കറാച്ചി ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിക്കു പിന്നാലെ പാക്കിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധിയും. പാക്കിസ്ഥാൻ ടീമിന്റെ തോൽവിയിൽ പാക്ക് സൈനിക മേധാവിയായ ഫീൽഡ് മാർഷൽ അസിം മുനീർ, പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിനെ കടുത്ത അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും പാക്ക് സർക്കാരിൽ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയുമായി അസിം മുനീർ ഭിന്നതയിലാണെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യയോടേറ്റ തോൽവി കേവലം കായിക പരാജയമായല്ല മറിച്ച് രാജ്യത്തിന്‍റെ അഭിമാനത്തിനേറ്റ ക്ഷതമായാണ് പാക്ക് സൈന്യം കാണുന്നതെന്നാണ് വിവരം.
പാക്കിസ്ഥാൻ ടീമിന്‍റെ തയാറെടുപ്പിലുണ്ടായ വീഴ്ചയും പിസിബിയുടെ കെടുകാര്യസ്ഥതയും അസിം മുനീറിനെ പ്രകോപിപ്പിച്ചതായാണ് വിവരം. പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിന്‍റെ മിലിട്ടറി സെക്രട്ടറി വഴി സൈനിക മേധാവി തന്‍റെ ആശങ്കകൾ അറിയിച്ചതായാണ് വിവരം. സൈന്യം അതൃപ്തി അറിയിച്ചതോടെ പിസിബി ചെയർമാൻ സ്ഥാനത്ത് മൊഹ്‌സിൻ നഖ്‌വിയുടെ ഭാവി തുലാസിലായി. നഖ്‌വിയെ ഈ ചുമതലയിൽനിന്ന് മാറ്റാൻ പ്രധാനമന്ത്രി ആലോചിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്.
കഴിഞ്ഞയാഴ്ച, ഇന്ത്യയുമായുള്ള ലോകകപ്പ് മത്സരത്തിനുള്ള ബഹിഷ്കരണത്തിൽനിന്നു പിന്മാറിയതിനു പിന്നാലെ മൊഹ്‌സിൻ നഖ്‌വി നടത്തിയ ഒരു വാർത്താസമ്മേളനത്തിൽ പാക്ക് സൈന്യത്തിന്റെയും അസിം മുനീറിന്റെയും പേര് അനാവശ്യമായി വലിച്ചിഴച്ചിരുന്നു. ഇത് അസിം മുനീറിനെ ചൊടിപ്പിച്ചിരുന്നതായാണ് വിവരം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, നഖ്‌വി പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ പേരും സംഭാഷണത്തിൽ അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നു.
ഐസിസിയുടെ മുന്നറിയിപ്പ് കാരണം പിസിബി സമ്മർദത്തിലാണോയെന്ന ചോദ്യത്തിനു മറുപടി പറയുമ്പോഴായിരുന്നു ഇത്. ‘‘ഇന്ത്യയിൽനിന്നും ഐസിസിയിൽനിന്നുമുള്ള ഭീഷണികളിൽ ഞാൻ ഭയപ്പെടുന്നില്ല, പാക്കിസ്ഥാൻ സർക്കാരും ഭയപ്പെടുന്നില്ല. ഫീൽഡ് മാർഷൽ അസിം മുനീറിനെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് അറിയാമല്ലോ, അദ്ദേഹം ഒട്ടും ഭയപ്പെടുന്നില്ല. ഉപരോധങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല.’’– നഖ്‌വി പറഞ്ഞു.
ഇതാണ് അസിം മുനീറിനെ ചൊടിപ്പിച്ചത്. എരിതീയിൽ എണ്ണപോലെയാണ് ഇന്ത്യയോട് പാക്കിസ്ഥന്‍റെ ദയനീയ തോൽവിയും. 2025 മേയിൽ ഇന്ത്യയുമായുണ്ടായ സൈനിക നീക്കങ്ങൾക്ക് പിന്നാലെയാണ് അസിം മുനീറിനെ പാക്കിസ്ഥാൻ ഫീൽഡ് മാർഷലായി ഉയർത്തിയത്. സൈനിക മേധാവിയടക്കം അതൃപ്തിയറിച്ചതോടെ പിസിബി ചെയർമാൻ സ്ഥാനത്തുനിന്ന് മൊഹ്‌സിൻ നഖ്‌വി ഉടൻ തെറിക്കാനാണ് സാധ്യത.
English Summary:







English (US) ·