അവിശ്വസനീയം! അവസാന 7 മിനിറ്റിലെ തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് അർജന്റീന ഫൈനലിൽ

5 days ago 5

ജോൺ എം. ചാണ്ടി

ജോൺ എം. ചാണ്ടി

Published: July 15, 2026 11:02 PM IST Updated: July 16, 2026 02:36 AM IST

2 minute Read

 REUTERS/Lee Smith)
ലൗതാരോ മാർട്ടിനസ് ഗോൾ നേടുന്നു. (Photo: REUTERS/Lee Smith)

അറ്റ്‌ലാന്റ ∙ പരുക്കൻ കളി ആധിപത്യം സ്ഥാപിച്ച ആദ്യ പകുതിക്കു പിന്നാലെ ലീഡ് പിടിച്ച ഇംഗ്ലണ്ടിനെ തുടരെ രണ്ടു ഗോൾ മടക്കി ലോക ചാംപ്യന്മാരായ അർജന്റീന ലോകകപ്പ് ഫൈനലിൽ (1–2). ആന്തണി ഗോര്‍ഡനാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എൻസോ ഫെർണാണ്ടസും (85 ാം മിനിറ്റ്) പിന്നാലെ ലൗതാരോ മാർട്ടിനസും (90+2) ഇംഗ്ലിഷ് വല നിറച്ച് അർജന്റീനയ്‌ക്ക് ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. ഇതോടെ തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനലിൽ കടന്ന നിലവിലെ ചാംപ്യന്മാരായ അർജന്റീന, 20 ന് പുലർച്ചെ 12.30 ന് മുൻ ലോകചാംപ്യന്മാരായ സ്പെയിനിനെ നേരിടും.

What you should work next

 REUTERS/Carlos Barria)

മത്സരത്തിനിടെ അർജന്റീന – ഇംഗ്ലണ്ട് താരങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായപ്പോൾ. (Photo: REUTERS/Carlos Barria)

ആദ്യ മിനിറ്റുകളിൽ ആധിപത്യം സ്ഥാപിച്ച ഇംഗ്ലണ്ട് അർജന്റീനിയൻ ബോക്സിലേക്ക് ആക്രമിച്ചു കയറി. ഇരുടീമുകളിലെയും താരങ്ങൾ നിരന്തരം ഫൗൾ ചെയ്തത് കളിയുടെ ഒഴുക്കിനെ ബാധിച്ചു. താരങ്ങൾ തമ്മിൽ തർക്കത്തിനും ഇതു വഴിവച്ചു. പതിയെ ഇംഗ്ലിഷ് പോസ്റ്റ് ലക്ഷ്യമാക്കി അർജന്റീന നീക്കങ്ങൾ ആരംഭിച്ചു. ഇതിനിടെ ലയണൽ മെസ്സിക്ക് ബോക്സിൽ പന്തു ലഭിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഹൈഡ്രേഷൻ ബ്രേക്കിനു പിരിഞ്ഞ 23 ാം മിനിറ്റു വരെ ഗോളിലേക്കു നയിക്കുന്ന നീക്കങ്ങളൊന്നും ഇരു ഭാഗത്തുനിന്നുമുണ്ടായില്ല.

What you should work next

32 ാം മിനിറ്റിലാണ് പോസ്റ്റ് ലക്ഷ്യമാക്കി ആദ്യ പ്രധാന നീക്കമുണ്ടായത്. അർജന്റീനിയൻ ബോക്സിലേക്ക് പന്തുമായി കയറാൻ ശ്രമിച്ച ജൂ‍ഡ് ബെല്ലിങ്ങാമിനെ എന്‍സോ ഫെർണാണ്ടസ് ഫൗൾ ചെയ്‌തതിനു ലഭിച്ച ഫ്രീകിക്കിൽ ഡെക്‌ലാൻ റൈസിന്റെ ഷോട്ടിൽ ജോൺ സ്റ്റോൺ ഹെഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് പുറത്തേക്ക്. ഇതിനിടെ വീണ്ടും ഫൗളിനെ തുടർന്ന് താരങ്ങൾ തമ്മിൽ ഉന്തുംതള്ളുമായി. പിന്നാലെ ഇംഗ്ലിഷ് ബോക്സിനു പുറത്തുനിന്ന് എൻസോ ഫെർണാണ്ടസ് എടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. ഒരു ഓൺടാർഗറ്റ് ഷോട്ടുപോലും ഇരുടീമിനും അവകാശപ്പെടാനില്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്.

 REUTERS/Lee Smith)

ആന്തണി ഗോര്‍ഡൻ ഗോൾ നേടുന്നു. (Photo: REUTERS/Lee Smith)

ഗോൾ ലക്ഷ്യമിട്ട് ആക്രമണവുമായാണ് ഇരുടീമുകളും രണ്ടാം പകുതി ആരംഭിച്ചത്. എന്നാൽ ലോക ചാംപ്യന്മാരെ ഞെട്ടിച്ച് 55 ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡ് നേടുകയായിരുന്നു. വലതുഭാഗത്ത് നിന്ന് ഡെക്ലാൻ റൈസിന്റെ പാസ് സ്വീകരിച്ച് മോർഗൻ റോജേഴ്സ് നൽകിയ ക്രോസ് ഇടതുവിങ്ങിലൂടെ കുതിച്ചെത്തിയ ആന്തണി ഗോര്‍ഡൻ അർജന്റീന പ്രതിരോധനിരയെ വെട്ടിച്ച് വലയിലെത്തിക്കുകയായിരുന്നു (1–0).

പ്രത്യാക്രമണം കടുപ്പിച്ച അർജന്റീന, ഇംഗ്ലിഷ് ഗോൾമുഖത്തേക്ക് തുടരെ ഇരച്ചുകയറി. പിന്നാലെ പെനാൽറ്റി ബോക്സിലേക്ക് മെസ്സി നൽകിയ ക്രോസിൽ ഗോൾവല ലക്ഷ്യമാക്കി പകരക്കാരൻ നിക്കോ ഗോൺസാലസ് ഹെഡ് ചെയ്‌തെങ്കിലും ഗോൾ കീപ്പർ ജോർദാൻ പിക്ഫോ‍ഡ് സാഹസികമായി ഡൈവ് ചെയ്ത് ഗോൾ തടുത്തു. ഇംഗ്ലിഷ് ഗോൾമുഖത്ത് നിരന്തരം അപകടം വിതച്ച അർജന്റീനയുടെ നീക്കങ്ങൾക്ക് ഒടുവിൽ 85 ാം മിനിറ്റിൽ ഫലം കണ്ടു. മെസ്സിയുടെ ഷോട്ടിൽ ബോക്സിനു മുന്നിൽ എൻസോ ഫെർണാണ്ടസിന്റെ നെടുനീളൻ ഷോട്ട് ഇംഗ്ലിഷ് ഗോൾ കീപ്പറെയും മറികടന്ന് വലയിൽ (1–1).

എൻസോ ഫെർണാണ്ടസിന്റെ ഗോൾ. (Photo by ELSA / Getty Images via AFP)

എൻസോ ഫെർണാണ്ടസിന്റെ ഗോൾ. (Photo by ELSA / Getty Images via AFP)

ഗോൾ വഴങ്ങിയ ഞെട്ടലിൽ സ്തബ്ദരായി നിന്ന ഇംഗ്ലിഷ് പടയെ വിറപ്പിച്ച് ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ അർജന്റീന ലീ‍ഡ് പിടിച്ചു. മെസ്സി നൽകിയ ക്രോസിൽ പകരക്കാരൻ ലൗതാരോ മാർട്ടിനസിന്റെ ഹെ‍‍ഡർ യഥാർഥത്തിൽ ഇംഗ്ലണ്ട് താരങ്ങളുടെയും ആരാധകരുടെയും നെഞ്ച് തുളച്ചാണ് ഗോൾവലയിൽ വീണത് (1–2). ആവനാഴിയിലെ സകല ആയുധങ്ങളും നഷ്ടപ്പെട്ട് നിസഹായരായി നിന്ന ഇംഗ്ലിഷ് പടയ്ക്കു മുന്നിൽ കലാശപ്പോരിലേക്കുള്ള വാതിൽ കൊട്ടിയടച്ച് തൊട്ടുപിന്നാലെ ഫൈനൽ വിസിലുമെത്തി.

English Summary:

FIFA World Cup Football 2026 England vs Argentina semi last lucifer unrecorded updates

Read Entire Article