Published: April 15, 2026 10:11 PM IST Updated: April 15, 2026 10:23 PM IST
1 minute Read
കൊച്ചി∙ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ബ്ലാസ്റ്റേഴ്‌സിനെ അവസാന നിമിഷം വഴങ്ങിയ ഗോളാണ് വിജയത്തിൽനിന്നു തടഞ്ഞത്.
വിബിൻ മോഹനൻ, കെവിൻ യോക്ക്, വിക്ടർ ബെർട്ടോമിയു എന്നിവരെ മുൻനിർത്തിയുള്ള ആക്രമണനിരയുമായാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. വികാഷ് യുമനം പ്രതിരോധത്തിന് നേതൃത്വം നൽകി. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പന്ത് കൈവശം വെച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ് മികച്ച മുന്നേറ്റങ്ങൾ സംഘടിപ്പിച്ചു. ഇതിന്റെ ഫലമായി 41-ാം മിനിറ്റിൽ ഫല്ലോ എൻഡിയേയുടെ ഒരു അക്രോബാറ്റിക് ഗോൾ ശ്രമം ബോക്സിനുള്ളിൽ ആശയക്കുഴപ്പമുണ്ടാക്കുകയും അത് നോർത്ത് ഈസ്റ്റ് താരത്തിന്റെ സെൽഫ് ഗോളിൽ കലാശിക്കുകയും ചെയ്തു. ഇതോടെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് 1-0ന് മുന്നിലെത്തി.
രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന ബ്ലാസ്റ്റേഴ്‌സ് ലീഡ് വർധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. കെവിൻ യോക്കിന്റെ ഒരു മികച്ച മുന്നേറ്റം ഗോളിലേക്ക് എത്തിയെന്ന് തോന്നിച്ചെങ്കിലും അത് നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. മറുഭാഗത്ത് നോർത്ത് ഈസ്റ്റിന്റെ ഒരു ഉറച്ച ഗോൾ അവസരം ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ അർഷ് ഷെയ്ഖ് തകർപ്പൻ സേവിലൂടെ തടഞ്ഞു. കളി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രണ്ടാം പകുതിയിൽ ഫ്രാഞ്ചുവിനെയും മത്യാസിനെയും ബ്ലാസ്റ്റേഴ്‌സ് മൈതാനത്തിറക്കിയിരുന്നു.
വിജയം ഉറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിൽ, കളിയുടെ 88-ാം മിനിറ്റിലാണ് നോർത്ത് ഈസ്റ്റ് സമനില ഗോൾ കണ്ടെത്തിയത്. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ പോസ്റ്റിൽ തട്ടിത്തെറിച്ച പന്ത് ലാൽബിയാക്‌നിയ വലയിലെത്തിക്കുകയായിരുന്നു. അധികസമയത്ത് ബ്ലാസ്റ്റേഴ്‌സ് വിജയത്തിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും നോർത്ത് ഈസ്റ്റ് പ്രതിരോധം ഉറച്ചുനിന്നു. ശനിയാഴ്ച ജംഷഡ്‌പൂർ എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
English Summary:








English (US) ·