ആ കാഴ്ച കണ്ട് 88,000 കാണികൾ ആർത്തുവിളിച്ചു, അലബാമയിൽ കണ്ടത് 20 മിനിറ്റ് 'മെസ്സി മാജിക്'! വെറെ ലെവലാണ് ‘സ്‌കലോണിയുടെ നീലപട’

1 month ago 5

യുഎസിലെ അലബാമയിലുള്ള ജോർദാൻ-ഹെയർ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ 88,000ത്തിലധികം വരുന്ന കാണികൾ ഒരേയൊരു പേരേ മന്ത്രിച്ചിരുന്നുള്ളൂ– ലയണൽ മെസ്സി! കാൽപന്തിന്റെ രാജകുമാരൻ കളത്തിലിറങ്ങുമോ എന്ന ആശങ്കകൾക്കും ആകാംക്ഷകൾക്കും വിരാമമിട്ട് പകരക്കാരനായി വന്നു വെറും ഇരുപത് മിനിറ്റുകൊണ്ട് കളം നിറഞ്ഞ മെസ്സിയുടെ മികവിൽ, ഐസ്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ലോക ചാംപ്യൻമാരായ അർജന്റീന ലോകകപ്പ് മുന്നൊരുക്കങ്ങൾ ഗംഭീരമായി പൂർത്തിയാക്കി മടങ്ങി

What you should work next

ലോകകപ്പിന് തൊട്ടുമുൻപുള്ള അവസാന വാം-അപ്പ് മത്സരത്തിൽ ആധികാരിക വിജയമാണ് ലയണൽ സ്‌കലോണിയുടെ സംഘം സ്വന്തമാക്കിയത്. വലന്റീൻ ബാർകോ, തിയാഗോ അൽമാഡ എന്നിവരും സ്കോർ ചെയ്ത മത്സരത്തിൽ, പെനാൽറ്റിയിലൂടെ തന്റെ 117-ാം രാജ്യാന്തര ഗോൾ കുറിച്ചുകൊണ്ട് മെസ്സി അർജന്റീനൻ നിരയിലെ ഏറ്റവും പ്രായം കൂടിയ ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡും സ്വന്തം പേരിലാക്കി. തുടർച്ചയായ ഏഴാം വിജയത്തോടെയാണ് അർജന്റീന കിരീട പോരാട്ടങ്ങൾക്കായി കാനഡ-മെക്സിക്കോ-അമേരിക്ക ലോകകപ്പിലേക്ക് ചുവടുവയ്ക്കുന്നത്.

∙ തുടക്കത്തിലെ ഞെട്ടലും ബാർകോയുടെ പ്രത്യാക്രമണവും

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ നിലവിലെ ചാംപ്യന്മാരെ ഞെട്ടിക്കാൻ ഐസ്‌ലൻഡിന് ഒരവസരം ലഭിച്ചിരുന്നു. കളിയുടെ തുടക്കത്തിൽ തന്നെ അർജന്റീനൻ പ്രതിരോധ നിരയുടെ പാളിച്ച മുതലെടുത്ത് ഐസ്‌ലൻഡിന്റെ മിക്കായേൽ എല്ലെർട്‌സൻ ഗോൾപോസ്റ്റിന് തൊട്ടടുത്ത് നിന്ന് ഒരു ഷോട്ട് ഉതിർത്തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഈ ഒരു സുവർണാവസരം നഷ്ടപ്പെടുത്തിയതിന് ഐസ്‌ലൻഡിന് കടുത്ത വിലയാണു പിന്നീട് നൽകേണ്ടി വന്നത്. ഏഴാം മിനിറ്റിൽ തന്നെ അർജന്റീന കളിയിലെ ആദ്യ ഗോൾ കണ്ടെത്തി. അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച ഒരു ഫ്രീ-കിക്ക് കൃത്യമായി ക്ലിയർ ചെയ്യുന്നതിൽ ഐസ്‌ലൻഡ് പ്രതിരോധം പരാജയപ്പെട്ടു. ബോക്സിന്റെ അരികിലേക്ക് തെറിച്ചുവന്ന പന്ത് 19 കാരനായ പ്രതിഭ വലന്റീൻ ബാർകോ ഒരു ഫസ്റ്റ്-ടൈം ലോ ഷോട്ടിലൂടെ ഐസ്‌ലൻഡ് ഗോൾകീപ്പർ എലിയാസ് റഫ്ൻ ഓലാഫ്‌സണെ കാഴ്ചക്കാരനാക്കി വലയിലാക്കി. കഴിഞ്ഞ മൂന്ന് രാജ്യാന്തര മത്സരങ്ങളിൽ ബാർകോ നേടുന്ന രണ്ടാമത്തെ ഗോളാണിത്. മത്സരത്തിലുടനീളം അർജന്റീനയുടെ ആക്രമണങ്ങൾക്ക് ചടുലത നൽകിയ ബാർകോ തന്നെയാണ് പിന്നീട് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

What you should work next

∙ തന്ത്രങ്ങൾ മാറ്റിപ്പയറ്റി സ്‌കലോണി

ആദ്യ പകുതിയിൽ 1-0 ന് മുന്നിലായിരുന്ന അർജന്റീനൻ നിരയിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ കോച്ച് ലയണൽ സ്‌കലോണി വൻ മാറ്റങ്ങൾ വരുത്തി. ലോകകപ്പിന് മുൻപ് ടീമിന്റെ ആഴവും കോംപിനേഷനുകളും പരീക്ഷിക്കുന്നതിനായി ഒരേസമയം അഞ്ച് മാറ്റങ്ങളാണ് അദ്ദേഹം വരുത്തിയത്. ക്രിസ്റ്റ്യൻ റൊമേറോ, ലൗട്ടാരോ മാർട്ടിനസ്, റോഡ്രിഗോ ഡി പോൾ, അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവർ രണ്ടാം പകുതിയിൽ കളത്തിലിറങ്ങി.

 TODD KIRKLAND / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

ഐസ്‍ലൻഡിനെതിരായ ഗോൾ നേട്ടം ആഘോഷിക്കുന്ന മെസ്സി. Photo: TODD KIRKLAND / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

ഈ മാറ്റങ്ങൾ ടീമിന്റെ കളിശൈലിക്ക് കൂടുതൽ വേഗം നൽകി. അർജന്റീന തുടർച്ചയായി ഐസ്‌ലൻഡ് ബോക്സിലേക്ക് ആക്രമണങ്ങൾ അഴിച്ചുവിട്ടു. കളി പുരോഗമിക്കവെ ലൗട്ടാരോ മാർട്ടിനസ് നൽകിയ മനോഹരമായ ഒരു പാസിൽ നിന്നും മാക് അലിസ്റ്റർ തൊടുത്ത ഷോട്ട് നിർഭാഗ്യവശാൽ ഗോൾപോസ്റ്റിൽ തട്ടിത്തെറിച്ചു. മിനിറ്റുകൾക്കകം മാർട്ടിനസ് ഉതിർത്ത മറ്റൊരു വലങ്കാലൻ ഷോട്ടും ഇതേ പോസ്റ്റിൽ തട്ടി മടങ്ങിയത് അർജന്റീനയുടെ ഗോൾ ലീഡ് ഉയർത്തുന്നത് വൈകിച്ചു. ഇടയ്ക്ക് ഐസ്‌ലൻഡിന്റെ ഹാക്കോൺ ഹരാൾഡ്‌സൺ ഒരു പ്രത്യാക്രമണത്തിലൂടെ അർജന്റീനൻ ഗോൾവല ലക്ഷ്യമാക്കി ഷോട്ടുതിർത്തെങ്കിലും അത് ലക്ഷ്യം കാണാതെ പുറത്തുപോയി.

∙ 70-ാം മിനിറ്റിലെ ആ സുദിനം, മെസ്സിയുടെ പുനരാഗമനം

അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഫിലാഡൽഫിയ യൂണിയനെതിരെയുള്ള മത്സരത്തിനിടെ ഇടത് ഹാംസ്ട്രിങ്ങിന് പരുക്കേറ്റ മെസ്സി, ജൂൺ 6ന് ഹോണ്ടുറാസിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ കളിച്ചിരുന്നില്ല. മെസ്സിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ലോകമെമ്പാടുമുള്ള ആരാധകർ ആശങ്കാകുലരായിരുന്നു. എന്നാൽ 70-ാം മിനിറ്റിൽ മെസ്സി പകരക്കാരനായി കളത്തിലിറങ്ങാൻ ബൗണ്ടറി ലൈനിലേക്ക് വന്നതോടെ സ്റ്റേഡിയം ആകെ ഇരമ്പിമറിഞ്ഞു. കളത്തിലിറങ്ങി വെറും രണ്ട് മിനിറ്റിനുള്ളിൽ തന്നെ മെസ്സി മത്സരത്തിന്റെ ഗതി മാറ്റി. തന്റെ ആദ്യ ടച്ചിൽ തന്നെ ലൗട്ടാരോ മാർട്ടിനസിന് ബോക്സിനുള്ളിലേക്ക് മെസ്സി ഒരു കൃത്യതയാർന്ന ത്രൂ-ബോൾ നൽകി. പന്തുമായി മുന്നേറിയ മാർട്ടിനസിനെ ഐസ്‌ലൻഡ് കീപ്പർ ഓലാഫ്‌സൺ ഫൗൾ ചെയ്തതോടെ റഫറി പെനാൽറ്റി വിളിച്ചു.

What you should work next

∙ പഴയൊരു കണക്കുതീർക്കൽ

2018ലെ റഷ്യൻ ലോകകപ്പിൽ ഐസ്‌ലൻഡിനെതിരെ മെസ്സി ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ 72-ാം മിനിറ്റിൽ ആ ഇടങ്കാലൻ ഷോട്ട് ഐസ്‌ലൻഡ് കീപ്പർക്ക് ഒരു അവസരവും നൽകാതെ പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തറച്ചുകയറി. അർജന്റീനൻ ജേഴ്സിയിലെ മെസ്സിയുടെ 199-ാം മത്സരത്തിലെ 117-ാം രാജ്യാന്തര ഗോളായിരുന്നു അത്. ക്ലബ്ബും രാജ്യവും ഉൾപ്പെടെ മെസ്സിയുടെ കരിയറിലെ 911-ാമത്തെ ഗോൾ കൂടിയായിരുന്നു ഇത്!

∙ കളി പൂർത്തിയാക്കിയത് തിയാഗോ അൽമാഡ

മെസ്സി വന്നതോടെ അർജന്റീനയുടെ കളിക്ക് പുതിയൊരു താളം കൈവന്നു. 86-ാം മിനിറ്റിൽ ടീമിന്റെ മൂന്നാം ഗോളിന് വഴിയൊരുക്കിയതും മെസ്സിയുടെ ബുദ്ധിയായിരുന്നു. മധ്യനിരയിൽ നിന്നും മെസ്സി നൽകിയ പാസ് സ്വീകരിച്ച് റോഡ്രിഗോ ഡി പോൾ ബോക്സിലേക്ക് ക്രോസ് ചെയ്തു. അവിടെ കൃത്യമായി നിലയുറപ്പിച്ചിരുന്ന യുവതാരം തിയാഗോ അൽമാഡയ്ക്ക് പന്ത് വലയിലേക്ക് തള്ളിവിടേണ്ടി മാത്രമേ വന്നുള്ളൂ (3-0). ഇതോടെ ഐസ്‌ലൻഡിന്റെ കളിയിലെ നേരിയ പ്രതീക്ഷകൾ പോലും അവസാനിച്ചു.

∙ സ്റ്റാറ്റിസ്റ്റിക്സിലെ അർജന്റീനൻ ആധിപത്യം

മത്സരത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ അർജന്റീനയുടെ പൂർണമായ ആധിപത്യം വ്യക്തമാകും.

ARG-ICL-info

അർജന്റീനയുടെ ഗോൾകീപ്പർ ജെറോനിമോ റുള്ളിക്ക് മത്സരത്തിൽ ആകെ ഒരു സേവ് മാത്രമേ നടത്തേണ്ടി വന്നുള്ളൂ. അതേസമയം ഐസ്‌ലൻഡ് കീപ്പർ ഓലാഫ്‌സൺ നാല് മികച്ച സേവുകളോടെ സ്കോർ മൂന്നിൽ കൂടാതെ കാത്തു. മത്സരത്തിൽ കടുത്ത ഫൗളുകൾ ഉയർന്നതിനെത്തുടർന്ന് റഫറി റോസെൻഡോ മെൻഡോസ എട്ട് മഞ്ഞക്കാർഡുകൾ പുറത്തെടുത്തു (ഐസ്‌ലൻഡിന് ആറും അർജന്റീനയ്ക്ക് രണ്ടും).

∙ പ്ലെയർ റേറ്റിങ്ങുകൾ

വിവിധ സ്പോർട്സ് മാധ്യമങ്ങളുടെ റേറ്റിങ്ങിലും അർജന്റീനൻ താരങ്ങൾ മുന്നിട്ടുനിന്നു.

1. സോഫാസ്കോർ (Sofascore): ബാർകോയ്ക്ക് 7.8 റേറ്റിങ് നൽകിയപ്പോൾ മെസ്സി, അൽമാഡ, ഡി പോൾ എന്നിവർക്ക് 7.7 റേറ്റിങ് നൽകി.

2. സ്പോർട്സ്റ്റാർ (Sportstar): മെസ്സിക്ക് 8.5/10, ബാർകോയ്ക്ക് 8.2, അൽമാഡയ്ക്ക് 7.9 റേറ്റിങ് നൽകി.

∙ ഇനി യാത്ര ലോകകപ്പ് വേദിയിലേക്ക്, ലക്ഷ്യം കിരീടം നിലനിർത്തൽ

ഈ വൻ വിജയത്തോടെ വലിയ ആത്മവിശ്വാസവുമായാണ് അർജന്റീന ലോകകപ്പിലേക്ക് പ്രവേശിക്കുന്നത്. 1962ൽ ബ്രസീലിന് ശേഷം ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ പുരുഷ ടീമാവുക എന്ന വലിയ ദൗത്യമാണ് ലയണൽ സ്കലോണിക്കും സംഘത്തിനും മുന്നിലുള്ളത്. ഗ്രൂപ്പ് 'ജെ' ലാണ് അർജന്റീന മത്സരിക്കുന്നത്. ജൂൺ 16ന് കാൻസാസ് സിറ്റിയിൽ വച്ച് അൽജീരിയക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം. അതിനുശേഷം ഓസ്ട്രിയ, ജോർദാൻ എന്നീ ടീമുകളെയും അവർ നേരിടും. 2022 ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായാണ് അർജന്റീന ഒരു യൂറോപ്യൻ ടീമിനെ നേരിടുന്നത് എന്ന പ്രത്യേകതയും ഈ ഐസ്‌ലൻഡ് മത്സരത്തിനുണ്ടായിരുന്നു. മറുഭാഗത്ത്, ഈ വർഷത്തെ ലോകകപ്പിന് യോഗ്യത നേടാനാവാത്ത ഐസ്‌ലൻഡ്, തുടർച്ചയായ ആറ് മത്സരങ്ങളുടെ വിജയമില്ലാത്ത റെക്കോർഡുമായാണ് മടങ്ങുന്നത്. ഇനി സെപ്റ്റംബറിലാണ് അവർക്ക് മത്സരങ്ങളുള്ളത്.

മെസ്സിയുടെ പരുക്കിനെക്കുറിച്ചുള്ള ആശങ്കകൾ മാറിയതും, യുവതാരങ്ങളുടെ മികച്ച ഫോമും അർജന്റീനൻ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നു. അലബാമയിലെ ഈ മിന്നും വിജയം വരാനിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ അർജന്റീന തീപാറിക്കുമെന്നതിന്റെ കൃത്യമായ സൂചനയാണ്!

English Summary:

Lionel Messi's triumphant instrumentality to the tract marked a important infinitesimal successful Argentina's World Cup preparations. He not lone scored a important extremity but besides helped unafraid a commanding 3-0 triumph against Iceland, showcasing the team's beardown form.

Read Entire Article