Published: February 10, 2026 08:07 AM IST
2 minute Read
കറാച്ചി ∙ അനിശ്ചിതത്വത്തിനൊടുവിൽ വീണ്ടുമൊരു ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിന് കളമൊരുങ്ങി. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്നു പാക്കിസ്ഥാൻ പിൻമാറിയതോടെ, 15ന് കൊളംബോയിൽ നിശ്ചയിച്ചിരുന്ന മത്സരം നടക്കും. ബഹിഷ്കരണ തീരുമാനത്തിൽനിന്നു പിന്മാറുന്നതായി പാക്കിസ്ഥാൻ സർക്കാർ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. ‘‘ബഹുകക്ഷി ചർച്ചകളിലെ തീരുമാനങ്ങളും സൗഹൃദ രാജ്യങ്ങളുടെ അഭ്യർഥനയും കണക്കിലെടുത്ത്, ട്വന്റി20 ലോകകപ്പിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മത്സരത്തിനായി 2026 ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനോട് കളത്തിലിറങ്ങാൻ പാക്കിസ്ഥാൻ സർക്കാർ ഇതിനാൽ നിർദേശിക്കുന്നു.’’– വാർത്താക്കുറിപ്പിൽ പറഞ്ഞു.
ബഹിഷ്കരണ തീരുമാനത്തിൽനിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് മേധാവി അമിനുൽ ഇസ്‌ലാം പിസിബക്കു കത്ത് നൽകിയിരുന്നു. ലോകകപ്പിന്റെ സഹആതിഥേയരായ ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ഇതേ ആവശ്യം ഉന്നയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ഫോണിൽ വിളിച്ചു. നിലവിലെ പ്രതിസന്ധി രമ്യമായി പരിഹരിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ്, പാക്ക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ സർക്കാർ ഔദ്യോഗിക വാർത്താക്കുറിപ്പ് ഇറക്കിയത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും പാക്ക് സർക്കാരിൽ മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി ഇതിനു മുന്നോടിയായി ഷെരീഫുമായി ചർച്ച നടത്തിയിരുന്നു. വിഷയത്തിൽ 24 മണിക്കൂറിനുള്ള തീരുമാനമെടുക്കുമെന്നാണ് തിങ്കളാഴ്ച വൈകിട്ടു നടത്തിയ വാർത്താസമ്മേളനത്തിൽ നഖ്‌വി അറിയിച്ചിരുന്നത്.
ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്, ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് പാക്ക് സർക്കാർ നിലപാടെടുത്തത്. സർക്കാരിന്റെ നയതന്ത്ര തീരുമാനത്തിൽ ഇടപെടില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) അറിയിച്ചതോടെ മത്സരം നടക്കില്ലെന്ന സ്ഥിതിയായി. എന്നാൽ ട്വന്റി20 ലോകകപ്പിലെ ‘താരപ്പോരാട്ടമായ’ ഇന്ത്യ– പാക്ക് മത്സരം നടന്നില്ലെങ്കിൽ അതുമൂലം കോടികളുടെ സാമ്പത്തിക നഷ്ടം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) ഉണ്ടാകും. ടിക്കറ്റ് വരുമാനത്തിനു പുറമേ, സ്പോൺസർഷിപ്, സംപ്രേഷണാവകാശം തുടങ്ങി വൻതുക ഐസിസിക്ക് നഷ്ടമാകും. ഇതോടെ പ്രശ്നം പരിഹരിക്കാൻ ഐസിസി നേരിട്ടിറങ്ങി. കഴിഞ്ഞ 2 ദിവസമായി ഐസിസി നിയോഗിച്ച മധ്യസ്ഥൻ ഇമ്രാൻ ഖവാജ പിസിബി, ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അധികൃതരുമായി ചർച്ചനടത്തിവരികയായിരുന്നു. ഐസിസി ഡപ്യൂട്ടി ചെയർമാനും സിംഗപ്പൂർ പ്രതിനിധിയുമായ ഖവാജ, ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൽ ഇസ്‌ലാം എന്നിവരുടെ നിർബന്ധപ്രകാരം പിസിബി ചെയർമാൻ നഖ്‌വി ഒത്തുതീർപ്പിനു തയാറാകുകയായിരുന്നു എന്നാണ് വിവരം.
അതേസമയം, ഐസിസിയിൽ നിന്നുള്ള ധനസഹായം വർധിപ്പിക്കുക, ഇന്ത്യ– പാക്ക് ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കുക, ഐസിസി ടൂർണമെന്റുകളിൽ പാക്കിസ്ഥാനോട് ഇന്ത്യ സ്വീകരിക്കുന്ന ‘നോ ഹാൻഡ്ഷെയ്ക്’ പോളിസി അവസാനിപ്പിക്കുക തുടങ്ങി പിസിബി മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം ഐസിസി തള്ളി. പകരം, ലോകകപ്പിൽ നിന്നു വിട്ടുനിൽക്കുന്ന ബംഗ്ലദേശിനെതിരെ അച്ചടക്കനടപടി ഉണ്ടാകില്ലെന്ന് ഐസിസി ഉറപ്പു നൽകി. തിങ്കളാഴ്ച രാത്രി ഇതു സംബന്ധിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.
‘‘നിലവിലെ വിഷയത്തിൽ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന് സാമ്പത്തികമോ, കായികമോ, ഭരണപരമോ ആയ യാതൊരു പിഴയും ചുമത്തില്ലെന്ന് ധാരണയായിട്ടുണ്ട്. തർക്ക പരിഹാര സമിതിയെ (ഡിആർസി) സമീപിക്കാൻ ബിസിബി തീരുമാനിച്ചാൽ എതിർക്കില്ല. നിലവിലെ ഐസിസി ചട്ടങ്ങൾ പ്രകാരം ഈ അവകാശം നിലവിലുണ്ട്, അത് ഇപ്പോഴും നിലനിൽക്കുന്നു.’’– ഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടാതെ, 2028നും 2031നും ഇടയിൽ ഒരു ഐസിസി ടൂർണമെന്റ് ബംഗ്ലദേശിൽ നടത്തുമെന്നും ഉറപ്പു നൽകി. 2031 ഏകദിന ലോകകപ്പ് ഇന്ത്യയിലും ബംഗ്ലദേശിലുമായിട്ടാണ് നടക്കുന്നത്. ഇതിനു മുന്നോടിയായിട്ടാണ് ബംഗ്ലദേശിൽ അധികമായി ഒരു ഐസിസി ടൂർണമെന്റ് കൂടി നടത്തുന്നത്. ഐസിസിയുടെ ഈ തീരുമാനങ്ങളെല്ലാം പാക്കിസ്ഥാൻ അംഗീകരിച്ചതോടെയാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കുമെന്ന് ഉറപ്പായത്.
English Summary:







English (US) ·