Published: April 14, 2026 09:07 AM IST Updated: April 14, 2026 04:27 PM IST
1 minute Read
കൊച്ചി ∙ ഒടുവിൽ, ഏകദേശം 14,460 കിലോമീറ്ററുകൾക്കകലെ ‘മാർ ദെൽ പ്ലാറ്റ’യെന്ന അർജന്റൈൻ കടലോരത്തു നിന്നൊരു രക്ഷകൻ വന്നു; ഫ്രാൻസിസ്കോ ഫൊലാസിയെ അബാലോ! ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയം കുറിച്ച ഗോൾ പിറന്നത് ‘ഫ്രാഞ്ചു’ എന്നു ചുരുക്കി വിളിക്കപ്പെടുന്ന ആ അർജന്റൈൻ വിങ്ങറുടെ കാലുകളിൽ നിന്നായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി വിജയ ഗോളടിച്ചതോടെ ‘സൂപ്പർ സബ്’ ആയിക്കഴിഞ്ഞു ഫ്രാഞ്ചു. മാർ ദെൽ പ്ലാറ്റ അറിയപ്പെടുന്നത് അർജന്റീനയിലെ ‘സന്തോഷ ഇടം’ എന്നാണ്. ഫ്രാഞ്ചുവിന്റെ വരവു കേരള ബ്ലാസ്റ്റേഴ്സിനു സന്തോഷ നാളുകൾ സമ്മാനിക്കുമോ? 5 മത്സരങ്ങൾ കൂടി മാത്രം ശേഷിക്കെ, ബ്ലാസ്റ്റേഴ്സിനു കഴിയുന്നത്ര ജയങ്ങൾ നേടിക്കൊടുക്കാനായാൽ ബ്ലാസ്റ്റേഴ്സും സന്തോഷ ഇടമായി മാറും!
സൂപ്പർ താരങ്ങൾ നിറഞ്ഞ ബെംഗളൂരു എഫ്സിയെ തോൽപിക്കാനായതു ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ഗോളടിച്ചതു വിക്ടർ ബെർതോമ്യുവും ഫ്രാഞ്ചുവും ആയിരുന്നെങ്കിലും നേട്ടം ടീമിന്റെ മൊത്തമാണ്; പ്രത്യേകിച്ചും കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ. ദവീദ് കറ്റാല പുറത്താക്കപ്പെട്ടതിനു പിന്നാലെ ഇടക്കാല പരിശീലകനായി നിയോഗിക്കപ്പെട്ട വെസ്റ്റ്‌വുഡിന്റെ അരങ്ങേറ്റ മത്സരം സ്പോർട്ടിങ് ക്ലബ് ഡൽഹിയോടുള്ള തോൽവിയോടെയായിരുന്നു. ടീമിനെ ഒരുക്കാൻ കഷ്ടിച്ചു 4 ദിവസം മാത്രമായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്.
ബെംഗളൂരുവിനെതിരായ മത്സരത്തിൽ, കടുത്ത സമ്മർദം ചെറുത്തു നിൽക്കാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനു കഴിഞ്ഞതാണു ടീമിനു ആത്മവിശ്വാസം നൽകുന്നത്. ഒപ്പം, ശാന്തമായി ഫിനിഷ് ചെയ്യാൻ തങ്ങൾക്കു കഴിയുമെന്നു ബെർതോമ്യുവും ഫ്രാഞ്ചുവും തെളിയിച്ചതും. നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും മികച്ച പ്രകടനം ആവർത്തിച്ചാൽ ആരാധക മനസ്സും ടീമിനൊപ്പം തിരിച്ചെത്തും.
English Summary:








English (US) ·