അർജന്റീന പ്രിയപ്പെട്ട ടീം, ആരെ കണ്ടാലും മെസ്സിയെന്നു തോന്നും: ക്രിസ്റ്റ്യാനോയെ തെറ്റിയതല്ലെന്ന് ലോകകപ്പ് ആരാധകൻ

1 month ago 6

മനോരമ ലേഖകൻ

Published: June 09, 2026 11:15 AM IST

1 minute Read

ഇബ്രാഹിം, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട്
ഇബ്രാഹിം, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട്

കോഴിക്കോട്∙ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു കട്ടൗട്ട് കോഴിക്കോട് ഓമശേരി അമ്പലക്കണ്ടി വയലിൽ ഉയർന്നതിനു പിന്നാലെ സ്ഥലവാസിയായ ഇബ്രാഹിമിന്റെ ഒരു ഡയലോഗും സമൂഹമാധ്യമങ്ങളിൽ വൈറലായി. റൊണാൾഡോയുടെ കട്ടൗട്ട് കണ്ട് അത് മെസ്സിയാണെന്നു ഇബ്രാഹിം പറയുന്ന റീലാണ് വൈറലായത്. എന്നാൽ അർജന്റീന ഫാനായ തനിക്ക് ഇപ്പോൾ ആരെക്കണ്ടാലും ഏതു കട്ടൗട്ട് കണ്ടാലും മെസ്സിയാണെന്നു തോന്നുന്നതിനു എന്തു ചെയ്യാൻ എന്ന് ഇബ്രാഹിം തമാശ രൂപേണ മനോരമ ഓൺലൈനോട് പറഞ്ഞു. 

തന്റെ ‘തമാശ ഡയലോഗ്’ കൊണ്ട് നാടിന്റെ ഫുട്ബോൾ പ്രേമം കൂടുതൽ പേർ അറിഞ്ഞതിലാണ് ഏറെ സന്തോഷമെന്നും ഇബ്രാഹിം വിശദീകരിക്കുന്നു. വിഡിയോ വൈറലായതോടെ ഇബ്രാഹിമിനെ തേടി ഫോൺവിളികളുടെ പ്രവാഹമാണ്. ‘ഫുട്ബോളുമായി നടക്കുന്ന എനിക്കറിയില്ലേ അത് റൊണാൾഡോ ആണെന്ന്. ഇതു റീലിടാൻ വേണ്ടി അഭിനയിച്ചതാണ്’ – ഇബ്രാഹിം ചിരിയോടെ പറയുന്നു.

ഒട്ടേറെ വർഷങ്ങളായി കായികമേഖലയിൽ സജീവമായ ഇബ്രാഹിം അമ്പലക്കണ്ടി റിവഞ്ചേഴ്സ് ക്ലബ്ബിന്റെ പ്രസിഡന്റാണ്. കടുത്ത അർജന്റീന ആരാധകനും. വോളിബോളും സെവൻസും അടക്കം ഒട്ടേറെ മത്സരങ്ങളുടെ നടത്തിപ്പുകാരനുമാണ്.ഓമശ്ശേരി അമ്പലക്കണ്ടി വയലിലാണ് അമ്പലക്കണ്ടി പോർച്ചുഗൽ ഫാൻസ് ഇഷ്ടതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. റോഡിൽനിന്നു നോക്കിയാൽ തലയെടുപ്പോടെ കാണാം. ഇബ്രാഹിമിന്റെ ബന്ധുവിന്റേതാണ് വയൽ.

അമ്പലക്കണ്ടിയിൽ വാടകസ്റ്റോർ ഉടമയായ ഇബ്രാഹിം സ്കൂൾ വാഹന ഡ്രൈവറുമാണ്. റൊണാൾഡോയുടെ കട്ടൗട്ട് വയ്ക്കുന്നതിനുള്ള എല്ലാ സജ്ജീകരണവും നടത്തിയത് ഇബ്രാഹിമും കൂട്ടുകാരും ചേർന്നാണ്. അപ്പോൾ തലയിലുദിച്ച തമാശയാണ് പിന്നീട് റീലായി മാറിയത്. ഇതേ വയലിൽ ബ്രസീലിന്റെ സൂപ്പർതാരം നെയ്മാറിന്റെയും കട്ടൗട്ട് ഉയർത്തി. അർജന്റീന താരം മെസ്സിയുടെ കട്ടൗട്ടും രണ്ടുദിവസത്തിനകം ഉയരുമെന്നും ഇബ്രാഹിം പറഞ്ഞു.

English Summary:

Cristiano Ronaldo Cutout successful Kozhikode Goes Viral with Funny Messi Mix-up

Read Entire Article