കൻസസ് സിറ്റി ∙ ഫുട്ബോൾ ലോകകപ്പിനെ ചൂടുപിടിപ്പിച്ച് വീണ്ടും വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) വിവാദം. ഇന്നലെ നടന്ന അർജന്റീന– സ്വിറ്റ്സർലൻഡ് മത്സരത്തിനിടെയാണ് വിഎആറിന്റെ തീരുമാനം വീണ്ടും ചർച്ചയായത്. 72–ാം മിനിറ്റിൽ സ്വിസ് താരം ബ്രീൽ എംബോളോയ്ക്ക് വിഎആർ പരിശോധനയ്ക്കു പിന്നാലെ റഫറി രണ്ടാം മഞ്ഞക്കാർഡും തുടർന്ന് റെഡ് കാർഡും നൽകിയതാണ് വിവാദങ്ങൾക്കു വഴിവച്ചത്. പിന്നാലെ റഫറിയും വിഎആറും അർജന്റീനയെ സഹായിച്ചെന്ന് ആരോപിച്ച് സ്വിസ് ആരാധകരും ടീം അധികൃതരും രംഗത്തെത്തി.
What you should work next
എന്താണ് സംഭവം?
രണ്ടാം പകുതിയിൽ സ്വിറ്റ്സർലൻഡ് സമനില ഗോൾ നേടി മിനിറ്റുകൾക്കുള്ളിൽ മിഡ്ഫീൽഡിൽ വച്ച് സ്വിസ് താരം ബ്രീൽ എംബോളോയും അർജന്റീനയുടെ ലിയാൻഡ്രോ പരേഡസും പന്തിനായി മത്സരിക്കുന്നു. പരേഡസിന്റെ ഫൗളിൽ എംബോളോ നിലത്തുവീണതു കണ്ട റഫറി, അർജന്റീന താരത്തിനു മഞ്ഞക്കാർഡ് നൽകുന്നു. എന്നാൽ താൻ ഫൗൾ ചെയ്തിട്ടില്ലെന്നു പരേഡസ് നിലപാട് കടുപ്പിച്ചതിനാൽ വിഎആർ വിഷയത്തിൽ ഇടപെടുന്നു.
ഫൗളിന്റെ വിഡിയോ ദൃശ്യം വിവിധ ആംഗിളുകളിൽനിന്ന് പരിശോധിച്ച വിഎആർ, പരേഡസ് തൊടുന്നതിനു മുൻപു തന്നെ എംബോളോ വീണതായി കണ്ടെത്തുകയും ഈ വിവരം ഓൺഫീൽഡ് റഫറിയെ അറിയിക്കുകയും ചെയ്തു.
What you should work next
ഇതോടെ പരേഡസിന്റെ മഞ്ഞക്കാർഡ് പിൻവലിച്ച റഫറി, എംബോളോയ്ക്കു മഞ്ഞക്കാർഡ് നൽകി. നേരത്തേ ഒരു മഞ്ഞക്കാർഡ് പേരിലുണ്ടായിരുന്ന എംബോളയ്ക്ക് ഇതോടെ രണ്ടു മഞ്ഞക്കാർഡുകളായി. ഇതോടെ റഫറി റെഡ‍് കാർഡ് ഉയർത്തി എംബോളയെ പുറത്താക്കി. 10 പേരായി ചുരുങ്ങിയ സ്വിസ് ടീം മത്സരം 3–1നു തോറ്റതോടെ വിഎആറിന്റെ ഇടപെടലിനെതിരെ പ്രതിഷേധവുമായി സ്വിസ് ടീം രംഗത്തെത്തി.
അർജന്റീന– സ്വിറ്റ്സർലൻഡ് മത്സരത്തിലെ വിഎആർ തീരുമാനത്തെക്കുറിച്ചുള്ള സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും.
∙ റഫറി അർജന്റീന താരത്തിനു മഞ്ഞക്കാർഡ് നൽകിയതിനു പിന്നാലെ വിഎആർ എന്തിനു വിഷയത്തിൽ ഇടപെട്ടു?
മിസ്റ്റേക്കൺ ഐഡന്റിറ്റി (കാർഡ് നൽകുമ്പോൾ കളിക്കാർ പരസ്പരം മാറിപ്പോകുക) പ്രോട്ടോക്കോൾ പ്രകാരം കാർഡ് നൽകുന്ന ഫൗളുകളിൽ വിഎആറിന് സ്വമേധയാ പരിശോധന നടത്തുകയും ഓൺഫീൽഡ് റഫറിക്കു നിർദേശങ്ങൾ കൈമാറുകയും ചെയ്യാം.
∙ അർജന്റീന താരത്തിനു നൽകിയ കാർഡ് പിൻവലിച്ചാൽ മാത്രം മതിയായിരുന്നില്ലേ?
മുൻപ്, മിസ്റ്റേക്കൺ ഐഡന്റിറ്റി നിയമപ്രകാരം തെറ്റായി നൽകിയ കാർഡ് പിൻവലിക്കാൻ മാത്രമായിരുന്നു റഫറിക്ക് അധികാരമുണ്ടായിരുന്നത്. എന്നാൽ ഈ നിയമത്തിൽ കാര്യമായ പരിഷ്കരണം നടത്തിയാണ് ഇത്തവണത്തെ ലോകകപ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതു പ്രകാരം തെറ്റായ കാർഡ് പിൻവലിക്കാനും പകരം മറ്റൊരു താരത്തിന് കാർഡ് നൽകാനും റഫറിക്ക് അധികാരമുണ്ട്.
∙ ഗുരുതര ഫൗൾ അല്ലാത്ത സാഹചര്യത്തിൽ എന്തിന് എംബോളോയ്ക്ക് മഞ്ഞക്കാർഡ് നൽകി?
സാധാരണയായി പെനൽറ്റി ബോക്സിന് അകത്തോ, ബോക്സിന്റെ പരിസരത്തോ വച്ച് നടക്കുന്ന ഫൗളുകളിലാണ് മിസ്റ്റേക്കൺ ഐഡന്റിറ്റി നിയമപ്രകാരം കാർഡ് നൽകുക. റഫറിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നു ബോധ്യപ്പെട്ടാൽ മാത്രമേ കാർഡ് നൽകാറുള്ളൂ.
∙ രണ്ടാം മഞ്ഞക്കാർഡ് നൽകാൻ മാത്രം ഗുരുതരമായ കുറ്റമാണോ?
രണ്ടാം മഞ്ഞക്കാർഡ് തീർത്തും റഫറിയുടെ വിവേചനാധികാരത്തിൽ ഉൾപ്പെടുന്നു. മത്സര സാഹചര്യവും എംബോളോയ്ക്ക് ഇതിനോടകം ഒരു മഞ്ഞക്കാർഡ് ലഭിച്ചതും കണക്കിലെടുത്ത് ഈ ഫൗളിന് കാർഡ് നൽകുന്നത് റഫറിക്ക് ഒഴിവാക്കാമായിരുന്നു. എന്നാൽ അന്തിമ തീരുമാനം റഫറിയുടേത് മാത്രമാണ്.
∙ വിവരങ്ങൾക്ക് കടപ്പാട്:
റോവൻ ആറുമുഖൻ (എഐഎഫ്എഫ് റഫറീസ് പരിശീലകനും മുൻ ഫിഫ റഫറിയും)
English Summary:





English (US) ·