Published: April 24, 2026 10:49 AM IST
2 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ തകർപ്പന്‍ സെഞ്ചറി നേടിയതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ സഞ്ജു സാംസണെ അഭിനന്ദിച്ച് മുംബൈ ഇന്ത്യൻസ് താരങ്ങൾ. മുംബൈയ്ക്കെതിരെ 54 പന്തുകള്‍ നേരിട്ട സഞ്ജു 101 റൺസെടുത്തു പുറത്താകാതെനിന്നു. ക്രിഷ് ഭഗത് എറിഞ്ഞ 20–ാം ഓവറിലെ ആറാം പന്തിൽ ഡീപ് സ്ക്വയർ ലെഗിലേക്ക് ബൗണ്ടറി കടത്തിയാണ് സഞ്ജു ഐപിഎൽ സീസണിലെ രണ്ടാം സെഞ്ചറിയിലെത്തിയത്. മലയാളി താരം ഒരിക്കൽ കൂടി അപരാജിത കുതിപ്പ് നടത്തി മടങ്ങുന്നതിനിടെ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ചിരിച്ചുകൊണ്ട് സഞ്ജുവിന് അരികിലെത്തി. അഭിനന്ദിച്ച ശേഷം മടങ്ങി. ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഞ്ജുവിനെ കെട്ടിപ്പിടിച്ചു. പേസർ ജസ്പ്രീത് ബുമ്രയും സഞ്ജുവിനെ അഭിനന്ദിച്ച ശേഷമാണു ഗ്രൗണ്ട് വിട്ടത്.
മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ 103 റൺസിന്റെ ആധികാരിക ജയമാണു സ്വന്തമാക്കിയത്. ബാറ്റിങ്ങിൽ സഞ്ജു രക്ഷകനായപ്പോൾ ബോളിങ്ങിൽ 4 വിക്കറ്റ് നേടിയ സ്പിന്നർ അകീൽ ഹൊസെയ്നാണ് ചെന്നൈയുടെ ആക്രമണം നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. ടീമിലെ മറ്റൊരു ബാറ്റർക്കും 25 റൺസിനു മുകളിൽ നേടാൻ സാധിക്കാതിരുന്ന പിച്ചിലാണ് അപരാജിത സെഞ്ചറിയുമായി സഞ്ജു നിറഞ്ഞാടിയത്. സഞ്ജുവിന്റെ സെഞ്ചറി ചെന്നൈയുടെ വിജയത്തിൽ നിർണായകമാണെന്ന് മുംബൈ ക്യാപ്റ്റൻ പാണ്ഡ്യ മത്സരത്തിനു ശേഷം പ്രതികരിച്ചു.
ഐപിഎലിൽ സഞ്ജുവിന്റെ അഞ്ചാമത്തെയും ട്വന്റി20 കരിയറിൽ എട്ടാമത്തെയും സെഞ്ചറിയാണിത്. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ അടിതെറ്റിയ മുംബൈയുടെ പോരാട്ടം 104 റൺസിൽ ഒതുങ്ങി. പതർച്ചയോടെയായിരുന്നു ചെന്നൈ ബാറ്റിങ്ങിന്റെ തുടക്കം. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് (14 പന്തിൽ 22) പതിവുപോലെ നേരത്തേ മടങ്ങി. മൂന്നാമനായി എത്തിയ സർഫറാസ് ഖാനും (8 പന്തിൽ 14) നിലയുറപ്പിക്കാൻ സാധിച്ചില്ല. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജുവിന്റെ ബലത്തിലാണ് പവർപ്ലേ അവസാനിക്കുമ്പോൾ ചെന്നൈ സ്കോർ 73ൽ എത്തിയത്. വൈകാതെ ശിവം ദുബെയും (8 പന്തിൽ 5) പുറത്തായതോടെ ചെന്നൈ തകർച്ച മണത്തു.
എന്നാൽ നാലാം വിക്കറ്റിൽ ഡിയേവാൾഡ് ബ്രെവിസിനൊപ്പം (11 പന്തിൽ 22) 17 പന്തിൽ 31 റൺസ് ചേർത്ത സഞ്ജു, 11–ാം ഓവറിൽ ടീം ടോട്ടൽ 120 കടത്തി. ഇതോടെ ചെന്നൈ അനായാസം 200 റൺസിനു മുകളിൽ നേടുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ബ്രെവിസിനെ വീഴ്ത്തിയ അശ്വനി കുമാർ മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പിന്നാലെയെത്തിയ കാർത്തിക് ശർമ 2 സിക്സറുകളുമായി പ്രതീക്ഷ നൽകിയെങ്കിലും 19 പന്തിൽ 18 റൺസ് മാത്രം നേടി മടങ്ങി. അപ്പോഴും ഒരറ്റത്ത് കരുതലോടെ കളിച്ച സഞ്ജുവാണ് ടീമിന്റെ റൺറേറ്റ് കുറയാതെ നോക്കിയത്. 35 പന്തിൽ 43 റൺസാണ് സഞ്ജു– കാർത്തിക് സഖ്യം അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. കാർത്തിക്കിനു പകരമെത്തിയ ജയ്മി ഓവർടൻ (7 പന്തിൽ 15) നിലയുറപ്പിക്കും മുൻപേ പുറത്തായി. ഇതോടെ ചെന്നൈ 200 റൺസ് കടക്കില്ലെന്നു തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ ആഞ്ഞടിച്ച സഞ്ജു, സ്കോർ 207ൽ എത്തിച്ചു. ക്രിഷ് ഭഗത് എറിഞ്ഞ 20–ാം ഓവറിൽ 2 സിക്സും ഒരു ഫോറും നേടിയാണ് സഞ്ജു സെഞ്ചറി പൂർത്തിയാക്കിയത്.
English Summary:







English (US) ·