Published: August 08, 2026 07:09 PM IST Updated: August 08, 2026 07:27 PM IST
1 minute Read
ബ്യൂനസ് ഐറിസ്∙ അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു. 68 വയസ്സുകാരനായ ഹോർഹെ മെസ്സി അസുഖങ്ങളെത്തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. മെസ്സിയുടെ കരിയറിലെ വളർച്ചയുടെ ഓരോ ഘട്ടത്തിലും പിതാവിന്റെ വലിയ പിന്തുണയുണ്ടായിരുന്നു. ജൂണിൽ ഫിഫ ലോകകപ്പിലെ അൾജീരിയയ്ക്കെതിരായ മത്സരത്തിൽ മെസ്സി ഗോളടിച്ചതിനു ശേഷം ‘‘ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെയാണ്’’ കടന്നു പോകുന്നതെന്നു ലയണൽ മെസ്സി പ്രതികരിച്ചിരുന്നു.
തുടർന്ന് ഹോർഹെ മെസ്സിയുടെ ആരോഗ്യ നില സംബന്ധിച്ച് മെസ്സി കുടുംബം പ്രസ്താവന പുറത്തിറക്കിയിരുന്നു. ഹോർഹെ മെസ്സിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നായിരുന്നു കുടുംബം അന്നു പ്രതികരിച്ചത്. ലോകകപ്പിനു ശേഷം പിതാവിനെ കാണാൻ പോകുന്നതിനു വേണ്ടി യുഎസിലെ മേജർ ലീഗ് സോക്കർ മത്സരങ്ങളിൽനിന്ന് മെസ്സി വിട്ടുനിന്നു. ഹോർഹെ മെസ്സിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി അർജന്റീനയിലെ റൊസാരിയോയിൽ വച്ചാണ് ഹോർഹെ മെസ്സിയുടെ മരണം സംഭവിച്ചതെന്നാണു വിവരം.
അർജന്റീനയിലെ സ്റ്റീൽ വ്യവസായ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഹോര്‍ഹെ മെസ്സിയായിരുന്നു, തുടക്കകാലത്ത് പ്രാദേശിക ക്ലബ്ബിൽ ലയണൽ മെസ്സിയെ കളി പഠിപ്പിച്ചത്. കുട്ടിക്കാലത്ത് ലയണൽ മെസ്സിയിൽ വളര്‍ച്ചാ പ്രശ്നങ്ങൾ കണ്ടതോടെ, ഹോർഹെ മെസ്സിയുടെ നേതൃത്വത്തിലാണ് ലയണൽ മെസ്സിയെ സ്പെയിനിലേക്ക് പരിശീലനത്തിനായി കൊണ്ടുപോയത്. ബാർസിലോനയിലെ മെച്ചപ്പെട്ട പരിശീലന സൗകര്യവും ചികിത്സയും ലയണൽ മെസ്സിക്ക് ലഭിച്ചത് അങ്ങനെയാണ്.
2000ൽ 13–ാം വയസ്സിലാണ് ലയണൽ മെസ്സി ബാർസിലോനയുടെ ഭാഗമാകുന്നത്. തുടർന്ന് താരത്തിന്റെ ചികിത്സയുടെ ചെലവുകളും ക്ലബ്ബ് ഏറ്റെടുത്തു. സ്പെയിനിലെ ജീവിതവുമായി ലയണൽ മെസ്സി പൊരുത്തപ്പെടുന്നതുവരെ ഹോർഹെ മെസ്സിയും സ്പെയിനിൽ തുടർന്നു. ലയണൽ മെസ്സിയുടെ കരിയർ വളർച്ചയിൽ ഏജന്റായും ഹോർഹെ മെസ്സി പ്രവർത്തിച്ചു. ബാർസിലോന വിട്ട മെസ്സി പിഎസ്ജിയിലേക്കും പിന്നീട് ഇന്റർ മയാമിയിലേക്കും മാറിയപ്പോഴും ക്ലബ്ബുമായി ഹോർഹെ മെസ്സിയും ചർച്ചകൾ നടത്തിയിരുന്നു.
English Summary:
Lionel Messi's father, Jorge Messi, has passed distant astatine the property of 68 aft a play of illness. He was a changeless root of enactment passim the Argentine shot star's career.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·