അവസാനിച്ചെന്ന് എനിക്ക് ഉറപ്പായിരുന്നു, ആ തീരുമാനമെടുത്തത് കുടുംബത്തോടും ഭാര്യയോടും ഒരുപാട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു

1 month ago 8

മുംബൈ∙ ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാനുള്ള തീരുമാനം ‘വലിയ റിസ്ക്’ ആയിരുന്നെന്ന് തുറന്നുപറഞ്ഞ് മലയാളി താരം സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസ് വിടാനുള്ള കാരണവും, ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ ചെറിയ സ്കോറുകളിൽ പുറത്തായിട്ടും ചെന്നൈ സൂപ്പർ കിങ്സ് മാനേജ്‌മെന്റ് തന്നിൽ എങ്ങനെ വിശ്വാസമർപ്പിച്ചെന്നും സഞ്ജു വെളിപ്പെടുത്തി. ജിയോസ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സഞ്ജു സാംസൺ.

What you should work next

ട്വന്റി20 ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ ആയ സഞ്ജു, തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് വലിയ പ്രതീക്ഷയോടെയാണ് ഐപിഎൽ സീസണിൽ ചെന്നൈ ക്യാംപിലെത്തിയത്. ഐപിഎലിലെ എക്കാലത്തെയും വലിയ കൈമാറ്റങ്ങളിലൊന്നിലൂടെ 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസിൽനിന്ന് സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലെത്തിയത്; പകരം ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയുടെയും സാം കറനെയും രാജസ്ഥാന് ചെന്നൈ വിട്ടുകൊടുത്തു. എന്നാൽ ചെന്നൈയ്ക്കൊപ്പം സഞ്ജുവിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ മൂന്നു മത്സരങ്ങളിലും ഒറ്റയക്ക സ്കോറിന് പുറത്തായ താരം, ഡൽഹി ക്യാപിറ്റൽസിനെതിരെ സെഞ്ചറി നേടിയാണ് ഫോമിലേക്കെത്തിയത്.

2025 ഐപിഎൽ രാജസ്ഥാൻ റോയൽസിനൊപ്പമുള്ള തന്റെ അവസാന സീസണായിരിക്കുമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നതായും സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്ക് വിക്കറ്റുമായി പൊരുത്തപ്പെട്ട് ‘പൂജ്യത്തിൽ നിന്ന് ആരംഭിക്കാൻ’ താൻ ആഗ്രഹിച്ചിരുന്നതായും സഞ്ജു വെളിപ്പെടുത്തി. ‘‘രാജസ്ഥാൻ റോയൽസ് വിടുന്നത് വലിയൊരു റിസ്ക് ആയിരുന്നു. തീരുമാനം ഫ്രാഞ്ചൈസിയെ അറിയിച്ചുകഴിഞ്ഞാൽ, പിന്നീട് ഒരു തിരിച്ചുവരവില്ല. നമ്മൾ പോകാൻ ആഗ്രഹിക്കാത്ത ഒരു ടീമിൽ അല്ലെങ്കിൽ യാതൊരു ഉറപ്പുമില്ലാത്ത ലേലത്തിൽ വരെ നിങ്ങൾ ചെന്നെത്തിപ്പെടാം. ഈ തീരുമാനത്തിന് പിന്നിൽ രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, 2025 ആർആർ-നൊപ്പമുള്ള എന്റെ അവസാന സീസണായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ എന്റെ കുടുംബവുമായും ഭാര്യയുമായും ദീർഘനേരം സംസാരിച്ചു. ഇത് പെട്ടെന്നെടുത്ത തീരുമാനമാണോ അതോ ശരിക്കും ഉറപ്പിച്ചതാണോ എന്ന് അവർ എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു. ഞങ്ങൾ രണ്ടുമൂന്ന് ആഴ്ചയോളം ഇതേക്കുറിച്ച് ചർച്ച ചെയ്തു, ഒടുവിൽ സമയമായെന്ന് തീരുമാനിച്ചു. അത് ശരിയായ തീരുമാനമാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു.

രണ്ടാമതായി, ഞാൻ ആത്മവിശ്വാസമുള്ള വ്യക്തിയാണ്. എനിക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. പൂജ്യത്തിൽ നിന്ന് തുടങ്ങാൻ ഞാൻ എപ്പോഴും തയാറാണ്. എന്റെ ബാറ്റിങ് ശൈലി മന്ദഗതിയിലുള്ള ചെപ്പോക്ക് വിക്കറ്റിന് അനുയോജ്യമായേക്കില്ല എന്ന് പലരും എന്നോട് പറഞ്ഞിരുന്നു. ആ ചിന്തകൾ എന്റെ മനസ്സിലൂടെയും കടന്നുപോയി. എന്നാൽ പിന്നീട് ഞാൻ എന്നോട് തന്നെ പറഞ്ഞു, ‘നിനക്ക് 30 വയസ്സായി. ഇനിയെങ്കിലും പുറത്തുവന്ന് ഒരു വഴി കണ്ടെത്തൂ.’ ഈ ഐപിഎൽ സീസണിൽ, എനിക്ക് എന്തെങ്കിലും നേടിയെടുക്കണമെന്ന വലിയ ഊർജ്ജത്തോടെയാണ് ഞാൻ കളത്തിലിറങ്ങിയത്. അവിടെ ഞാൻ ഒരു പുതിയ ഊർജ്ജം കണ്ടെത്തുകയും അത് എനിക്ക് നന്നായി ഗുണം ചെയ്യുകയും ചെയ്തു.’’സഞ്ജു പറഞ്ഞു.

ട്വന്റി20 ക്രിക്കറ്റിൽ പരാജയം സാധാരണമാണെന്നും വിജയത്തേക്കാൾ കൂടുതൽ തവണ ഒരാൾ പരാജയപ്പെടുന്നുണ്ടെന്നും സഞ്ജു ചൂണ്ടിക്കാട്ടി. ‘‘നമ്മൾ ഒരു മോശം ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ പരാജയം കളിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുന്ന ആളുകൾ നിങ്ങളുടെ ചുറ്റും ഉണ്ടായിരിക്കണം. ഞാൻ സിഎസ്കെയിൽ ചേർന്നപ്പോൾ ആദ്യത്തെ മൂന്നു മത്സരങ്ങളിൽ പരാജയപ്പെട്ടു. ഞങ്ങൾ ആ മൂന്നു മത്സരങ്ങളും തോറ്റു, എനിക്ക് റൺസ് എടുക്കാനും കഴിഞ്ഞില്ല. ഞാൻ ലോകകപ്പ് ഫൈനൽ കളിച്ച് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ ആ ഫോം ഐപിഎലിലേക്ക് കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞില്ല. ആ സാഹചര്യത്തിൽ, നിങ്ങൾ എത്ര പരിചയസമ്പന്നനാണെങ്കിലും കോച്ചും ക്യാപ്റ്റനും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാം, കൂടാതെ മഹി ഭായ് നമ്മളെ നിരീക്ഷിക്കുന്നുമുണ്ട്.’’– സഞ്ജു ചിരിയോടെ പറഞ്ഞു.

‘‘എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത്, ഞാൻ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടും ടീം മാനേജ്‌മെന്റിന്റെയും സഹതാരങ്ങളുടെയും പ്രതികരണത്തിൽ ഒരു ശതമാനം പോലും മാറ്റമുണ്ടായില്ല എന്നതാണ്. എന്നിലുള്ള അവരുടെ വിശ്വാസം ഒരിക്കലും തകർന്നില്ല. അത് എനിക്ക് വലിയ കാര്യമായിരുന്നു. ആദ്യത്തെ മൂന്ന് മത്സരങ്ങൾക്ക് ശേഷം ഞങ്ങൾ പരിശീലനത്തിന് പോയപ്പോഴാണ് മഹി ഭായ് എന്നെ കണ്ടത്. ഞാൻ സാധാരണയായി അദ്ദേഹത്തിന്റെ തൊട്ടുപിന്നിൽ, അദ്ദേഹത്തിന് അഭിമുഖമായാണ് ഇരിക്കാറുള്ളത്. അങ്ങനെ ഞങ്ങൾ ഇരുന്നു, അദ്ദേഹം എന്നെ നോക്കി എനിക്ക് സുഖമാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ‘ഭയ്യാ, എനിക്ക് സുഖമാണ്.’ പിന്നീട് ഞാൻപോലും അറിയാതെ ഞാൻ ‘പക്ഷേ’, ‘അതെ’ എന്നൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു.

അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, ‘നീ പക്ഷേ എന്നതിലേക്ക് ഒന്നും പോകേണ്ട, നീ ഏറ്റവും നന്നായി ചെയ്യുന്നത് എന്താണോ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ. എല്ലാം ശരിയാകും’ അത് വളരെ ലളിതമായിരുന്നു, എന്നാൽ എനിക്ക് വലിയൊരു പാഠമായിരുന്നു. എല്ലാം ഓക്കെയാണെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാൻ പരാജയപ്പെടുന്നു എന്നതുകൊണ്ട് എന്റെ ബാറ്റിങ് ശൈലി മാറ്റണമെന്നോ, സമ്മർദത്തിലാണെന്ന് കാണിക്കണമെന്നോ, അല്ലെങ്കിൽ മൂന്ന് മണിക്കൂർ അധികം പരിശീലിക്കണമെന്നോ അർഥമില്ല. ആ നിമിഷത്തിൽ, അവർക്കായി എനിക്ക് ശരിക്കും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് തോന്നി. തുടർന്ന് ഞാൻ സ്റ്റീഫൻ ഫ്ലെമിങ്ങിനോട് പറഞ്ഞു,‘ വിഷമിക്കേണ്ട, അടുത്ത മത്സരത്തിൽ നമ്മൾ വിജയിക്കും.’ അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഞാൻ സെഞ്ചറി നേടി. ആ പഴയ ഫോം തിരിച്ചുകിട്ടി.’’– സഞ്ജു കൂട്ടിച്ചേർത്തു.

ടൂർണമെന്റിൽ 14 ഇന്നിങ്സുകളിൽ നിന്നായി 43.36 ശരാശരിയിലും 165.63 സ്ട്രൈക്ക് റേറ്റിലും രണ്ടു സെഞ്ചറികളും ഒരു അർധസെഞ്ചറിയും ഉൾപ്പെടെ 477 റൺസോടെയാണ് സഞ്ജു സീസൺ അവസാനിപ്പിച്ചത്. 14 മത്സരങ്ങളിൽ ആറു വിജയവും എട്ടു തോൽവിയുമായി 12 പോയിന്റോടെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു സിഎസ്‌കെ.

English Summary:

Sanju Samson revealed his transportation from Rajasthan Royals to Chennai Super Kings for IPL 2026 was a important risk. Despite a challenging commencement with single-digit scores, helium highlighted the important religion shown by the CSK absorption and MS Dhoni. This enactment enabled him to flooded archetypal struggles, scoring 477 runs, including 2 centuries, by the season's end.

Read Entire Article