Published: August 21, 2026 08:10 AM IST
1 minute Read
ബെംഗളൂരു ∙ 2027 ഏകദിന ലോകകപ്പിൽ, ഇന്ത്യ ടീമിൽ ആരൊക്കെയുണ്ടാകും? ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിൽ മുൻനിര താരങ്ങളെല്ലാമുണ്ടാകുമെന്ന് ഉറപ്പാണ്. സൂപ്പർ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും കാര്യം ഇതുവരെ അന്തിമതീരുമാനമായിട്ടില്ല. എങ്കിലും സ്ക്വാഡിൽ ഇടം പിടിക്കുന്ന ‘സർപ്രൈസ്’ താരങ്ങൾ ആരൊക്കെയാകും?
What you should work next
ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് അനുയോജ്യമായ 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ‘ബോംബ് സ്ക്വാഡ്’ എന്ന വിശേഷിപ്പിച്ച തന്റെ ടീമിൽ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി മുതൽ വെറ്ററൽ ബോളർ ഭുവനേശ്വർ കുമാർ വരെയുണ്ട്. മലയാളി താരം സഞ്ജു സാംസണും ഉത്തപ്പയുടെ ലോകകപ്പ് ടീമിലുണ്ട്.
ബാറ്റർമാരിൽ, ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നീ നിലവിലുള്ള സ്ഥിരം താരങ്ങളെ ഉത്തപ്പ നിലനിർത്തി. ഭാവിയെക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണെങ്കിലും രോഹിത് ശർമയും ടീമിലുണ്ട്. യുവതാരം യശശ്വി ജയ്‌സ്വാളിനെ ഒഴിവാക്കിയപ്പോൾ പകരം പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ ബാക്അപ് ഓപ്പണറായി തിരഞ്ഞെടുത്തു.
പരിചയസമ്പന്നരായ ചില താരങ്ങളെ ‘തിരിച്ചുവിളിച്ച’ ഉത്തപ്പ, പേസർ ഭുവനേശ്വർ കുമാർ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരെ ടീമിലുൾപ്പെടുത്തി. കഴിഞ്ഞ ഐപിഎൽ സീസണിൽ 28 വിക്കറ്റുകളുമായി തകർപ്പൻ പ്രകടനം കാഴ്ചവച്ച ഭുവനേശ്വർ, അഞ്ച് വർഷം മുൻപാണ് ഇന്ത്യക്കായി അവസാനമായി ഒരു ഏകദിനം കളിച്ചത്. എന്നാൽ നിലവിൽ ഇന്ത്യയുടെ വൈറ്റ് ബോൾ ടീമുകളിലെ സ്ഥിരം സാന്നിധ്യങ്ങളായ വാഷിങ്ടൻ സുന്ദർ, ഹർഷിത് റാണ എന്നിവരെ ഉത്തപ്പ ഒഴിവാക്കി. ഇഷാൻ കിഷന് പകരമായി സഞ്ജു സാംസണെയാണ് ബാക്അപ് വിക്കറ്റ് കീപ്പർ ബാറ്ററായി തിരഞ്ഞെടുത്തത്. ടോപ് ഓർഡറിലും ഫിനിഷറായും കളിക്കാൻ സഞ്ജുവിന് സാധിക്കുമെന്ന് ഉത്തപ്പ വ്യക്തമാക്കി.
15 അംഗ ടീമിൽ ഹാർദിക് പാണ്ഡ്യയെ ഉത്തപ്പ ഉൾപ്പെടുത്തിയെങ്കിലും, മറ്റൊരു ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടറെ ബാക്അപ്പായി തിരഞ്ഞെടുത്തില്ല. പകരം ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നീ നാല് പേസർമാരെയാണ് തിരഞ്ഞെടുത്തത്. ‘‘ഇതാണ് 2027 ലോകകപ്പിനുള്ള എന്റെ ഇന്ത്യൻ ടീം. ഇനിയും ഒരു വർഷം ബാക്കിയുണ്ടെന്നത് ശരിയാണ്. എന്നാൽ ഈ 15 പേർ അടുത്ത ഒരു വർഷം ഒരുമിച്ച് കളിക്കുകയാണെങ്കിൽ, അത് മികച്ച തയാറെടുപ്പായിരിക്കും. ഇത് ഒരു ബോംബ് സ്ക്വാഡ് ആണെന്നാണ് എനിക്ക് തോന്നുന്നത്.’’– ഉത്തപ്പ പറഞ്ഞു.
2027 ലോകകപ്പിനുള്ള റോബിൻ ഉത്തപ്പയുടെ 15 അംഗ ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ, രോഹിത് ശർമ, വൈഭവ് സൂര്യവംശി, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്.
English Summary:






English (US) ·