അവർ എന്ത് പിഴച്ചു? മിസൈലാക്രമണത്തിൽ ഇറാനിൽ 20 വനിതാ വോളിബോൾ താരങ്ങൾക്ക് ദാരുണാന്ത്യം; ക്രിക്കറ്റ് മത്സരം മാറ്റി പാക്കിസ്ഥാൻ

3 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: March 01, 2026 05:02 PM IST

1 minute Read

ഇറാൻ തലസ്ഥാനമായ ടെഹ്‍റാനിലുണ്ടായ ആക്രമണത്തിനു പിന്നാലെ കെട്ടിടത്തിൽനിന്ന് പുക ഉയരുന്നു. ATTA KENARE / AFP
ഇറാൻ തലസ്ഥാനമായ ടെഹ്‍റാനിലുണ്ടായ ആക്രമണത്തിനു പിന്നാലെ കെട്ടിടത്തിൽനിന്ന് പുക ഉയരുന്നു. ATTA KENARE / AFP

ടെഹ്റാൻ ∙ യുഎസും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിലും പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിലും വിറച്ച് കായിക ലോകവും. ദക്ഷിണ ഇറാനിലെ ലാമർദിലുണ്ടായ മിസൈൽ ആക്രമണത്തിൽ 20 വനിതാ വോളിബോൾ താരങ്ങൾ കൊല്ലപ്പെട്ടു. നഗരത്തിലെ ജിമ്മിനു സമീപമുള്ള സ്പോർട്സ് ഹാളിൽ വനിതാ താരങ്ങൾ പരിശീലനം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. രണ്ടു റെസിഡൻഷ്യൻ കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നു. ലാമർദ് നഗരം ഉൾപ്പെടുന്ന ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ആകെ നാല് മിസൈലുകളാണ് പതിച്ചതെന്നാണ് വിവരം. സംഭവത്തിൽ നൂറോളം പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്.

ഇസ്രയേൽ– യുഎസ് സംയുക്ത ആക്രമണത്തിനു പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഗൾഫ് രാജ്യങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. മേഖലയിൽ നിലനിൽക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലെ അബുദാബിയിൽ നടക്കാനിരുന്ന പാക്കിസ്ഥാൻ ഷഹീൻസും ഇംഗ്ലണ്ട് ലയൺസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം റദ്ദാക്കി.

ഇന്നു നടക്കേണ്ടിയിരുന്ന മത്സരം റദ്ദാക്കിയതായും മുൻകരുതൽ നടപടിയെന്ന നിലയിൽ എല്ലാ താരങ്ങളോടും ടീം സ്റ്റാഫുകളോടും ഹോട്ടലിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശിച്ചതായും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. അബുദാബിയിൽ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) നിർദ്ദേശപ്രകാരമാണ് തീരുമാനം.

‘‘പരിശീലന സെഷനുകൾ ഉണ്ടായിരിക്കില്ല, ടീമിനോട് ഹോട്ടലിനുള്ളിൽ തന്നെ തുടരാൻ നിർദേശിച്ചിട്ടുണ്ട്. കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. ഇസിബിയുമായി പിസിബി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.’’– പിസിബി ഉദ്യോഗസ്ഥൻ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ വീണ്ടും തുറന്നാൽ, സുരക്ഷാ സാഹചര്യം അനുസരിച്ച് ഷഹീൻസ് ടീമിനെ പാക്കിസ്ഥാനിലേക്ക് തിരികെ കൊണ്ടുവരണമോ അതോ ബാക്കിയുള്ള മത്സരങ്ങളുമായി മുന്നോട്ട് പോകണമോ എന്ന കാര്യത്തിൽ ബോർഡ് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

The sports satellite is reeling from attacks successful Iran involving the US and Israel, resulting successful a tragic rocket onslaught successful Lamerd that killed 20 women volleyball players during training. This escalation has led to the cancellation of planetary cricket matches successful Abu Dhabi owed to the volatile information concern successful the region.

Read Entire Article