‘അർജന്റീന ചെയ്തതിൽ തെറ്റില്ല, അമേരിക്കൻ മണ്ണിൽ അവർക്ക് അതിന് അവകാശമുണ്ട്’: പിന്തുണച്ച് വൈറ്റ് ഹൗസ്

3 days ago 1

ഓൺലൈൻ ഡെസ്‌ക്

Published: July 18, 2026 02:46 PM IST

2 minute Read

ബാനറുമായി ജിയോവാനി ലോ സെൽസോ (Photo by Thomas COEX / AFP)
ബാനറുമായി ജിയോവാനി ലോ സെൽസോ (Photo by Thomas COEX / AFP)

വാഷിങ്ടൻ∙ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ, ഫോക്‌ലൻഡ് ദ്വീപുകളുടെ പരമാധികാരം സംബന്ധിച്ച് അർജന്റീന ഫുട്ബോൾ ടീം ഉയർത്തിയ വിവാദ ബാനറിനെ പിന്തുണച്ച് വൈറ്റ് ഹൗസ് രംഗത്ത്. കളിക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പ്രതിരോധിച്ച യുഎസ് അധികൃതർ, അമേരിക്കൻ മണ്ണിൽ ഇത്തരം പ്രസ്താവനകൾ നടത്താൻ ടീമിന് അവകാശമുണ്ടെന്ന് വ്യക്തമാക്കി.

What you should work next

സെമിഫൈനൽ മത്സരത്തിന് ശേഷം അർജന്റീന താരങ്ങൾ ഒന്നടങ്കം ‘ലാസ് മാൽവിനാസ് സൺ അർജന്റീനാസ്’ (ഫോക്‌ലൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്ന് എഴുതിയ വലിയ ബാനർ മൈതാനത്ത് പ്രദർശിപ്പിച്ചിരുന്നു. കായികരംഗത്തെ രാഷ്ട്രീയ ഇടപെടലുകൾ വിലക്കുന്ന ഫിഫയുടെ ചട്ടങ്ങളുടെ ലംഘനമാണിതെന്ന വിലയിരുത്തലിൽ അർജന്റീന ടീമിനെതിരെ അച്ചടക്ക നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.

എന്നാൽ, വെള്ളിയാഴ്ച മാധ്യമപ്രവർത്തകരെ കണ്ട വൈറ്റ് ഹൗസ് ഫിഫ ടാസ്‌ക് ഫോഴ്‌സ് മേധാവി ആൻഡ്രൂ ജൂലിയാനി അർജന്റീന ടീമിന്റെ നടപടിയെ ന്യായീകരിച്ചു. അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന ‘ഫസ്റ്റ് അമൻഡ്മെന്റ്’ പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ പരാമർശിച്ച അദ്ദേഹം, ഇത്തരം പ്രസ്താവനകൾ നടത്താനുള്ള അവസരവും കഴിവും ടീമിനുണ്ടെന്ന് പറഞ്ഞു. യുഎസിന്റെ ഈ നിലപാട് ബ്രിട്ടനും അർജന്റീനയും തമ്മിലുള്ള നയതന്ത്ര തർക്കം കൂടുതൽ വഷളാക്കിയേക്കും.

അതേസമയം, സംഭവത്തിൽ ഫിഫ അന്വേഷണം നടത്തണമെന്ന ആവശ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് (ഡൗണിങ് സ്ട്രീറ്റ്) ശക്തമായി പിന്തുണച്ചു. ‘‘ലോകകപ്പ് ഒരുപക്ഷേ നമ്മുടേതായിരിക്കില്ല, പക്ഷേ ഫോക്‌ലൻഡ് ദ്വീപുകൾ തീർച്ചയായും നമ്മുടേതാണ്. ഫോക്‌ലൻഡിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ ഒരിക്കലും മാറ്റമുണ്ടാകില്ല.’’– ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. അർജന്റീന കളിക്കാർക്കെതിരായ നടപടി ഫിഫയുടെ തീരുമാനത്തിന് വിടുന്നതായും, എങ്കിലും ബിസിനസ്സ് സെക്രട്ടറി പീറ്റർ കൈലിന്റെ ആവശ്യപ്രകാരം ഫിഫ ഇക്കാര്യം അന്വേഷിക്കണമെന്നും നമ്പർ 10 (ഡൗണിങ് സ്ട്രീറ്റ്) കൂട്ടിച്ചേർത്തു.

വിവാദത്തോട് പ്രതികരിച്ച ഫോക്‌ലൻഡ് ദ്വീപ് ഭരണകൂടം, കളിക്കാരുടെ പെരുമാറ്റത്തിൽ നിരാശ പ്രകടിപ്പിച്ചു. കായികരംഗത്തേക്ക് രാഷ്ട്രീയം വലിച്ചിഴക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, സ്വന്തം ചട്ടങ്ങൾക്കനുസൃതമായി ഫിഫ ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള ഓരോ സംഭാഷണങ്ങളിലും തങ്ങളെ ഒരു രാഷ്ട്രീയ ഫുട്ബോളായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതിനിടെ, അർജന്റീന വൈസ് പ്രസിഡന്റ് വിക്ടോറിയ വില്ലാറുവൽ, അർജന്റീന സൈനികരുടെ വിഡിയോയ്‌ക്കൊപ്പം എക്സിൽ കുറിച്ച വാക്കുകളും ശ്രദ്ധേയമായി. ‘‘ഇതു വെറുമൊരു മത്സരമായിരുന്നില്ല. ഫോക്‌ലൻഡ് അർജന്റീനയുടേതാണ്. അവർ സ്റ്റേഡിയത്തിലേക്ക് അത് കൊണ്ടുവരുന്നത് നിരോധിച്ചു, പക്ഷേ അത് ഞങ്ങളുടെ ചോരയിലും ഹൃദയത്തിലും ഉണ്ടെന്ന കാര്യം അവർ മറന്നു.’’– വില്ലാറുവൽ കുറിച്ചു. പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെ 3-2 ന് തോൽപ്പിച്ച ശേഷവും അർജന്റീന താരങ്ങൾ ഫോക്‌ലൻഡിനെ പരാമർശിച്ചും മാറഡോണ, മെസ്സി എന്നിവരെ പുകഴ്ത്തിയും പാട്ടുകൾ പാടിയിരുന്നു.

തെക്ക്-പടിഞ്ഞാറൻ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ബ്രിട്ടിഷ് ഓവർസീസ് ടെറിട്ടറിയായ ഫോക്‌ലൻഡ് ദ്വീപിനെച്ചൊല്ലി 1982ൽ ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത യുദ്ധം നടന്നിട്ടുണ്ട്. അന്ന് അർജന്റീന സൈന്യത്തെ ബ്രിട്ടിഷ് ടാസ്‌ക് ഫോഴ്‌സ് തുരത്തുകയായിരുന്നു. 74 ദിവസം നീണ്ടുനിന്ന ആ രക്തരൂഷിതമായ പോരാട്ടത്തിൽ 255 ബ്രിട്ടിഷ് സൈനികരും മൂന്ന് ദ്വീപുവാസികളും 649 അർജന്റീന സൈനികരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് 2013ൽ നടന്ന റഫറണ്ടത്തിൽ 90 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തുകയും, വോട്ട് ചെയ്ത 1,517 പേരിൽ 1,513 പേരും യുകെ ഭരണത്തിൻ കീഴിൽ തുടരാൻ അനുകൂലമായി വോട്ട് ചെയ്യുകയുമാണുണ്ടായത്. മൂന്ന് വോട്ടുകൾ മാത്രമാണ് എതിരായി പോൾ ചെയ്തത്. വരും ദിവസങ്ങളിൽ ഫിഫ കൈക്കൊള്ളുന്ന നിലപാടായിരിക്കും ഈ തർക്കത്തിൽ ഇനി നിർണായകമാവുക.

English Summary:

The White House has defended the Argentina shot team's banner regarding the sovereignty of the Falkland Islands aft their World Cup semi-final triumph against England. US officials emphasized the players' state of expression, stating that the squad has the close to marque specified statements connected American soil.

Read Entire Article