അർധസെഞ്ചറിക്കു പിന്നാലെ ‘വണ്ടർ ക്യാച്ചിൽ’ ജുറേൽ പുറത്ത്, രണ്ടാം ദിനം 7 വിക്കറ്റ് വീഴ്ത്തി ലങ്ക; 450+ സ്കോറുമായി ഇന്ത്യ

1 month ago 6

ഓൺലൈൻ ‍ഡെസ്‌ക്

Published: August 16, 2026 04:26 PM IST Updated: August 16, 2026 06:49 PM IST

3 minute Read

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൻ ഇന്ത്യാൻ താരം ധ്രുവ് ജുറേലിന്റെ ബാറ്റിങ്. (Photo by Ishara S. KODIKARA / AFP)
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൻ ഇന്ത്യാൻ താരം ധ്രുവ് ജുറേലിന്റെ ബാറ്റിങ്. (Photo by Ishara S. KODIKARA / AFP)

ഗോൾ (ശ്രീലങ്ക) ∙ സ്പിന്നിനെ തുണച്ചു തുടങ്ങിയ പിച്ചിൽ ബാറ്റർമാർ കറങ്ങിവീഴും മുൻപ് കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 460 റൺസെന്ന നിലയിലാണ് ഇന്ത്യ. മൂന്നാം ദിനം 500 റൺസെന്ന മാജിക് സ്കോറിനു തൊട്ടടുത്തുവരെയെങ്കിലും എത്തുകയാകും ഇന്ത്യയുടെ ലക്ഷ്യം. പത്താം വിക്കറ്റിൽ ഒന്നിച്ച കുൽദീപ് യാദവ് (13 പന്തിൽ 12*), പ്രസിദ്ധ് കൃഷ്ണ (4 പന്തിൽ 1*) എന്നിവരാണ് ക്രീസിൽ. മഴ രസംകൊല്ലിയായ രണ്ടാം ദിനത്തിൽ 44 ഓവറുകൾ മാത്രമാണ് കളി നടന്നത്. ഉച്ചയ്ക്കു ശേഷമാണ് കളി പുനരാരംഭിച്ചത്.

What you should work next

രണ്ടാം ദിനത്തിൽ ഏഴു വിക്കറ്റുകളാണ് ഇന്ത്യയ്ക്കു നഷ്ടമായത്.  സെഞ്ചറി നേടിയ ദേവ്‌ദത്ത് പടിക്കൽ (230 പന്തിൽ 167), ഋഷഭ് പന്ത് (62 പന്തിൽ 39), പരുക്ക് മാറി ബാറ്റിങ്ങിനെത്തിയ കെ.എൽ.രാഹുൽ (175 പന്തിൽ 82), രവീന്ദ്ര ജഡേജ (25 പന്തിൽ 13), ധ്രുവ് ജുറേൽ (68 പന്തിൽ 51), മാനവ് സുതാർ (43 പന്തിൽ 24), മുഹമ്മദ് സിറാജ് (15 പന്തിൽ 11) എന്നിവരാണ് ഇന്നു പുറത്തായത്. ശ്രീലങ്കയ്ക്കായി സ്പിന്നർമാരായ പ്രഭാത് ജയസൂര്യ നാലു വിക്കറ്റും കേശര നുവന്ത മൂന്നു വിക്കറ്റും വീഴ്ത്തി.

2ന് 288 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, അധികം വൈകാതെ തന്നെ ഋഷഭ് പന്തിനെ നഷ്ടമായി. കേശര നുവന്തയാണ് പന്തിനെ വീഴ്ത്തിയത്. പിന്നാലെ ക്രീസിലെത്തിയത് ആദ്യദിനം പേശിവലിവിനെ തുടർന്ന് റിട്ടയേഡ് ഹർട്ടായി മടങ്ങിയ കെ.എൽ.രാഹുൽ. 77 റൺസെന്ന വ്യക്തിഗത സ്കോറിൽ ബാറ്റിങ് പുനരാരംഭിച്ച രാഹുലിന് പക്ഷേ അഞ്ച് റൺസ് കൂടിയെ കൂട്ടിച്ചേർക്കാനായുള്ളൂ. കേശര നുവന്ത തന്നെയാണ് രാഹുലിനെയും വീഴ്ത്തിയത്. പിന്നാലെ 150 റൺസ് തികച്ച് പടിക്കൽ, മറുവശത്ത് നിലയുറിപ്പിച്ചു. മൂന്നാം നമ്പറിൽ ഇറങ്ങി, ശ്രീലങ്കയ്ക്കെതിരെ 150+ സ്കോർ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ദേവ്‌ദത്ത് പടിക്കൽ. രാഹുൽ ദ്രാവിഡ് (177, 2009ൽ), ചേതേശ്വർ പൂജാര (153, 2017ൽ) എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ പുറത്തായ ഇന്ത്യൻ താരം കെ.എൽ.രാഹുൽ  (PTI Photo/Shailendra Bhojak)

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ പുറത്തായ ഇന്ത്യൻ താരം കെ.എൽ.രാഹുൽ (PTI Photo/Shailendra Bhojak)

ദേവ്‌ദത്ത് അതിവേഗം റൺസ് കണ്ടെത്തിയെങ്കിലും ഒടുവിൽ പ്രഭാത് ജയസൂര്യയുടെ സ്പിൻകെണിക്ക് മുന്നിൽ വീഴുകയായിരുന്നു. പ്രഭാതിന്റെ പന്തിൽ ക്രീസിൽനിന്ന് ഇറങ്ങി കളിക്കാൻ ശ്രമിച്ച പടിക്കലിനെ വിക്കറ്റ് കീപ്പർ നിരോഷൻ‌ ഡിക്‌വെല്ല സ്റ്റംപ് ചെയ്യുകയായിരുന്നു. തുടർന്ന് ആറാം വിക്കറ്റിൽ ഒന്നിച്ച ജുറേൽ– ജ‍ഡേജ സഖ്യം വിക്കറ്റ് നഷ്ടമില്ലാതെ സെക്ഷൻ പൂർത്തിയാക്കിയെങ്കിലും മൂന്നാം സെഷനു തുടങ്ങിയ അധികം വൈകാതെ ജഡേജ പുറത്തായി. ഏഴാം വിക്കറ്റിൽ ഒന്നിച്ച ധ്രുവ് ജുറേൽ– മാനവ് സുതാർ സഖ്യമാണ് ഇന്ത്യൻ സ്കോർ 400 കടത്തിയത്. എന്നാൽ അർധസെഞ്ചറിക്കു തൊട്ടുപിന്നാലെ ജുറേൽ പുറത്തായതോടെ 500+ റൺസെന്ന മോഹം ഏറെക്കുറെ അവസാനിച്ചു. പ്രഭത് ജയസൂര്യയുടെ പന്തിൽ സ്പിപ്പിൽനിന്ന് ക്യാപ്റ്റൻ ധനഞ്ജയ് ഡിസിൽവയുടെ ‘വണ്ടർ ക്യാച്ചിലാണ്’ ജുറേൽ പുറത്തായത്.  പിന്നാലെ അടുത്ത ഓവറുകളിൽ സിറാജും മാനവും കൂടി പുറത്തായതോടെ 9ന് 447 എന്ന നിലയിലായി. എന്നാൽ കുൽദീപും പ്രസിദ്ധും പിടിച്ചുനിന്നതോടെ ഓൾഔട്ടാകാതെ രണ്ടാം ദിനവും ഇന്ത്യ അവസാനിപ്പിച്ചു.

∙ പടനയിച്ച് പടിക്കൽ!കന്നി രാജ്യാന്തര സെഞ്ചറിയുമായി (131 നോട്ടൗട്ട്) പടനയിച്ച ദേവ്ദത്ത് പടിക്കലിന്റെ ബലത്തിലാണ് ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ മിന്നിയത്. 32 റൺസ് നേടിയ യശസ്വി ജയ്സ്വാളിനെയും 16 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയുമാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. മഴമൂലം 73 ഓവർ മാത്രമാണ് ആദ്യ ദിനം കളി നടന്നത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ച്, ഓപ്പണർമാരായ യശസ്വി ജയ്സ്വാളും കെ.എൽ.രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ആക്രമിച്ചു കളിച്ച ജയ്സ്വാൾ സ്കോറിങ്ങിന് വേഗം നൽകാനാണ് ശ്രമിച്ചത്. 5 ഫോറുകളുമായി ജയ്സ്വാൾ ആക്രമണം നയിച്ചപ്പോൾ രാഹുൽ ക്ഷമയോടെ ക്രീസിൽ നിലയുറപ്പിച്ചു. എന്നാൽ 11–ാം ഓവറിൽ സിംഗിൾ എടുക്കാനുള്ള ശ്രമത്തിനിടെ ജയ്സ്വാൾ (32) റണ്ണൗട്ടായി. മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും തുടക്കം മുതൽ ആക്രമിച്ചു കളിച്ചു.

രണ്ടാം സെഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി മഴ വില്ലനായെത്തി. ഒന്നരമണിക്കൂറോളം മത്സരം തടസ്സപ്പെട്ടു. മഴയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോൾ സ്കോറിങ്ങിന്റെ വേഗം കുറച്ച് ശ്രദ്ധയോടെ ബാറ്റ് വീശിയ ദേവ്ദത്ത്, രാഹുലുമായി ചേർന്ന് 150 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. അതിൽ 84 റൺസും ദേവ്ദത്തിന്റെ ബാറ്റിൽനിന്നായിരുന്നു. മറുവശത്ത് ക്ഷമയോടെ ബാറ്റ് വീശിയ രാഹുൽ 127 പന്തിലാണ് അർധ സെഞ്ചറി കുറിച്ചത്. ഇതിനിടെ പേശീവലിവ് അനുഭവപ്പെട്ട രാഹുൽ റിട്ടയേഡ് ഹർട്ടായി മടങ്ങി. പിന്നാലെ ശുഭ്മൻ ഗില്ലുമായി (16) ചേർന്ന് ദേവ്ദത്ത് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 62–ാം ഓവറിൽ ലങ്കൻ സ്പിന്നർ പ്രഭാത് ജയസൂര്യയുടെ പന്തിൽ ബൗണ്ടറി നേ‍ടാൻ ശ്രമിച്ച ഗില്ലിന് പിഴച്ചു. ടൈമിങ് തെറ്റിയ ഷോട്ട് അവസാനിച്ചത് ലഹിരു ഉദാരയുടെ കയ്യിൽ. തുടർന്ന് ക്രീസിലെത്തിയ ഋഷഭ് പന്തിനൊപ്പം ചേർന്നാണ് ദേവ്ദത്ത് ഇന്ത്യൻ സ്കോർ 288ൽ എത്തിച്ചത്.

സ്പിന്നിനെതിരെ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം മോശമാണെന്ന വിമർശനങ്ങൾക്കുള്ള മറുപടിയായിരുന്നു ആദ്യ ദിനം ഗോളിൽ കണ്ടത്. സ്പിൻ കരുത്തിൽ വിശ്വാസമർപ്പിച്ച് കളിക്കാനിറങ്ങിയ ലങ്കയ്ക്ക് ആദ്യ ദിനം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ഇടംകൈ ബാറ്ററായ പടിക്കലിനെ വീഴ്ത്താൻ ഓഫ്സ്പിന്നർ കേശര നുവന്തയെ ലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. ലങ്കയുടെ തുറുപ്പുചീട്ടായ പ്രഭാത് ജയസൂര്യയെയും നിലയുറപ്പിക്കാൻ ദേവ്ദത്ത് അനുവദിച്ചില്ല. കൗണ്ടർ അറ്റാക്കിലൂടെ സ്പിന്നർമാർക്കു മേൽ ദേവ്ദത്ത് തുടക്കത്തിലേ നേടിയെടുത്ത ആധിപത്യം ആദ്യ ദിനം ഇന്ത്യയുടെ മേൽക്കൈ ഉറപ്പാക്കി.

English Summary:

India vs Sri Lanka , 1st Test Day 2: LIVE Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article