‘അവർ ‘ചേട്ടാ’ എന്ന് വിളിക്കുന്നുണ്ട്, പക്ഷേ എനിക്കിഷ്ടം...’: ആരാധകരുടെ ആർപ്പുവിളിക്കിടെ തുറന്നുപറഞ്ഞ് സഞ്ജു

3 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: May 06, 2026 11:33 AM IST Updated: May 06, 2026 11:49 AM IST

2 minute Read

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുന്ന സഞ്ജു സാംസൺ (X/@IPL)
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുന്ന സഞ്ജു സാംസൺ (X/@IPL)

ചെന്നൈ ∙ മലയാളി താരം സഞ്ജു സാംസന്റെ ഓമനപ്പേരായി ‘ചേട്ടാ’ എന്ന വിളി ഏറെക്കുറെ ഉറച്ചുകഴിഞ്ഞു. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് സഹതാരമായിരുന്ന യുസ്‌വേന്ദ്ര ചെഹലിന്റെ റീലുകളിലൂടെയാണ് ‘ചേട്ടാ’ വിളി പ്രചാരത്തിലായത്. മലയാളികൾ പൊതുവെ വിളിക്കാറുള്ള ‘ചേട്ടൻ’ എന്നതു തന്നെയാണ് ‘ചേട്ടാ’ ആയത്. പിന്നീട് ചെന്നൈ സൂപ്പർ കിങ്സിലെത്തിയതോടെയും ട്വന്റി20 ലോകകപ്പിൽ ഹീറോ ആയതോടെയും ആരാധകരുടെ മുഴുവൻ ‘ചേട്ടാ’ ആയി സഞ്ജു മാറി. ഇന്നലെ ചെപ്പോക്കില്‍ കൂടിയ ആരാധകരും സഞ്ജുവിന്‍റെ ഷോട്ടുകളെ ചേട്ടാ വിളികളോടെ തന്നെയാണ് എതിരേറ്റത് . ഇതിനെക്കുറിച്ച് മത്സരശേഷം സഞ്ജുവും പ്രതികരിച്ചു.

‘ആളുകൾ നിങ്ങളെ ‘ചേട്ടാ’ എന്ന് വിളിക്കുന്നു, നിങ്ങൾക്കത് ഇഷ്ടമാണോ?’ എന്നായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരച്ചടങ്ങിൽ അവതാരകനായ ഹർഷ ഭോഗ്‌ലെയുടെ ചോദ്യം. ‘‘അതെ, അവർ എന്നെ ചേട്ടാ എന്ന് വിളിക്കുന്നുണ്ട്, പക്ഷേ എനിക്ക് ‘സഞ്ജു’ എന്ന് വിളിക്കുന്നതാണ് കൂടുതൽ ഇഷ്ടം’’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ക്രീസിൽ എപ്പോഴും ശാന്തനായി കാണുന്നതിന്റെ രഹസ്യത്തെക്കുറിച്ചും സഞ്ജുവിനോട് ഹർഷ ഭോഗ്‌ലെ ചോദിച്ചു. ‘‘ സത്യം പറഞ്ഞാൽ, ഞാൻ എപ്പോഴും ഇങ്ങനെ തന്നെയാണ്. ഏറ്റവും വലിയ മാറ്റം എന്താണെന്നുവച്ചാൽ, ഇപ്പോൾ നിങ്ങൾ എന്നെ കൂടുതൽ സമയം ക്രീസിൽ കാണുന്നുണ്ട്, അതുകൊണ്ടാണ് ഞാൻ വളരെ ശാന്തനാണെന്ന് ആളുകൾ പറയുന്നത്. ഞാൻ പുറത്ത് ഇരിക്കുമ്പോഴും യഥാർഥത്തിൽ വളരെ ശാന്തനാണ്. ബാറ്റ് ചെയ്യുമ്പോൾ അല്പം കൂടുതൽ കാര്യങ്ങൾ സംഭവിക്കുന്നുണ്ട്, അപ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നു, ‘അതെ, ഇവൻ കുറച്ച് അധികം ശാന്തനാണല്ലോ’ എന്ന് ആളുകൾ കരുതുന്നു.’’– സഞ്ജു പറഞ്ഞു.

Question - The assemblage are calling you Chetta, bash you similar that?

Sanju Samson - "Yeah, they are calling maine Chetta, but I similar Sanju more". 🥹 pic.twitter.com/kq7CohHd9l

— Tanuj (@ImTanujSingh) May 5, 2026

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അർധസെഞ്ചറി നേടിയ സഞ്ജു സാംസന്റെ (52 പന്തിൽ 87 നോട്ടൗട്ട്) ബലത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് 8 വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി യുവതാരം സമീർ റിസ്‌വിയുടെ (24 പന്തിൽ 40*) ബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ സഞ്ജുവിന്റെ കരുത്തിൽ തിരിച്ചടിച്ച ചെന്നൈ, 17.3 ഓവറിൽ ലക്ഷ്യത്തിലെത്തി. സ്കോർ: ഡൽഹി 20 ഓവറിൽ 7ന് 155. ചെന്നൈ 17.3 ഓവറിൽ 2ന് 159.

‌മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനെയും (13 പന്തിൽ 6) പിന്നാലെ യുവതാരം ഉർവിൽ പട്ടേലിനെയും (9 പന്തിൽ 17) നഷ്ടമായ ചെന്നൈ ഒരു ഘട്ടത്തിൽ 2ന് 45 എന്ന നിലയിലായിരുന്നു. അപ്പോഴും ഒരറ്റത്ത് ക്ഷമയോടെ നിലയുറപ്പിച്ച സഞ്ജുവിലായിരുന്നു ചെന്നൈ ആരാധകരുടെ പ്രതീക്ഷ മുഴുവൻ. കൂറ്റൻ അടികൾക്കു പോകാതെ കരുതലോടെയാണ് സഞ്ജു തുടങ്ങിയത്.

മോശം പന്തുകൾ തിരഞ്ഞുപിടിച്ച് ആക്രമിച്ച് റൺനിരക്ക് കുറയാതെ നോക്കി. സ്പിന്നർമാരായ അക്ഷർ പട്ടേലിനെയും കുൽദീപ് യാദവിനെയും കടന്നാക്രമിച്ച് സ്കോർ ഉയർത്തി. നാലാമനായി എത്തിയ കാർത്തിക് ശർമ (31 പന്തിൽ 41 നോട്ടൗട്ട്) റൺ കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ സ്കോർ ബോർഡിന്റെ നിയന്ത്രണം മുഴുവനായി സഞ്ജു ഏറ്റെടുത്തു. പിന്നാലെ കാർത്തികും താളം കണ്ടെത്തിയതോടെ ചെന്നൈക്ക് കാര്യങ്ങൾ എളുപ്പമായി. 52 പന്തിൽ 6 സിക്സും 7 ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. 3–ാം വിക്കറ്റിൽ 66 പന്തിൽ 114 റൺസാണ് ഇരുവരും ചേർന്നു നേടിയത്.

English Summary:

Sanju Samson's nickname 'Cheta' has go wide popular, initially gaining traction done Yuzvendra Chahal's societal media reels and present embraced by fans crossed platforms. Despite the affection for 'Cheta,' Sanju expresses a penchant for being called 'Sanju,' highlighting his humble quality and absorption connected the game.

Read Entire Article