അഹമ്മദാബാദ്∙ ക്രീസിൽനിന്ന് പവലിയനിലേക്കുള്ള ഇന്ത്യൻ ബാറ്റർമാരുടെ മടക്കയാത്രയ്ക്കു സമാനമായിരുന്നു ഇന്നലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്നു കാണികളുടെ ഒഴിഞ്ഞുപോക്ക്. പിഴവുകളുടെ ഘോഷയാത്ര കണ്ട ഇന്ത്യൻ ഇന്നിങ്സിലെ അവസാന വിക്കറ്റ് വീഴും മുൻപേ 80,000 കാണികൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയം ഏറക്കുറെ ശൂന്യമായി. ബോളിങ്ങിൽ ഇടറിയും ബാറ്റിങ്ങിൽ പതറിയും ആരാധകരെ നിരാശയുടെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ട ഇന്ത്യൻ ടീമിന് ട്വന്റി20 ലോകകപ്പിൽ നടുക്കുന്ന തോൽവി. സൂപ്പർ 8 റൗണ്ടിലെ സൂപ്പർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 76 റൺസിന്റെ ഉജ്വല വിജയം.
ആദ്യം ബാറ്റു ചെയ്ത് 187 റൺസിന്റെ മികച്ച സ്കോറുയർത്തിയ ദക്ഷിണാഫ്രിക്ക, ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിരയെ 111 റൺസിൽ ഓൾഔട്ടാക്കി നാണം കെടുത്തി. ട്വന്റി20 ലോകകപ്പിൽ റൺ അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7ന് 187. ഇന്ത്യ 18.5 ഓവറിൽ 111ന് ഓൾഔട്ട്. അർധ സെഞ്ചറിയുമായി ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്കു നയിച്ച ഡേവിഡ് മില്ലറാണ് പ്ലെയർ ഓഫ് ദ് മാച്ച്. ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനമുറപ്പിക്കാൻ അടുത്ത 2 മത്സരങ്ങളിലും ഇതോടെ ഇന്ത്യയ്ക്ക് ജയം അനിവാര്യമായി. 26ന് ചെന്നൈയിൽ സിംബാബ്‌വെയ്ക്കെതിരെയാണ് അടുത്ത മത്സരം.
പതിവു തെറ്റിക്കാതെടൂർണമെന്റിലാദ്യമായി ചേസിങ്ങിന് ഇറങ്ങേണ്ടിവന്ന ഇന്ത്യയ്ക്ക് മുൻപിൽ ദക്ഷിണാഫ്രിക്കയുയർത്തിയത് 188 റൺസ് വിജയലക്ഷ്യം. ഇന്ത്യൻ ടോപ് ഓർഡറിന്റെ ബലഹീനതകൾ തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്ക ഓഫ് സ്പിന്നർ എയ്ഡൻ മാർക്രത്തെ ആദ്യ ഓവർ ഏൽപിച്ചപ്പോൾ തന്നെ ആരാധകർ അപകടം മണത്തതാണ്. അഭിഷേക് ശർമയുടെ ബാറ്റിലേക്കുനോക്കി നെഞ്ചിടിപ്പോടെ കളി കണ്ട ഗാലറിയെ ആദ്യം ഞെട്ടിച്ചത് ഇഷാൻ കിഷനാണ്. മാർക്രത്തിന്റെ മൂന്നാം പന്തിൽ മിഡ് ഓൺ ക്യാച്ചിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഇഷാൻ (0) തൊട്ടടുത്ത പന്തിൽ റയാൻ റിക്കൽറ്റനു ക്യാച്ച് നൽകി പുറത്തായി. ടൂർണമെന്റിലാദ്യമായി അഭിഷേകിനേക്കാൾ മുൻപ് ഇഷാൻ ഡഗ്ഔട്ടിൽ തിരിച്ചെത്തി! ആ ഓവറിന്റെ അവസാനം നേരിട്ട ആദ്യ പന്തിൽതന്നെ ഫോർ നേടിയ അഭിഷേക് തുടർച്ചയായ 3 ഡക്കുകൾക്കുശേഷം ലോകകപ്പിൽ അക്കൗണ്ട് തുറന്നു.
തൊട്ടടുത്ത ഓവറിൽ മാർക്കോ യാൻസനെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാൻ ശ്രമിച്ച തിലക് വർമ (1)പുറത്തായപ്പോഴും ഇന്ത്യൻ ക്യാംപിൽ വലിയ ആശങ്കയുണ്ടായില്ല. കഗീസോ റബാദയുടെ മൂന്നാം ഓവറിൽ ഒരു സിക്സും ഫോറും നേടിയതോടെ ഇത് അഭിഷേകിന്റെ ദിവസമാണെന്ന പ്രതീക്ഷ പരന്നു. എന്നാൽ പന്തുകൾ കണക്ട് ചെയ്യാനാകാതെ അഭിഷേക് ക്രീസിൽ വിയർക്കുന്നതാണ് പിന്നീട് കണ്ടത്. അഞ്ചാം ഓവറിൽ മാർക്കോ യാൻസന്റെ ‘സ്ലോബോൾ കെണിയിൽ’ ഷോട്ട് പിഴച്ച് പുറത്തായ അഭിഷേക് ശർമ (12 പന്തിൽ 15) ലോകകപ്പിലെ നാലാം ഇന്നിങ്സിലും നിരാശയോടെ മടങ്ങി.
തുടർന്നെത്തിയ വാഷിങ്ടൻ സുന്ദർ (11 പന്തിൽ 11), സൂര്യകുമാർ യാദവ് (22 പന്തിൽ 18), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 18), റിങ്കു സിങ് (0) എന്നിവരും വെല്ലുവിളിയുയർത്താതെ കീഴടങ്ങിയതോടെ തോൽവിയുറപ്പിച്ച ആരാധകർ ഗാലറി ഒഴിഞ്ഞുതുടങ്ങി. ശിവം ദുബെയുടെ ചെറുത്തുനിൽപാണ് (37 പന്തിൽ 42) തോൽവിയുടെ മാർജിൻ കുറച്ചത്. ഇന്ത്യയുടെ 10 ബാറ്റർമാരും ക്യാച്ച് നൽകി പുറത്താകുകയായിരുന്നു.
കൈവിട്ട മത്സരംനേരത്തേ ആദ്യ 20 റൺസിനിടെ 3 ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ പുറത്താക്കി ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങും ചേർന്നു നൽകിയ മികച്ച തുടക്കം മുതലാക്കാൻ മറ്റ് ഇന്ത്യൻ ബോളർമാർക്കായില്ല. ഡേവിഡ് മില്ലറും (35 പന്തിൽ 63) ഡിയേവാൾഡ് ബ്രെവിസും (29 പന്തിൽ 45) ചേർന്ന് നാലാം വിക്കറ്റിൽ 50 പന്തിൽ നേടിയ 97 റൺസാണ് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്.
അവസാന ഓവറുകളിൽ തകർത്തടിച്ച ട്രിസ്റ്റൻ സ്റ്റബ്സിന്റെ (24 പന്തിൽ 44 നോട്ടൗട്ട്) ഇന്നിങ്സും നിർണായകമായി. 15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്ര തിളങ്ങിയപ്പോൾ സ്പിന്നർമാരും ഓൾറൗണ്ടർമാരും തീർത്തും നിരാശപ്പെടുത്തി. ബുമ്രയും അർഷ്ദീപും ചേർന്നെറിഞ്ഞ 8 ഓവറിൽ 43 റൺസ് മാത്രം നേടാനായ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ മറ്റു 12 ഓവറുകളിൽ അടിച്ചുകൂട്ടിയത് 144 റൺസാണ്.
English Summary:







English (US) ·