‘അവനാകെ തകർന്നിരിക്കുകയായിരുന്നു’: കലാശപ്പോരിന് ഇഷാന്‍ ഇറങ്ങിയത് പ്രിയപ്പെട്ടവരുടെ വിയോഗ വേദന കടിച്ചമര്‍ത്തി

1 week ago 3

ഓൺലൈൻ ഡെസ്‌ക്

Published: March 09, 2026 09:52 AM IST

1 minute Read

ട്വന്റി20 ലോകകപ്പ് ഫൈനിൽ അർധസെഞ്ചറി നേടിയ ശേഷം ഇന്ത്യൻ താരം ഇഷാൻ കിഷൻ ആകാശത്തേയ്‌ക്ക് നോക്കുന്നു. മത്സരത്തിന് 2 ദിവസം മുൻപാണ് താരത്തിന്റ കസിൻ സഹോദരിയും ഭർത്താവും വാഹനാപകടത്തിൽ മരിച്ചത്. (PTI Photo/Kunal Patil)
ട്വന്റി20 ലോകകപ്പ് ഫൈനിൽ അർധസെഞ്ചറി നേടിയ ശേഷം ഇന്ത്യൻ താരം ഇഷാൻ കിഷൻ ആകാശത്തേയ്‌ക്ക് നോക്കുന്നു. മത്സരത്തിന് 2 ദിവസം മുൻപാണ് താരത്തിന്റ കസിൻ സഹോദരിയും ഭർത്താവും വാഹനാപകടത്തിൽ മരിച്ചത്. (PTI Photo/Kunal Patil)

അഹമ്മദാബാദ്∙ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ട്വന്റി20 ലോകകപ്പിൽ മൂന്നാം വട്ടം ഇന്ത്യ മുത്തമിട്ടപ്പോഴും ഇന്ത്യൻ താരം ഇഷാൻ കിഷന്റെ മനസ്സ് നീറുകയായിരുന്നു. വ്യക്തിപരമായ വിഷമങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിലാണ് താരം ന്യൂസീലൻഡിനെതിരായ കലാശപ്പോരിന് ഇറങ്ങിയത്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ ഇഷാന്റെ പിതാവ് പ്രണവ് പാണ്ഡെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രിയപ്പെട്ട രണ്ടുപേരുടെ വേർപാടിന്റെ കടുത്ത ദുഃഖത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് ഇഷാൻ ഫൈനൽ മത്സരത്തിന് കളത്തിലിറങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇഷാന്റെ കസിൻ സഹോദരിയും  ഭർത്താവും വാഹനാപകടത്തിൽ മരിച്ചത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു കുടുംബം. മൂന്നു വയസ്സ്, ആറു മാസം പ്രായം വീതമുള്ള ദമ്പതികളുടെ രണ്ടു മക്കൾ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.

ഫൈനൽ മത്സരം കാണാനായി വെള്ളിയാഴ്ച, അഹമ്മദാബാദിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് ഇഷാന്റെ കുടുംബം ദുരന്തവാർത്ത അറിയുന്നത്. ഇതിനെ തുടർന്ന് ഇവർ ഫൈനൽ കാണാൻ അഹമ്മദാബാദിലേക്ക് എത്തിയിരുന്നില്ല. ‘‘ദാരുണമായ സംഭവമാണ്. ഞങ്ങളെല്ലാവരും ആഘാതത്തിലാണ്. ഇഷാൻ ഇവിടേക്ക് വരാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഫൈനൽ കാരണം അവനു മടങ്ങാൻ കഴിഞ്ഞില്ല. അവൻ പൂർണമായും തകർന്നിരിക്കുകയാണ്.’’– പ്രണവ് പാണ്ഡെ പറഞ്ഞു.

ഫൈനൽ മത്സരത്തിന് മുന്നോടിയായുള്ള ഇന്ത്യയുടെ പരിശീലന സെഷനുകളിൽ സാധാരണയായി ഉണ്ടാകാറുള്ള ഊർജ്ജസ്വലത ഇഷാന് ഇല്ലായിരുന്നു. താരത്തിന്റെ ബാറ്റിങ് സെഷൻ സാധാരണ നീണ്ടുനിൽക്കാറുള്ള അത്രയും സമയം നീണ്ടുനിന്നില്ല. ഇന്ത്യൻ ടീമിലെ പല സഹതാരങ്ങളും ഇഷാന്റെ അരികിലെത്തി അവനെ ആശ്വസിപ്പിച്ചു.

വ്യക്തിപരമായ ആ വലിയ നഷ്ടത്തിന്റെ വേദനയ്ക്കിടയിലും ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഉജ്ജ്വലമായ പ്രകടനം കാഴ്ചവയ്‌ക്കാൻ ഇഷാന് സാധിച്ചു. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ ഇടംകയ്യൻ താരം, വെറും 25 പന്തിൽ നിന്ന് 54 റൺസ് അടിച്ചുകൂട്ടി. രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണൊപ്പം 105 റൺസിന്റെ കൂട്ടുകെട്ടിൽ പങ്കാളിയാകുകയും ചെയ്തു. ടൂർണമെന്റിലെ തന്റെ മൂന്നാമത്തെ അർധസെഞ്ചറിയാണ് ഇഷാൻ നേടിയത്.

കൂടാതെ, ഫീൽഡിങ്ങിൽ രണ്ട് അവിശ്വസനീയമായ ക്യാച്ചുകളിലൂടെ ന്യൂസീലൻഡ് ബാറ്റർമാരായ രചിൻ രവീന്ദ്രയെയും ടിം സെയ്ഫെർട്ടിനെയും പുറത്താക്കുന്നതിലും ഇഷാൻ നിർണ്ണായക പങ്ക് വഹിച്ചു. ഒൻപത് ഇന്നിങ്സുകളിൽ നിന്ന് 317 റൺസുമായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ താരമായാണ് ഇഷാൻ, ലോകകപ്പ് അവസാനിപ്പിച്ചത്.

English Summary:

Ishan Kishan demonstrated singular resilience by playing successful the T20 World Cup last contempt idiosyncratic tragedies, scoring a superb 54 disconnected 25 balls. He overcame the caller deaths of his relative and her hubby successful a roadworthy accident, which occurred conscionable earlier the last match, showcasing immense intelligence fortitude.

Read Entire Article