Published: February 10, 2026 11:35 AM IST
1 minute Read
ധാക്കുവാഖാനയിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരത്തിനിടെ കാണികൾ നിറഞ്ഞ ഗാലറിയിൽ ഒരു ബാനർ ഉയർന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു – ‘ വീ വാണ്ട് ഫുട്ബോൾ ഡവലപ്മെന്റ്’. മുളകൊണ്ട് കെട്ടിയുയർത്തിയ ഗാലറിയിൽ വെയിൽ എത്തിയപ്പോൾ അവരത് തലയ്ക്കു മുകളിൽ കുടയാക്കി പിടിച്ച് കളികണ്ടു. പ്രതിഷേധം വെയിലിൽ കരിഞ്ഞു!നിലവാരമില്ലാത്ത മൈതാനങ്ങൾ മുതൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും നടത്തിപ്പിലെ പാളിച്ചകളും വരെ സംഭവബഹുലമായിരുന്നു, അസം ആതിഥ്യം വഹിച്ച 79–ാം സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ്!
ഗ്രൗണ്ടിനു ചെരിവ്
മൈതാനത്തിന്റെ ഇടതുഭാഗത്ത് പോസ്റ്റിനു മുന്നിൽ അൽപം ചെരിവുണ്ട്. അവിടെ കുത്തുന്ന പന്ത് ഇടത്തേക്കോ വലത്തേക്കോ ദിശമാറാം. ഇത്തവണ സന്തോഷ് ട്രോഫി കളിച്ച താരങ്ങൾ മത്സരങ്ങൾക്കിടെ ചിന്തിച്ചത് ഇങ്ങനയാവാം! ഗോൾ ലക്ഷ്യമാക്കി മുന്നേറുന്ന താരത്തിനു മൈതാനത്തെക്കുറിച്ച്കൂടി ചിന്തിച്ചു കളിക്കേണ്ട അവസ്ഥ. ഇതായിരുന്നു ടൂർണമെന്റിൽ എല്ലാ ടീമുകളും നേരിട്ട പ്രധാന വെല്ലുവിളി. കൃത്യമായി പരിപാലിക്കാത്ത മൈതാനങ്ങൾ ടൂർണമെന്റിനായി താൽക്കാലികമായി ഒരുക്കിയെടുക്കുകയായിരുന്നു. മുള കൊണ്ടാണു ഗാലറികൾ കെട്ടിയൊരുക്കിയത്. ഗ്രാമീണമേഖലയുടെ കായിക വളർച്ചയാണ് ലക്ഷ്യമിട്ടതെന്നു സംഘാടകർ പറയുമ്പോഴും അതിനായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾക്കു നിലവാരം വളരെ കുറവായിരുന്നു.
സംഘാടനത്തിൽ ആശങ്ക
ടീമുകൾക്കു താമസസൗകര്യം ഒരുക്കിയ ദിബ്രുഗഡ് നഗരത്തിൽനിന്നു 50 കിലോമീറ്ററിലധികം അകലെയുള്ള സിലാപത്തർ, ധാക്കുവാഖാന എന്നീ ഗ്രാമങ്ങളിലാണ് മത്സരങ്ങൾ നടന്നത്. 2 സ്റ്റേഡിയങ്ങൾ തമ്മിലുള്ള അകലമാകട്ടെ 66 കിലോമീറ്ററും! മത്സരശേഷമുള്ള നീണ്ട യാത്ര താരങ്ങളെ മടുപ്പിച്ചു.
പൊതുഅവധി ദിവസമായ റിപ്പബ്ലിക് ദിനത്തിൽ നിശ്ചയിച്ച മത്സരം, ആവശ്യത്തിനു പൊലീസുകാരില്ലാത്തതിന്റെ പേരിൽ അവസാന നിമിഷം മാറ്റേണ്ടി വന്നതും മിസിങ് യൂത്ത് ഫെസ്റ്റിവലിനെത്തുടർന്ന് 24 മണിക്കൂറിലധികം നീണ്ട ഗതാഗതക്കുരുക്ക് കാരണം മത്സരം മാറ്റിയതും വലിയ വിമർശനങ്ങൾക്കു വഴിവച്ചു.മത്സരംകഴിഞ്ഞു ഹോട്ടലിലേക്കു മടങ്ങിയ ബംഗാൾ ടീം ഗതാഗതക്കുരുക്ക് കാരണം ഒരുരാത്രി മുഴുവൻ ബസിൽ ചെലവഴിക്കേണ്ടി വന്നു. കേരള ടീമിന് 2 തവണ ഹോട്ടൽ മാറേണ്ടിവന്നതും സംഘാടനത്തിലെ പിഴവാണ്.
English Summary:







English (US) ·