ആ വാർത്ത മെസ്സിയെ വേദനിപ്പിച്ചു, സ്കലോണി ക്ഷുഭിതനായി... ഇത് കണ്ണീരിന്റെ കനലിൽ വിരിഞ്ഞ സിംഹാസനം! ലോകകപ്പിന്റെ നെറുകയിൽ മെസ്സി

4 weeks ago 12

ആകാശത്തേക്ക് നീളുന്ന ഫ്ലാഷ്‌ലൈറ്റുകളുടെ പ്രഭാവലയത്തിൽ, മുപ്പത്തിയെട്ടാം വയസ്സിന്റെ പക്വതയുമായി അയാൾ പെനാൽറ്റി സ്പോട്ടിലേക്ക് നടന്നു നീങ്ങി. കരിയറിലുടനീളം മാന്ത്രിക നിമിഷങ്ങൾ മാത്രം സമ്മാനിച്ച ആ കാലുകൾക്ക് മുന്നിൽ വീണ്ടുമൊരു ചരിത്രനിമിഷം കാത്തുനിൽക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് അൾജീരിയക്കെതിരെ നേടിയ ലോകകപ്പ് ഹാട്രിക്കിലൂടെ മിറോസ്ലാവ് ക്ലോസെയുടെ സർവകാല റെക്കോർഡിനൊപ്പം (16 ഗോളുകൾ) അയാൾ എത്തിയിരുന്നു. ഇനി ഒരു ഗോൾ മാത്രം മതി, ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി ഫുട്ബോൾ സിംഹാസനത്തിൽ മെസ്സിക്ക് തനിച്ചിരിക്കാം...

What you should work next

മൈതാനം മുഴുവൻ ശ്വാസമടക്കിപ്പിടിച്ചു. പതിവുപോലെ ശാന്തനായി അയാൾ പന്തിലേക്ക് അടുത്തു. പക്ഷേ, വിധി മറ്റൊന്നായിരുന്നു. മെസ്സിയുടെ ഇടങ്കാലിൽ നിന്ന് തൊടുത്ത പന്ത് ലക്ഷ്യം കാണാതെ പുറത്തേക്ക്. ഡാലസ് സ്റ്റേഡിയം ഒരു നിമിഷം സ്തബ്ധമായി. 22 വർഷത്തെ സുവർണ കരിയറിൽ മെസ്സി ഇതിനുമുൻപും പെനാൽറ്റികൾ കൈവിട്ടിട്ടുണ്ട്. എന്നാൽ ഈ പിഴവിന് ഒരൽപം ഭാരക്കൂടുതൽ ഉണ്ടായിരുന്നു. കാരണം, ആ മൈതാനത്തിന് പുറത്ത്, ആരാധകർ കാണാത്ത ചില നിഴൽയുദ്ധങ്ങളിലായിരുന്നു അപ്പോൾ ലയണൽ മെസ്സി.

ഫിഫ ലോകകപ്പിൽ ഓസ്ട്രിയയ്ക്കെതിരെ ഗോൾ നേടിയ അർജന്റീന താരം ലയണൽ മെസ്സിയുടെ ആഹ്ലാദം. ഈ ഗോളോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാറി മെസ്സി. Reuters/Troy Taormina

ഫിഫ ലോകകപ്പിൽ ഓസ്ട്രിയയ്ക്കെതിരെ ഗോൾ നേടിയ അർജന്റീന താരം ലയണൽ മെസ്സിയുടെ ആഹ്ലാദം. ഈ ഗോളോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാറി മെസ്സി. Reuters/Troy Taormina

∙ ഹൃദയ ഭാരവും മൈതാനത്തെ ഏകാന്തതയും

ഒരു ഫുട്ബോൾ കളിക്കാരൻ എന്നതിനപ്പുറം, മെസ്സിക്ക് താങ്ങായി നിന്നത് അദ്ദേഹത്തിന്റെ പിതാവ് ജോർജ് മെസ്സിയാണ്. ആദ്യത്തെ കോച്ചായും, വഴികാട്ടിയായും, കരിയറിന്റെ ഓരോ ഘട്ടത്തിലും നിഴലായി നിന്ന പിതാവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു എന്ന വാർത്ത മെസ്സിയുടെ ക്യാംപ് കഴിഞ്ഞ ആഴ്ചയാണ് പുറത്തുവിട്ടത്. അർജന്റീനയിലെ മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായി. അതിനിടയിൽ ഒരു ടെലിവിഷൻ റിപ്പോർട്ടർ ജോർജ് മെസ്സി മരണപ്പെട്ടു എന്ന വ്യാജവാർത്ത വരെ നൽകി പിന്നീട് രാജി വയ്ക്കേണ്ടി വന്നു.

What you should work next

തന്റെ ജീവനായ പിതാവിന്റെ ആതുരശയ്യയെക്കുറിച്ചുള്ള ആശങ്കകൾ ഉള്ളിലൊതുക്കിയാണ് മെസ്സി ഓസ്ട്രിയക്കെതിരെ ബൂട്ട് കെട്ടിയത്. കളിയുടെ ആദ്യ അരമണിക്കൂറിൽ മെസ്സി മൈതാനത്ത് അലഞ്ഞുതിരിയുന്നതുപോലെ തോന്നിപ്പിച്ചു. കളിയിൽ നിന്ന് പലപ്പോഴും അദ്ദേഹം വേർപെട്ടു നിൽക്കുന്നതായി കാണപ്പെട്ടു. 15-ാം മിനിറ്റിൽ ബോക്സിനുള്ളിൽ തകർപ്പൻ മുന്നേറ്റം നടത്തിയെങ്കിലും ഓസ്ട്രിയൻ ഡിഫെൻഡർമാർ പന്ത് ഗോൾലൈനിൽ നിന്ന് തട്ടിയകറ്റി. 'ഇത് മെസ്സിയുടെ ദിവസമല്ലേ?' എന്ന് ഗാലറിയിലെ ആരാധകർ പരസ്പരം ചോദിച്ച നിമിഷങ്ങളായിരുന്നു അത്.

∙ അഗ്നിപർവതം കണക്കെ പൊട്ടിത്തെറിച്ച 38-ാം മിനിറ്റ്

എന്നാൽ ഫുട്ബോൾ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഒന്നാണ്, മെസ്സിയെ ഒരിക്കലും എഴുതിത്തള്ളരുത്. കളിയുടെ 38-ാം മിനിറ്റിൽ ആ മാന്ത്രികത വീണ്ടും ഉണർന്നു. തിയാഗോ അൽമാഡയുടെ മനോഹരമായ ഒരു നീക്കത്തെ തുടർന്ന് ബോക്സിന് തൊട്ടുപുറത്ത് ലഭിച്ച പന്തുമായി മെസ്സി കുതിച്ചു. ഓസ്ട്രിയൻ പ്രതിരോധത്തിന് ചിന്തിക്കാൻ പോലും സമയം നൽകാതെ, ഗോൾകീപ്പറെ നിഷ്പ്രഭനാക്കിക്കൊണ്ട് ആ ഇടങ്കാലൻ ഷോട്ട് വലയുടെ കോണിലേക്ക് തുളച്ചുകയറി!

ഫിഫ ലോകകപ്പിൽ ഓസ്‌ട്രിയയ്‌ക്കെതിരെ ഗോൾ നേടിയപ്പോൾ ആഘോഷിക്കുന്ന അർജന്റീന താരം ലയണൽ മെസ്സി. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി. IMAGN IMAGES via Reuters/Troy Taormina

ഫിഫ ലോകകപ്പിൽ ഓസ്‌ട്രിയയ്‌ക്കെതിരെ ഗോൾ നേടിയപ്പോൾ ആഘോഷിക്കുന്ന അർജന്റീന താരം ലയണൽ മെസ്സി. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി. IMAGN IMAGES via Reuters/Troy Taormina

ആ ഗോൾ പിറന്ന നിമിഷം ഡാലസ് സ്റ്റേഡിയം ഒരു അഗ്നിപർവതം പോലെ പൊട്ടിത്തെറിച്ചു. മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് തകർത്ത്, 17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി മാറി. അൾജീരിയക്കെതിരെയുള്ള മത്സരത്തിലെ ഗോളാഘോഷങ്ങളിൽ നിറഞ്ഞ സന്തോഷമായിരുന്നെങ്കിൽ, ഈ ഗോളാഘോഷത്തിൽ ഒരുതരം ആക്രോശമായിരുന്നു, ഉള്ളിലെ സങ്കടങ്ങളെയും സമ്മർദങ്ങളെയും ഭേദിച്ചുകൊണ്ടുള്ള ഒരു സിംഹഗർജനം. കോർണർ ഫ്ലാഗിനടുത്തേക്ക് ഓടിയ മെസ്സി തന്റെ ഉള്ളിലെ കനലെല്ലാം ആ ഗോളാഘോഷത്തിലൂടെ പുറത്തുവിട്ടു.

∙ കനൽവഴിയിൽ തുണയായ സഹയോദ്ധാക്കൾ

രണ്ടാം പകുതിയുടെ അധികസമയത്ത് മെസ്സി തന്റെ രണ്ടാമത്തെ ഗോളും നേടി. യൂലിയൻ അൽവാരസിന് മെസ്സി നൽകിയ പാസ് ഗോൾകീപ്പർ തടുത്തുവെങ്കിലും, റീബൗണ്ട് ചെയ്ത് വന്ന പന്തിനായി മെസ്സി പോരാടി. ഡിഫെൻഡർമാരുടെ കാൽക്കൂട്ടങ്ങൾക്കിടയിലൂടെ വീണുകിടന്നുകൊണ്ട് അദ്ദേഹം ആ പന്ത് വലയിലെത്തിച്ചു. അർജന്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയം ഉറപ്പിച്ചു. ഈ ടൂർണമെന്റിൽ രണ്ട് മത്സരങ്ങളിൽ നിന്നായി മെസ്സിയുടെ അഞ്ചാമത്തെ ഗോളായിരുന്നു അത്.

ഓസ്‌ട്രിയയ്‌ക്കെതിരായ മത്സരത്തിൽ പെനൽറ്റി കിക്ക് എടുക്കുന്ന അർജന്റീന താരം ലയണൽ മെസ്സി. REUTERS/Hannah Mckay TPX

ഓസ്‌ട്രിയയ്‌ക്കെതിരായ മത്സരത്തിൽ പെനൽറ്റി കിക്ക് എടുക്കുന്ന അർജന്റീന താരം ലയണൽ മെസ്സി. REUTERS/Hannah Mckay TPX

ഈ പോരാട്ടങ്ങളിലെല്ലാം മെസ്സിക്ക് കാവലായി നിന്നത് അദ്ദേഹത്തിന്റെ ടീമംഗങ്ങളായിരുന്നു. അർജന്റീനിയൻ കളിക്കാർ തങ്ങളുടെ നായകനെ വെറുമൊരു കളിക്കാരനായല്ല, മറിച്ച് രാജ്യത്തിന്റെ നിധിയായാണ് കാത്തുസൂക്ഷിക്കുന്നത്. ‘എന്റെ നായകന് വേണ്ടി ഞാൻ ഗോൾപോസ്റ്റിൽ മരിക്കാൻ പോലും തയാറാണ്’ എന്ന് പ്രഖ്യാപിച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസും, 2022ലെ ലോകകപ്പ് വിജയത്തിന് ശേഷം മെസ്സിയുടെ മുഖം ശരീരത്തിൽ ടാറ്റൂ ചെയ്ത നിക്കോളാസ് ഒട്ടമെൻഡിയും മെസ്സിക്കൊപ്പം കളിക്കാൻ വേണ്ടി മാത്രം ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ റോഡ്രിഗോ ഡി പോളും അടങ്ങുന്ന ഒരു വലിയ സഹോദരവലയം അദ്ദേഹത്തിന് ചുറ്റുമുണ്ട്. വരാനിരിക്കുന്ന ബുധനാഴ്ച 39 വയസ്സ് തികയുന്ന തങ്ങളുടെ പ്രിയപ്പെട്ട നായകന് ഒരു ലോകകപ്പ് കൂടി സമ്മാനിച്ച് യാത്രയയപ്പ് നൽകുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് ആ യുവനിരയ്ക്കുള്ളത്.

What you should work next

∙ സ്കലോണിയുടെ കണ്ണീരും ആരാധകരുടെ പ്രാർഥനയും

അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണി ഈ വൈകാരിക നിമിഷങ്ങളിൽ മെസ്സിക്കൊപ്പം പാറപോലെ ഉറച്ചുനിന്നു. മത്സരത്തിന് മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ ഒരു മാധ്യമപ്രവർത്തകൻ മെസ്സിയുടെ പിതാവിന്റെ വ്യാജ മരണവാർത്തയെക്കുറിച്ച് ചോദിച്ചപ്പോൾ സ്കലോണി ക്ഷുഭിതനായി. ‘ഒരു പ്രസ് കോൺഫറൻസ് ഇങ്ങനെയാണോ തുടങ്ങേണ്ടത്? ഞങ്ങൾ ശക്തരാണ്, നാളത്തെ മത്സരത്തിന് സജ്ജരാണ്,’ എന്ന് പറഞ്ഞ് അദ്ദേഹം ആ ചോദ്യത്തെ തള്ളിക്കളഞ്ഞു. തങ്ങളുടെ ക്യാപ്റ്റനെ പുറത്തുനിന്നുള്ള യാതൊരു സമ്മർദങ്ങൾക്കും വിട്ടുകൊടുക്കില്ലെന്ന സ്കലോണിയുടെ പ്രഖ്യാപനമായിരുന്നു അത്.

തിങ്കളാഴ്ച ഡാലസിലെ തെരുവുകളിലും സ്റ്റേഡിയത്തിലും ഒഴുകിയെത്തിയ പതിനായിരക്കണക്കിന് അർജന്റീനിയൻ ആരാധകരും മെസ്സിക്ക് ചുറ്റും ഒരു സ്നേഹമതിൽ തീർത്തു. അവർ പാടിയ പാട്ടുകളിലും ഉയർത്തിയ പതാകകളിലും ഒരു കാൽപന്ത് കളിക്കാരനോടുള്ള ആരാധന മാത്രമല്ലായിരുന്നു, മറിച്ച് പ്രതിസന്ധി ഘട്ടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവന് നൽകുന്ന മാനസികമായ പിന്തുണ കൂടിയായിരുന്നു. മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയപ്പോഴും അവർ കൂടുതൽ ഉച്ചത്തിൽ അദ്ദേഹത്തിന്റെ പേര് വിളിച്ചുപറഞ്ഞു.

∙ കൊടുമുടിയിലെ ഏകാന്തസഞ്ചാരി

ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസം താൻ തന്നെയാണെന്ന് ലയണൽ മെസ്സി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. വ്യക്തിപരമായ വേദനകളുടെ കരിനിഴലിലും വിട്ടുകൊടുക്കാത്ത ആ മനസ്സും, മൈതാനത്തെ അസാധാരണമായ പോരാട്ടവീര്യവും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. ക്ലോസെയും പെലെയും റൊണാൾഡോയും വർഷങ്ങളോളം പിടിച്ചടക്കി വച്ചിരുന്ന ലോകകപ്പിന്റെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇനി ആ തലപ്പത്ത് ഒരൊറ്റ പേര് മാത്രം, ലയണൽ മെസ്സി. കണ്ണീരിന്റെ കനൽവഴികൾ താണ്ടി, ലോക ഫുട്ബോളിന്റെ സുവർണ സിംഹാസനത്തിൽ അയാൾ ഇപ്പോൾ തനിച്ചിരിക്കുകയാണ്. അതുകണ്ട് ഫിഫ മലയാളത്തിൽ കുറിച്ചു ‘ഇവനെ പടച്ചുവിട്ട കടവുള്‍ക്ക് പത്തിൽ 10’

English Summary:

From Penalty Miss to Record Breaker: Messi's Unwavering Spirit

Read Entire Article