ആ ‘ശാപം’ അങ്ങ് തീർത്തു, ഐപിഎലിൽ ‘ജയിച്ചു’ തുടങ്ങി മുംബൈ; രോഹിത്തിനും റിക്കൽറ്റനും അർധസെഞ്ചറി

2 months ago 8

മുംബൈ ∙ വാങ്കഡെ സ്റ്റേഡിയത്തിൽ, ആർത്തിരമ്പുന്ന നീലക്കടലിനെ സാക്ഷിയാക്കി 13 വർഷത്തെ ആ ‘ശാപം’ മുംബൈ ഇന്ത്യൻസ് തീർത്തു. ഐപിഎലിലെ ആദ്യ മത്സരം തോറ്റു തുടങ്ങുന്ന ശീലം ഹാർദിക്കും കൂട്ടരും മാറ്റിയെഴുതിയപ്പോൾ കൊൽക്കത്തയ്ക്കെതിരെ ആറു വിക്കറ്റിന്റെ മിന്നും ജയം. കൊൽക്കത്ത ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്. 2012 സീസണിനു ശേഷം ആദ്യമായാണ് മുംബൈ, ഐപിഎലിലെ തങ്ങളുടെ ആദ്യം മത്സരം ജയിക്കുന്നത്. അർധസെഞ്ചറി നേടിയ രോഹിത് ശർമ (38 പന്തിൽ 78), റയാൻ റിക്കൽറ്റൻ (43 പന്തിൽ 81) എന്നിവരുടെ കിടിലൻ ബാറ്റിങ്ങാണ് മുംബൈയ്ക്ക് വിജയം സമ്മനിച്ചത്.

മറുപടി ബാറ്റങ്ങിൽ, ഓപ്പണർമാരായ രോഹിത്തും റിക്കൽറ്റനും ചേർന്ന് മിന്നും തുടക്കമാണ് മുംബൈയ്ക്കു നൽകിയത്. ആദ്യ ഓവർ മുതൽ ഇരുവരും കൊൽക്കത്ത ബോളർമാരെ പ്രഹരിക്കാൻ തുടങ്ങിയതോടെ മുംബൈ സ്കോർ കുതിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 80ൽ എത്തി. പവർപ്ലേയിൽ തന്നെ രോഹിത് അർധസെഞ്ചറി പൂർത്തിയാക്കുകയും ചെയ്തു. ഐപിഎൽ കരിയറിലെ അമ്പതാം അർധസെഞ്ചറിയാണ് രോഹിത് തികച്ചത്. അതും വെറും 23 പന്തിൽ. രോഹിത്തിന്റെ വേഗമേറിയ ഐപിഎൽ ഫിഫ്റ്റിയാണിത്. 2015 ഐപിഎൽ ഫൈനലിൽ ചെന്നൈയ്ക്കെതിരെ 25 പന്തിൽ നേടിയതായിരുന്നു ഇതിനു മുൻപുള്ള വേഗമേറിയ അർധസെഞ്ചറി.

രോഹിത്തും റിക്കൽറ്റനും മത്സരിച്ച് സിക്സർ പായിച്ചതോടെ ഒൻപതാം ഓവറിൽ മുംബൈ സ്കോർ 100 കടന്നു. 12–ാം ഓവറിൽ രോഹിത്തിനെ വീഴ്ത്തി വൈഭവ് അറോറയാണ് കൂട്ടുകെട്ട് പൊളിച്ചത്. . അപ്പോഴേയ്ക്കും സ്കോർ 148ൽ എത്തിയിരുന്നു. ഐപിഎലിൽ മുംബൈയുടെ ഏറ്റവും വലിയ നാലാമത്തെ കൂട്ടുകെട്ടാണിത്. ആറു സിക്സും ആറു ഫോറുമാണ് രോഹിത്തിന്റെ ബാറ്റിൽനിന്നു പിറന്നത്. പിന്നാലെയെത്തിയത് ‘ഇംപാക്ട്’ പ്ലെയറായ സൂര്യകുമാർ യാദവ്. നേരിട്ട ആദ്യ പന്തിൽ തന്നെ ഫോറടിച്ചാണ് സൂര്യ തുടങ്ങിയത്. നന്നായി തുടങ്ങിയെങ്കിലും നീണ്ട ഇന്നിങ്സ് കളിക്കാൻ ‘ഇന്ത്യൻ ക്യാപ്റ്റന്’ ആയില്ല. 8 പന്തിൽ 16 റൺസെടുത്ത സൂര്യയെ കാർത്തിക് ത്യാഗി 15–ാം ഓവറിൽ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ റിക്കൽറ്റനെ ബ്ലെസിങ് മുസറാബിനിയും വീഴ്ത്തി.

നാലാം വിക്കറ്റിൽ ഒന്നിച്ച തിലക് വർമ– ഹാർദിക് പാണ്ഡ്യ സഖ്യം മുംബൈ വിജത്തിലേക്ക് നയിച്ചു. 14 പന്തിൽ 20 റൺസെടുത്ത തിലക്, വിജയത്തിന് തൊട്ടടുത്ത് പുറത്തായെങ്കിലും പിന്നീടെത്തിയ നമൻ ധിറും ഹാർദിക്കും ചേർന്ന് മുംബൈയ വിജയത്തിലെത്തിച്ചു.

∙ ക്യാപ്റ്റൻ ഇന്നിങ്സ്ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. ക്യാപ്റ്റൻ അജിൻക്യ രഹാനെ, (40 പന്തിൽ 67), അംഗ്ക്രിഷ് രഘുവംശി (29 പന്തിർ 51) എന്നിവരുടെ അർധസെഞ്ചറിയും ഫിൻ അലൻ (17 പന്തിൽ 37), റിങ്കു സിങ് (21 പന്തിൽ 33*) എന്നിവരുടെ ബാറ്റിങ്ങുമാണ് കൊൽക്കത്തയെ മികച്ച സ്കോറിലെത്തിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ഫിൻ അലനും ക്യാപ്റ്റൻ അജിൻക്യ രഹാനെയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ ട്രെന്റ് ബോൾട്ടിനെ സിക്സറിനു പായിച്ച് രഹാനെ തന്നെയാണ് വെടിക്കെട്ടിനു തുടക്കമിട്ടത്. ആദ്യ രണ്ട് ഓവറിൽ 14 റൺസ് മാത്രമാണ് എടുത്തതെങ്കിലും പവർപ്ലേ അവസാനിക്കുമ്പോൾ കൊൽക്കത്തയുടെ സ്കോർ 78ൽ എത്തി. ആറാം ഓവറിലാണ് ഫിൻ അലൻ പുറത്താകുന്നത്. ഷാർദുൽ ഠാക്കൂർ, തിലക് വർമയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ അലൻ–രഹാനെ സഖ്യം 69 റൺസാണ് കൂട്ടിച്ചേർത്തത്.

മൂന്നാമനായി എത്തിയത് ലേലത്തിലെ എക്സ്‌പെൻസീവ് പ്ലെയറായ കാമറൂൺ ഗ്രീൻ. ഒരറ്റത്ത് ഗ്രീൻ മികച്ച പിന്തു നൽകിയപ്പോൾ മറുവശത്ത് രഹാനെ കത്തിക്കയറി. എട്ടാം ഓവറിൽ കെകെആർ സ്കോർ നൂറു കടന്നു. ഒൻപതാം ഓവറിൽ കാമറൂൺ ഗ്രീനെ (10 പന്തിൽ 18) ഷാർദൂൽ തന്നെ ഷെർഫാൻ റൂഥർഫോർഡിന്റെ കൈകളിൽ എത്തിച്ചു. ഇതിനിടെ രഹാനെ അർധസെഞ്ചറി പിന്നിടുകയും ചെയ്തു. 26 പന്തിലാണ് താരം ഫിഫ്റ്റി തികച്ചത്. തുടർച്ചയായ രണ്ടാം സീസണിലാണ് രഹാനെ അർധസെഞ്ചറിയുമായി ഐപിഎൽ തുടങ്ങുന്നത്. കഴിഞ്ഞ സീസണിൽ, ആർസിബിക്കെതിരായ ആദ്യ മത്സരത്തിൽ രഹാനെ 31 പന്തിൽ 56 റൺസെടുത്തിരുന്നു.

അർധസെഞ്ചറിക്കു ശേഷവും ‘അടി’ തുടർന്ന രഹാനെയും ഷാർദുൽ തന്നെയാണ് വീഴ്ത്തിയത്. 14–ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ കൈകളിൽ എത്തിച്ചാണ് രഹാനെയുടെ വിക്കറ്റ് വീഴ്ത്തിയത്. 40 പന്തിൽ 5 സിക്സറുകളുടെയും 3 ഫോറുകളുടെയും അകമ്പടിയോടെയാണ് രഹാനെ 67 റൺസെടുത്തത്. മുംബൈ ഇന്ത്യൻസിനെതിരെ ഒരു കൊൽക്കത്ത ക്യാപ്റ്റന്റെ ഉയർന്ന സ്കോറാണിത്. നാലാം വിക്കറ്റിലാണ് അംഗ്ക്രിഷ് രഘുവംശി– റിങ്കു സിങ് സഖ്യം ഒന്നിച്ചത്. രഹാനെയുടെ അതേ ‘ഗിയറിൽ’ രഘുവംശിയും ബാറ്റിങ് തുടർന്നതോടെ കൊൽക്കത്ത സ്കോർ കുതിച്ചു. 19–ാം ഓവറിൽ സ്കോർ 200 കടന്നു. അതേ ഓവറിൽ അർധസെഞ്ചറി തികച്ച രഘുവംശിയെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. അവസാന ഓവറിൽ റിങ്കു സിങ്ങിന്റെ ബാറ്റിങ്ങാണ് സ്കോർ 220ൽ എത്തിച്ചത്. രമൺദീപ് സിങ് (4 പന്തിൽ 4*) പുറത്താകാതെനിന്നു.

 ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ബാറ്റിങ്.  (Photo by Punit PARANJPE / AFP)

ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ബാറ്റിങ്. (Photo by Punit PARANJPE / AFP)

∙ സൂര്യ ‘ഇംപാക്ട്’ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമ, റയാൻ റിക്കൽറ്റൻ എന്നിവരാണ് മുംബൈയുടെ ഓപ്പണർമാർ. തിലക് വർമ, ജസ്പ്രീത് ബുമ്ര എന്നിവരും ടീമിലുണ്ട്. എന്നാൽ സൂര്യകുമാർ യാദവ് ആദ്യ പ്ലേയിങ് ഇലവനിലുണ്ടായിരുന്നില്ല. താരം ഇംപാക്ട് പ്ലേയർ ആയാണ് ഇറങ്ങിയത്. ലോകകപ്പിലെ സൂപ്പർ താരം ഫിൻ അലനും ക്യാപ്റ്റൻ അജിൻക്യ രഹാനെയുമാണ് കൊൽക്കത്തയുടെ ഓപ്പണർമാർ. റിങ്കു സിങ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവരും ടീമിലുണ്ട്.

പ്ലേയിങ് ഇലവൻ

മുംബൈ: 

രോഹിത് ശർമ, റയാൻ റിക്കൽറ്റൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ഷെർഫാൻ റൂഥർഫോർഡ്, നമൻ ധിർ, ഷാർദുൽ ഠാക്കൂർ, മായങ്ക് മാർക്കണ്ഡെ, എ.എം.ഗസൻഫർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര

കൊൽക്കത്ത: ഫിൻ അലൻ, അജിൻക്യ രഹാനെ(ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, അംഗ്ക്രിഷ് രഘുവംശി(വിക്കറ്റ് കീപ്പർ), റിങ്കു സിങ്, രമൺദീപ് സിങ്‍, അനുകുൽ റോയ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, വൈഭവ് അറോറ, ബ്ലെസിങ് മുസാറബാനി

English Summary:

IPL 2026: Mumbai Indians vs Kolkata Knight Riders, Live Score

Read Entire Article