അഹമ്മദാബാദിലെ ഹോട്ടലിന് ഭാഗ്യമില്ല! ഫൈനലിന് തൊട്ടുമുൻപ് താമസസ്ഥലം മാറ്റി ഇന്ത്യൻ ക്രിക്കറ്റ് ടീം

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: March 07, 2026 02:46 PM IST

1 minute Read

ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിന് മുൻപ് ഇന്ത്യൻ താരങ്ങൾ. (PTI Photo/R Senthilkumar)
ഇന്ത്യൻ താരങ്ങൾ. Photo: PTI/SentilKumar

അഹമ്മദാബാദ്∙ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെ നേരിടുന്നതിനായി ഗുജറാത്തിലെ അഹമ്മദാബാദിലെത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഞായറാഴ്ച രാത്രി ഏഴു മണിക്കാണ് ഇന്ത്യ ന്യൂസീലൻഡ് പോരാട്ടം. ജയിച്ചാൽ ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇന്ത്യയുടെ പേരിലാകും. ശനിയാഴ്ച ഇന്ത്യൻ താരങ്ങൾ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങുന്നുണ്ട്. അതേസമയം ഗുജറാത്തിൽ ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടൽ അവസാന നിമിഷം മാറ്റിയെന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്.

2023 ലോകകപ്പ് ഫൈനലിലും ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയോടും തോറ്റ സമയത്ത് ടീം താമസിച്ച ഹോട്ടൽ അവസാന നിമിഷം മാറ്റിയെന്നാണു വിവരം. ഫൈനലിനു മുൻപ് മറ്റൊരു ആഢംബര ഹോട്ടലിലാണ് ഇന്ത്യന്‍ താരങ്ങൾ താമസിക്കുന്നത്. ഹോട്ടലിന് ഒട്ടും ഭാഗ്യമില്ലെന്ന ചർച്ച ടീം ക്യാംപിൽ സജീവമാണെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

നേരത്തേ ചന്ദ്രഗ്രഹണ സമയത്തെ ക്രിക്കറ്റ് പരിശീലനം ഇന്ത്യൻ താരങ്ങൾ ഒഴിവാക്കിയിരുന്നു. ഒന്നര മണിക്കൂറോളം വൈകിയാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ താരങ്ങൾ പരിശീലനത്തിന് ഇറങ്ങിയത്. ലോകകപ്പ് ഫൈനലിനെത്തുന്ന ആരാധകർക്കു വേണ്ടി മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്ക് ഇന്ത്യൻ റെയിൽവേ സ്പെഷൽ ട്രെയിൻ ഓടിക്കുന്നുണ്ട്.

ലോകകപ്പ് കലാശപ്പോരിനു മുൻപ് മോദി സ്റ്റേഡിയത്തിൽ വലിയ ആഘോഷപരിപാടികളും അരങ്ങേറും. ഗ്രാമി പുരസ്കാര ജേതാവ് പ്യുർട്ടോറിക്കൻ ഗായകൻ റിക്കി മാർട്ടിൻ, ‘ദാണ്ഡിയ റാണി’ ഫൽഗുനി പതക്, ബോളിവുഡ് ഗായകൻ സുഖ്‍വിന്ദർ സിങ് എന്നിവരാണ് മോദി സ്റ്റേഡിത്തിൽ സംഗീത, നൃത്ത വിരുന്നൊരുക്കുന്നത്. പരമാവധി ഒരു ലക്ഷം പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയം ഫൈനലിൽ തിങ്ങിനിറയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം നേരത്തേ വിറ്റുപോയിരുന്നു.

English Summary:

India Change Hotels Ahead Of T20 World Cup Final Against New Zealand

Read Entire Article