Published: August 09, 2026 05:56 PM IST Updated: August 09, 2026 06:43 PM IST
2 minute Read
കൊളംബോ ∙ ആദ്യ തകർപ്പനടി, പിന്നെ തട്ടിമുട്ടികളി, അവസാനം വീണ്ടും തകർപ്പനടി; ഗ്രാഫ് ഉയർന്നും താഴ്ന്നുമുള്ള ചേസിങ്ങിനൊടുവിൽ ശ്രീലങ്ക ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. ശ്രീലങ്ക ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, മത്സരത്തിലെ അവസാന ഓവറിലെ മൂന്നാം പന്തിലാണ് വിജയറൺ കുറിച്ചത്. സ്കോർ: ശ്രീലങ്ക ഇലവൻ 8ന് 363 (90), 6ന് 200 (45), ഇന്ത്യ 6ന് 357 (90), 4ന് 214 (45).
What you should work next
അർധസെഞ്ചറി നേടിയ ഓപ്പണർ യശസ്വി ജയ്‌സ്വാൾ (46 പന്തിൽ 61), ശുഭ്മൻ ഗിൽ (54 പന്തിൽ 44), അവസാന ഓവറുകളിൽ തകർത്തടിച്ച പേസർ മുഹമ്മദ് സിറാജ് (15 പന്തിൽ 32*) എന്നിവരാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഒന്നാം ഇന്നിങ്സിൽ ആറു റൺസ് ലീഡ് നേടിയ ശ്രീലങ്ക, രണ്ടാം ഇന്നിങ്സിൽ 45 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു പുറത്തായിരുന്നു. സന്നാഹ മത്സരമായതിനാൽ ഇരു ടീമുകൾക്കും ആദ്യ ഇന്നിങ്സിൽ 90 ഓവർ വീതവും രണ്ടാം ഇന്നിങ്സിൽ 45 ഓവർ വീതവുമാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക്, ഓപ്പണർ യശസ്വി ജയ്‌സ്വാളും ശുഭ്മൻ ഗില്ലും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ആദ്യ ഇന്നിങ്സിൽ ഡക്കായി പുറത്തായതിന്റെ പകരം ജയ്‌സ്വാളും ആദ്യ ഇന്നിങ്സിൽ പരുക്കുമൂലം ബാറ്റിങ്ങിന് ഇറങ്ങാൻ സാധിക്കാതിരുന്നതിന്റെ വിഷമം ഗില്ലും ലങ്കൻ ബോളർമാർക്കെതിരെ തീർത്തു. ഒന്നാം വിക്കറ്റിൽ ഇരുവരും 105 റൺസ് കൂട്ടിച്ചേർത്തു.
ഏകദിന ശൈലിയിലായിരുന്നു ജയ്സ്വാളിന്റെ ബാറ്റിങ്. 2 സിക്സുകളുടെയും 9 ഫോറുകളുടെയും അകമ്പടിയോടെയാണ് താരം 61 റൺസെടുത്തത്. പിന്നാലെ റിട്ടയർ ഹർട്ടായി. ഗിൽ ഏഴു ഫോറുകളുടെ അകമ്പടിയോടെ 54 പന്തിൽ 44 റൺസെടുത്തു. ജയ്സ്വാളിനു പിന്നാലെ മൂന്നാമനായി ക്രീസിലെത്തിയ ഋഷഭ് പന്തിന്റെ (68 പന്തിൽ 22) ബാറ്റിങ്ങാണ് ഇന്ത്യൻ വിജയം വൈകിപ്പിച്ചത്. മധ്യഓവറുകളിൽ ഇന്ത്യയുടെ സ്കോറിങ് വേഗം കുറഞ്ഞു. ഗിൽ പുറത്തായതിനു പിന്നാലെ എത്തിയ ധ്രുവ് ജുറേലിനും (20 പന്തിൽ 17) തിളങ്ങാനായില്ല.
രവീന്ദ്ര ജഡേജ (32 പന്തിൽ 22) റൺസെത്ത് റിട്ടയർ ഹർട്ടായപ്പോൾ, ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിൽ തിളങ്ങിയ ഗുർനൂർ ബ്രാറിന് (5 പന്തിൽ 2) ഇത്തവണ ശോഭിക്കാനായില്ല. എന്നാൽ ആ ദൗത്യം ഏറ്റെടുത്ത സിറാജ്, തകർപ്പനടിയുമായി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 43–ാം ഓവറിൽ ക്രീസിലെത്തിയ സിറാജ്, വെറും 15 പന്തിൽ നാല് സിക്സുകളുടെയും 1 ഫോറിന്റെയും അകമ്പടിയോടെയാണ് 32 റൺസെടുത്തത്. അവസാന ഓവറിൽ 16 റൺസാണ് ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ മൂന്നു പന്തുകളും സിക്സർ പറത്തി സിറാജ്, ടീമിനെ വിജയത്തിലെത്തിച്ചു. ഇതിനു ശേഷം ബാക്കിയുള്ള മൂന്നു പന്തുകൾ കൂടി ഇന്ത്യ കളിച്ചു. ഒരു ഫോറടക്കം അഞ്ച് റൺസാണ് ആ മൂന്നു പന്തിൽ നേടിയത്.
∙ ലീഡെടുത്ത് ലങ്കമൂന്നാം ദിനം, രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് അർധസെഞ്ചറി നേടിയ ഓപ്പണർ നിഷാൻ മദുഷ്ക (73 പന്തിൽ 63), നിപുൻ ധനഞ്ജയ (56 പന്തിൽ 46), അഞ്ജല ബണ്ഡാര (48 പന്തിൽ 35) എന്നിവരുടെ ബാറ്റിങ്ങാണ് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ഗുർനൂർ ബ്രാർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, സെഞ്ചറി നേടിയ ദേവ്ദത്ത് പടിക്കലിന്റെയും (142 നോട്ടൗട്ട്) അർധസെഞ്ചറി നേടിയ രവീന്ദ്ര ജഡേജയുടെയും (63) ബാറ്റിങ്ങാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. 6ന് 357 എന്ന സ്കോറിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്സിൽ ലങ്ക 8ന് 363 റൺസ് നേടിയിരുന്നു. രണ്ടാം ദിനം പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരുന്നെങ്കിലും ഞെട്ടലോടെയാണ് ഇന്ത്യ തുടങ്ങിയത്. യശസ്വി ജയ്സ്വാളിനെ (0) തുടക്കത്തിൽ തന്നെ സന്ദർശകർക്ക് നഷ്ടമായി. രണ്ടാം വിക്കറ്റിൽ കെ.എൽ.രാഹുലിനൊപ്പം (40) 96 റൺസും മൂന്നാം വിക്കറ്റിൽ ജഡേജയ്ക്കൊപ്പം 72 റൺസും ചേർത്ത ദേവ്ദത്താണ് തുടക്കത്തിലെ തകർച്ചയിൽനിന്ന് ഇന്ത്യയെ കരകയറ്റിയത്.
പിന്നാലെ ബാറ്റിങ് മതിയാക്കി മടങ്ങിയ ദേവ്ദത്തിനു പകരം ക്രീസിലെത്തിയ ഋഷഭ് പന്ത് 5 പന്തിൽ 2 റൺസ് മാത്രം നേടി പുറത്തായി. ധ്രുവ് ജുറേലും (1) വൈകാതെ മടങ്ങിയതോടെ 4ന് 174 എന്ന നിലയിലായി ഇന്ത്യ. അഞ്ചാം വിക്കറ്റിൽ മാനവ് സുതാറിനൊപ്പം (41) 76 റൺസ് ചേർത്ത ജഡേജ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ ജഡേജ മടങ്ങിയതോടെ ഇന്ത്യ വീണ്ടും പതറി. 6ന് 257 എന്ന നിലയിലേക്ക് ഇന്ത്യ വീണതോടെ ദേവ്ദത്ത് വീണ്ടും ബാറ്റിങ്ങിന് എത്തി. പുതുമുഖം സാരാംശ് ജയിനിന് (22) ഒപ്പം 49 റൺസും ഗുർനൂർ ബ്രാറിനൊപ്പം (36) 51 റൺസും ചേർത്ത ദേവ്ദത്ത് ഇന്ത്യൻ സ്കോർ 350 കടത്തി. 164 പന്തിൽ 18 ഫോർ അടക്കമാണ് ദേവ്ദത്ത് 142 റൺസ് നേടിയത്.
English Summary:
India secured a six-wicket triumph against Sri Lanka XI successful a signifier lucifer successful Colombo, successfully chasing 207 runs. Opener Yashasvi Jaiswal scored a fluent 61, portion Mohammed Siraj clinched the triumph with a accelerated 32 runs disconnected 15 balls, including 3 important sixes successful the last over. Devdutt Padikkal besides shined with an unbeaten 142 successful the archetypal innings.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·