‘ആ ഫീലിങ് പറഞ്ഞറിയിക്കാൻ പറ്റില്ല..; വൈഭവിന്റെ പവർഹിറ്റിങ്ങിന് പിന്നിൽ ഒരു ‘രഹസ്യം’ ഉണ്ട്, സഞ്ജുവുമായുള്ള താരതമ്യം അഭിമാനം’

1 month ago 7

‘‘നീ നോക്കിക്കോ സുശീലേ... ഞാൻ അവനെയൊരു കളിക്കാരനാക്കും!’’ ‘1983’ എന്ന സിനിമയിൽ നിവിൻ പോളിയുടെ രമേശൻ എന്ന കഥാപാത്രം തന്റെ ഭാര്യയോട് പറയുന്ന ഈ വാക്കുകളിൽ ഒരു അച്ഛന്റെ വാശിയുണ്ടായിരുന്നു. തനിക്ക് നഷ്ടപ്പെട്ടുപോയ പിച്ചുകളെയും പാഴായിപ്പോയ സ്വപ്നങ്ങളെയും മകനിലൂടെ തിരിച്ചുപിടിക്കാനുള്ള ഒരു സാധാരണക്കാരന്റെ സ്വപ്നം. സിനിമയുടെ ക്ലൈമാക്സിൽ മകൻ നെറ്റ്സിൽ പന്തുകളെ നേരിടുന്നത് കണ്ട് കണ്ണുനിറയുന്ന രമേശൻ മലയാളിയുടെ മനസ്സിലേക്കാണ് അന്ന് കയറികൂടിയത്.

എന്നാൽ ഇന്ന്, ആ സിനിമാക്കഥയെക്കാൾ മനോഹരമായ ഒരു യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്. വെള്ളിത്തിരയിലെ രമേശന്റെ സ്വപ്നങ്ങൾ ഇന്നു തന്റെ അച്ഛനു വേണ്ടി ഒരു മകൻ യഥാർഥ്യമാക്കിയിരിക്കുന്നു. അണ്ടർ 19 ലോകകപ്പ് കിരീടജേതാക്കളായ നീലപ്പടയിൽ ഒരു മലയാളി തിളക്കം - ആരോൺ ജോർജ്. താൻ പണ്ട് നെഞ്ചോട് ചേർത്ത ബാറ്റും സ്വപ്നങ്ങളും മകന് കൈമാറിയ ഒരു അച്ഛന്റെ ആത്മസംതൃപ്തിയും ആ വിശ്വാസത്തെ ലോകവേദിയിൽ എത്തിച്ച ഒരു മകന്റെ കഠിനാധ്വാനവും ഈ വിജയത്തിന് പിന്നിലുണ്ട്. രാജ്യത്തിനു വേണ്ടി ലോകകപ്പ് നേടാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ആരോൺ മനോരമ ഓൺലൈനോട് പറഞ്ഞു. ലോകകപ്പ് വിശേഷങ്ങളെ കുറിച്ചും, ഭാവി പ്രതീക്ഷകളെ പറ്റിയും ‘ലിറ്റിൽ ചാംപ്യൻ’ മനസ്സു തുറക്കുന്നു...

∙ ടീം വർക്ക്

കഴിഞ്ഞ ആറേഴു മാസമായി ലോകകപ്പിനു വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു അണ്ടർ 19 ടീം. വലിയൊരു ഡിസിപ്ലിൻ ടീമിലുണ്ടായിരുന്നു. എന്താണ് ടീം തങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അറിയാമായിരുന്നു. ഓരോ മത്സരത്തിലും ഓരോരുത്തർ ഫോമിലേക്ക് വരുന്നുണ്ടായിരുന്നു. എല്ലാവർക്കും പരസ്പരം കഴിവുകളിൽ വിശ്വാസമുണ്ടായിരുന്നു. ആ ഒത്തൊരുമയാണ് മറ്റു ടൂർണമെന്റ് ഫേവറീറ്റുകളെ തോൽപ്പിച്ച് കിരീടം നേടാൻ സഹായിച്ചത്. ഫൈനലിനു ശേഷം വലിയൊരു ആഘോഷമാണ് ഡ്രസിങ് റൂമിൽ നടന്നത്.

∙ അഫ്ഗാൻ‍ ഇന്നിങ്സ്

സെമിഫൈനൽ ആയതുകൊണ്ട് തന്നെ തുടക്കത്തിൽ നല്ല പ്രഷർ ഉണ്ടായിരുന്നു. അഫ്ഗാൻ 311 റൺസ് അടിച്ചപ്പോൾ അത് വലിയൊരു ടോട്ടൽ ആണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ബാറ്റിങ് മികച്ച രീതിയിൽ കൊണ്ടുപോയാൽ മാത്രമേ അത് ചേസ് ചെയ്യാൻ പറ്റൂ. തുടക്കം മുതൽ മികച്ച താളത്തിൽ കളിക്കുന്ന ബാറ്റർ അവസാനം വരെ ക്രീസിൽ നിൽക്കുക എന്നത് ടീമിന് പ്രധാനമാണ്. എനിക്ക് അവസരം കിട്ടിയപ്പോൾ ഷോട്ട്സ് ഒക്കെ നന്നായി കണക്ട് ആകുന്നുണ്ടായിരുന്നു. പന്തുകൾ നേരിടുന്നതിനു മുൻപ് സ്കോർ ബോർഡ് നോക്കി, ഓരോ ഓവറിലും എത്ര റൺസ് വേണം, ബോളിങിലെ വിടവുകൾ എങ്ങനെ എക്സ്‌പ്ലോയിറ്റ് ചെയ്യാം എന്നെല്ലാം പ്ലാൻ ചെയ്താണ് ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയത്. സെഞ്ചറിയിലൂടെ ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ആ ഫീലിങ് പറഞ്ഞറിയിക്കാൻ പറ്റില്ല.

   അണ്ടർ 19 ഏകദിന ലോകകപ്പ് സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചറി നേടിയ ഇന്ത്യൻ താരം ആരോൺ ജോർജ് (X/BCCI)

അണ്ടർ 19 ഏകദിന ലോകകപ്പ് സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചറി നേടിയ ഇന്ത്യൻ താരം ആരോൺ ജോർജ് (X/BCCI)

∙ വൈഭവും ഇനാനും

സിംപിൾ ആൻഡ് ഹംബിൾ. ഗെയിം ഫോളോ ചെയ്താണ് അവൻ കളിക്കുന്നത്. ഒരോ പന്തിനെയും എങ്ങനെ നേരിടണമെന്ന് അറിയാം. അതാണ് ആ പവർഹിറ്റിങ് ഷോട്ടുകൾക്ക് പിന്നിലെ രഹസ്യം. ഞങ്ങൾ ഗ്രൗണ്ടിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കാറുണ്ട്. വൈഭവ് അവന്റെ ഫ്ലോയിൽ ബാറ്റ് ചെയ്യുന്നത് ടീമിന് ഗുണകരമാണ്. ഫൈനലിൽ ഉൾപ്പെടെ അവന്റെ ഇന്നിങ്സ് ടീമിനു നേട്ടമുണ്ടാക്കി. ടീമിന്റെ ബാറ്റിങ് സ്ട്രെങ്ത് വളരെ ആഴത്തിലുള്ളതായിരുന്നു. എല്ലാവരും ബാറ്റ് ചെയ്യും, അതു നല്ല കോംബിനേഷൻ ആയിരുന്നു. ഇനാൻ എന്റെ വളരെ ക്ലോസ് ഫ്രണ്ടാണ്. അവൻ ഭയങ്കര ടാലന്റഡ് പ്ലെയറാണ്. ടീം കോംബിനേഷൻ കാരണം ചിലപ്പോൾ അവസരം കുറഞ്ഞേക്കാം, പക്ഷേ കളിക്കുന്ന സമയത്തൊക്കെ മികച്ച സംഭാവന അവൻ നൽകുന്നുണ്ട്. നല്ലൊരു ‘ടീം മാൻ’ ആണ് ഇനാൻ.

 Facebook/ACC

വൈഭവ് സൂര്യവംശിയും ആരോൺ ജോർജും ബാറ്റിങ്ങിനിടെ. ചിത്രം: Facebook/ACC

∙ സഞ്ജുവുമായുള്ള ഈ താരതമ്യത്തെ എങ്ങനെ കാണുന്നു?

സഞ്ജു സാംസൺ സീനിയർ ടീമിന് വേണ്ടി കളിക്കുന്ന മികച്ച താരങ്ങളിൽ ഒരാളാണ്. ഞാനിപ്പോൾ അണ്ടർ-19 ടീമിന്റെ ഭാഗമാണ്. സഞ്ജു സാറുമായി ക്രിക്കറ്റ് ലോകം താരതമ്യപ്പെടുത്തുന്നതിലും അഭിനന്ദിക്കുന്നതിലും നന്ദിയുണ്ട്. പക്ഷേ ഓരോ താരവും ക്രീസിനകത്തും പുറത്തും വ്യത്യസ്തനാണ്. സിനീയർ ടീമിന്റെ ഭാഗമായവരുടെ നിലവാരത്തിലേക്ക് ഉയരാനാണ് ഞങ്ങൾ എല്ലാവരും പ്രയത്നിക്കുന്നത്. ഞാൻ ഇപ്പോൾ ഭാവിയെക്കുറിച്ച് അമിതമായി ആലോചിക്കുന്നില്ല, കരിയറിൽ ചെറിയ ചെറിയ പടവുകൾ താണ്ടി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്.

‌‌∙ ദ് ഗോഡ് ഓഫ് ക്രിക്കറ്റ്

ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിനു മുൻപാണ് സച്ചിൻ സാറുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണത്. ഞങ്ങളുടെ സംശയങ്ങൾ അദ്ദേഹം ക്ലിയർ ചെയ്തു തന്നു. ആ സംഭാഷണം ടീമിന് വലിയ പ്രചോദനം നൽകി. അതിന് ബിസിസിഐയോട് നന്ദി പറയുന്നു.

∙ നീലക്യാപ്

സീനിയർ ടീമിൽ കളിക്കുക എന്നത് ഏതൊരു താരത്തിന്റെയും വലിയൊരു സ്വപ്നമാണ്. പക്ഷേ ഇനിയും ഒരുപാട് സ്കിൽസ് എനിക്ക് ഇംപ്രൂവ് ചെയ്യാനുണ്ട്. ഇപ്പോൾ ഹൈദരാബാദിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കണം. ചെറിയ ചെറിയ നേട്ടങ്ങളിലൂടെ മുന്നോട്ട് പോകാനാണ് പ്ലാൻ. സമയമാകുമ്പോൾ ഇന്ത്യൻ ടീമിന്റെ ക്യാപ് എന്നെതേടിയെത്തും. ഐപിഎൽ സ്കൗട്ടുകളെക്കുറിച്ചോ ഫ്രാഞ്ചൈസികളെക്കുറിച്ചോ ഇപ്പോൾ ചിന്തിക്കുന്നില്ല. ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, തയാറായിരിക്കുക എന്നതാണ് നിലവിലെ തീരുമാനം.

What you should work next

∙ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻഅണ്ടർ-16 മുതൽ ഞാൻ ഹൈദരാബാദിന് വേണ്ടിയാണ് കളിക്കുന്നത്. അന്ന് മുതൽ അസോസിയേഷൻ നൽകുന്ന പിന്തുണയും സ്നേഹവും പറഞ്ഞറിയിക്കാൻ പറ്റില്ല. എച്ച്സിഎയ്ക്ക് വേണ്ടി അണ്ടർ 23ലു സിനീയർ ടീമിലും പാഡണിയണം, മത്സരങ്ങൾ ജയിക്കണം. അത്രമാത്രം. നിലവിൽ ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി കളിക്കാൻ പദ്ധതിയില്ല. ഭാവി പ്രവചിക്കാൻ പറ്റി‌ല്ലലോ..

∙ അവരും ഹാപ്പിഅച്ഛനും അമ്മയും സഹോദരിയുമെല്ലാം ഹാപ്പിയാണ്.. എനിക്ക് ലഭിക്കുന്ന ഈ അഭിനന്ദനങ്ങൾ അവർക്ക് കൂടെ അവകാശപ്പെട്ടതാണ്. നാട്ടിൽ ഗ്രാൻഡ് പേരന്റ്‌സ് ടിവിയിലാണ് കളി കണ്ടത്. അവർക്ക് വലിയ സന്തോഷമായി. ഞാൻ‍ സീനിയർ ടീമിൽ കളിക്കുന്നത് കാണാൻ‍ കാത്തിരിക്കുകയാണ് അവർ. മാർച്ചിൽ കേരളത്തിൽ എത്തും.

English Summary:

Aaron George, a young Malayali cricketer who fulfilled his father's imagination by winning the Under-19 World Cup.

Read Entire Article