അവറാച്ചന്‍ ആന്റ് സണ്‍സ്

1 day ago 1

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

ചെല്ലാനത്തിന്റെ കടല്‍ ഭംഗി, ആനക്കാംപൊയിലിന്റെ മലയോര ഭംഗി, മടിക്കേരിയുടെ കുടക് ഭംഗി- അവറാച്ചനും പിള്ളേരും ചേര്‍ന്നൊരുക്കുന്നത് ഭംഗിയുള്ളൊരു ലളിതമായ സിനിമ.

കുടുംബത്തോടൊപ്പം ഭാരമില്ലാത്തൊരു മനസ്സോടെ സിനിമ കാണാനാഗ്രഹിക്കുന്നവര്‍ക്ക് കൂട്ടമായിരുന്ന് കണ്ട് ചിരിച്ചും ആസ്വദിച്ചുമൊക്കെ രണ്ടേകാല്‍ മണിക്കൂര്‍ നേരം അവറാച്ചന്‍ ആന്റ് സണ്‍സിനോടൊപ്പം സമയം ചെലവഴിക്കാം. ചെല്ലാനത്തും ആനക്കാംപൊയിലിലുമൊക്കെ നേരിട്ടു പോയതുപോലുള്ള ഫീലും കിട്ടും.

മുതിര്‍ന്ന രണ്ട് ആണ്‍മക്കളുള്ള അവറാച്ചന് ഇപ്പോഴും ആവശ്യമായ പക്വതയൊന്നുമില്ലെന്നാണ് പൊതുവെ കരുതുന്നത്. കുട്ടികളുടെ ബാന്റ് സംഘത്തിന്റെ ആശാനായും കൊച്ചി കായലിലേക്ക് ചൂണ്ടയിട്ട് മീന്‍ പിടിച്ച് അത് വഴി യാത്രക്കാര്‍ക്ക് വിറ്റും ദേഹണ്ഡത്തിന് പോയും മൂക്കറ്റം കള്ളുകുടിച്ചും 'തേരാപാര' നടക്കുന്ന കഥാപാത്രമാണ് ബിജുമേനോന്റെ അവറാച്ചന്‍. അയാളുടെ മൂത്തമകനാണ് ശ്രീനാഥ് ഭാസിയുടെ ജസ്റ്റിന്‍. രണ്ടാമത്തെ മകന്‍ ഗണപതിയുടെ ജയ്‌മോന്‍. ജസ്റ്റിന്റെ ഭാര്യയാണ് അഖിലയുടെ ഗര്‍ഭിണിയായ കീര്‍ത്തന. പാര്‍വ്വതി ബാബുവിന്റെ അനിറ്റ വര്‍ഗ്ഗീസെന്ന കലൂര്‍ ബിസ്മിയിലെ സെയില്‍സ് ഗേളിനോട് പ്രണയവുമായി നടക്കുകയാണ് ജയ്‌മോന്‍. രണ്ട് ആണ്‍മക്കളും തീരെ ചെറുതായിരിക്കെ തന്നെ അവറാച്ചന്റെ ഭാര്യ മരിച്ചുപോയിരുന്നു. സാധാരണമായൊരു കുടുംബത്തിന്റെ വളരെ സാധാരണമായൊരു കഥയാണ് അവറാച്ചന്‍ ആന്റ് സണ്‍സ് പറഞ്ഞു പോകുന്നത്. അതിലേക്ക് കുടിയേറ്റ ക്രിസ്ത്യന്‍ ജീവിതങ്ങള്‍ കൂടി ചേര്‍ത്തുവെച്ചാണ് സിനിമ പൂര്‍ത്തിയാക്കുന്നത്.

ഒരാഴ്ച മുമ്പ് പുറത്തിറങ്ങിയ ധൂമകേതുവില്‍ തകര്‍ത്താടിയ ഗണപതി ഈ സിനിമയില്‍ പതിഞ്ഞൊരു മകന്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അവറാച്ചന്‍ ആന്റ് സണ്‍സിനോടൊപ്പം റിലീസായ ദി തേര്‍ഡ് മര്‍ഡറിലേതുപോലെ മറ്റൊരു ലവലിലുള്ള സൈക്കോ കഥാപാത്രമാണ് വിനയ് ഫോര്‍ട്ടിന്റെ അനി. അയാള്‍ മറ്റേതോ ലോകത്തും കാലത്തുമാണ് ജീവിക്കുന്നത്. വേഷത്തില്‍ പോലും ആ 'മറ്റേതോ' കാലമുണ്ട്. മുക്കത്തെ മൊയ്തീനെ പോലെ പ്രണയത്തിന്റെ നിത്യസ്മാരകമാകാനാണ് മുക്കത്തിനടുത്ത ആനക്കാംപൊയിലുകാരനായ അയാള്‍ ശ്രമിക്കുന്നതെന്ന് തോന്നുന്നു. മൊയ്തീന്റെ കാഞ്ചനമാല അയാള്‍ക്ക് കാഞ്ചനേച്ചിയാണ്. പക്ഷേ, അയാളുടെ ഭാര്യക്കു മുമ്പില്‍ അയാള്‍ അതിക്രൂരനായ സൈക്കോയാണ്.

ബിജു മേനോന്‍ നിറഞ്ഞാടുന്ന സിനിമ അവറാച്ചെന്ന വിഭാര്യനെ പൂര്‍ണമായും പ്രേക്ഷകരിലേക്കെത്തിക്കുന്നു. ആദ്യ പകുതി അയാള്‍ കുടുംബത്തിനും മക്കള്‍ക്കും സമൂഹത്തിനുമെല്ലാം വലിയ തലവേദനയാണെങ്കില്‍ രണ്ടാം പകുതി അയാള്‍ തലവേദനയായതിന്റെ കാരണത്തിലൂടെ കടന്നുപോയി തിരക്കഥ ബാലന്‍സ് ചെയ്യുന്നുണ്ട്.

ബിജുമേനോനോടൊപ്പം ശക്തമായൊരു വേഷമാണ് പൗളി വില്‍സനുള്ളത്. അവറാച്ചന്റെ ചേച്ചിയായി ആനക്കാംപൊയിലില്‍ ജീവിക്കുന്ന പൗളിയുടെ കഥാപാത്രം പൂര്‍ണമായും കുടിയേറ്റ ചേട്ടത്തിയായി മാറുന്നുണ്ട്.

നല്ല രണ്ടു പാട്ടുകളെങ്കിലുമുണ്ട് ഈ സിനിമയില്‍. നല്ല വരികളും നല്ല സംഗീതവുമായതിനാല്‍ അവ ചലച്ചിത്രാസ്വാദകനെ തൃപ്തിപ്പെടുത്തും. അതോടൊപ്പം മനോഹരമായ രംഗങ്ങളും കൂടി ചേരുമ്പോള്‍ ഗാനരംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും.

അവറാച്ചന്‍ ആന്റ് സണ്‍സ് വൈകാരികമായി സ്പര്‍ശിക്കുന്ന ഒരു ഭാഗം ജോണി ആന്റണിയുടെ പവിത്രന്‍ എന്ന കഥാപാത്രമാണ്. ദി തേര്‍ഡ് മര്‍ഡറിലേതു പോലെ ചെറിയൊരു രംഗത്ത് വന്ന് കഥയുടെ ടേണിംഗ് പോയിന്റുകളിലൊന്നായി മാറാന്‍ ജോണി ആന്റണിക്ക് സാധിക്കുന്നുണ്ട്. പുറമേ കാണുന്നതല്ല യഥാര്‍ഥ മനുഷ്യരെന്ന് പവിത്രന്‍ തെളിയിക്കുമ്പോള്‍ ചെറിയൊരു നൊമ്പരം കാഴ്ചക്കാര്‍ക്ക് തോന്നാതിരിക്കില്ല.

അതിമഹത്തായ ചലച്ചിത്രം എന്നൊന്നും അവറാച്ചന്‍ ആന്റ് സണ്‍സിനെ വിശേഷിപ്പിക്കാനാവില്ല. എന്നാല്‍ കാണുന്നവര്‍ക്കെല്ലാം ഇഷ്ടപ്പെടുന്ന ചെറിയൊരു സിനിമയായിരിക്കും അതെന്നതില്‍ സംശയമേയില്ല. ബിജുമേനോനും ഗണപതിയും ശ്രീനാഥ് ഭാസിയും ഗണപതിയും ബിജു മേനോനും ശ്രീനാഥ് ഭാസിയും ബിജു മേനോനും അഖിലയും ചേര്‍ന്നുള്ള രംഗങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് താദാത്മ്യം പ്രാപിക്കാനാവുന്ന വിധത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. പാര്‍വ്വതി ബാബുവും തന്റെ അനിറ്റ എന്ന കഥാപാത്രത്തെ തന്നോടൊപ്പം ചേര്‍ത്തുവെച്ചിട്ടുണ്ട്.

ജോസഫ് വിജീഷും സംവിധായകന്‍ തമ്പിയും ചേര്‍ന്നാണ് അവറാച്ചന്‍ ആന്റ് സണ്‍സ് എഴുതിയിരിക്കുന്നത്. സനല്‍ ദേവിന്റെ സംഗീതം സിനിമയ്ക്ക് മുകളിലേക്ക് ഉയരുന്ന തരത്തിലല്ലെങ്കിലും സിനിമയുടെ ട്രാക്കിലൂടെ തന്നെയാണ് മുമ്പോട്ടു നീങ്ങുന്നത്. സജിത്ത് പുരുഷന്റെ ക്യാമറയും അകാശ് ജോസഫ് വര്‍ഗ്ഗീസിന്റെ എഡിറ്റിംഗുമെല്ലാം ഇത്തരമൊരു ചിത്രത്തിന് അനുയോജ്യമായ തരത്തില്‍ കൂടെ നില്‍ക്കുന്നു. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

സിനിമ കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് നിറഞ്ഞ മനസ്സോടെ പുറത്തിറങ്ങാനാവുന്നതാണ് അവറാച്ചന്‍ ആന്റ് സണ്‍സിന്റെ ശൈലി. മാത്രമല്ല, അവസാന രംഗത്ത് അപ്രതീക്ഷിതമായി മലയാളത്തിലെ മികച്ചൊരു അഭിനേതാവു കൂടി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ സ്വതസിദ്ധമായ തന്റേട ഭാവം തന്നെയാണ് അവര്‍ ക്ലൈമാക്‌സില്‍ വന്ന് കയ്യടിയും വാങ്ങി പോകുമ്പോള്‍ പ്രകടമാക്കുന്നത്.

അശ്വിനി പി

ഓതറിനെ കുറിച്ച്

അശ്വിനി പി

സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

Read Entire Article