിരുന്നു. 10 വർഷം മുൻപു സ്പെയിനിലെ മഡ്രിഡിൽ വച്ചാണ് ക്രിസ്റ്റ്യാനോയും ജോർജിനയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി; പങ്കാളികളും. അർജന്റീനയിലെ ബ്യൂനസ് ഐറിസിൽ ജനിച്ച മുപ്പത്തിരണ്ടുകാരിയായ ജോർജിന മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്.

English Summary:

Cristiano Ronaldo Secret Wedding: Cristiano Ronaldo and Georgina Rodriguez held a backstage wedding ceremonial connected August 11 successful Cascais, Portugal. The lawsuit sparked important treatment owed to the reported lack of Ronaldo's adjacent family, including his mother, who were allegedly informed astatine the past minute. Only 4 witnesses and their 5 children attended the intimate occasion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article