Published: September 06, 2026 07:45 PM IST Updated: September 06, 2026 07:54 PM IST
1 minute Read
തിരുവനന്തപുരം ∙ കെസിഎൽ ഫൈനൽ മത്സരത്തിലെ ഫീൽഡിങ്ങിനിടെ പരുക്കേറ്റ തൃശൂർ ടൈറ്റൻസ് താരം ഷോൺ റോജറിന് ആശുപ്രതിയിലെത്തി കിരീടം സമ്മാനിച്ച് സഹതാരങ്ങൾ. ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്‌റ്റാർസിനെ നാലു വിക്കറ്റിന് തോൽപ്പിച്ചാണ് തൃശൂർ കിരീടം നേടിയത്. എന്നാൽ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെ സഹതാരം മുഹമ്മദ് ഇനാനുമായി കൂട്ടിയിടിച്ച് പരുക്കറ്റ ഷോൺ റോജറിന് മത്സരത്തിൽ തുടർന്നു കളിക്കാനായിരുന്നില്ല. മൈതാനത്തു വച്ച് മറ്റു ടീമംഗങ്ങൾക്കൊപ്പം കിരീടം ഉയർത്താനും സാധിച്ചില്ല.
What you should work next
എം.എസ്.അഖിൽ എറിഞ്ഞ 13–ാം ഓവറിൽ അഖിൽ സ്കറിയ ലോങ് ഓണിലേക്ക് ഉയർത്തിയടിച്ച പന്തിൽ ക്യാച്ചിനായി ശ്രമിക്കുന്നതിനിടെയാണ് ഷോണും ഇനാനും കൂട്ടിയിടിച്ചത്. വീഴ്ചയ്ക്കിടയിൽ ഇനാന്റെ കാൽമുട്ട് ഷോണിന്റെ കഴുത്തിലിടിച്ചു. പിന്നാലെ പ്രാഥമിക ശുശ്രൂഷകൾക്കായി 10 മിനിറ്റോളം മത്സരം നിർത്തിവച്ചു. ബൗണ്ടറി ലൈനിനു പുറത്തുനിന്ന് വീൽ ചെയറിലാണ് ഷോണിനെ ആംബുലൻസിലെത്തിച്ചത്. ഇതോടെ മൈതാനത്തു വച്ച് സഹതാരങ്ങൾക്കൊപ്പം കിരീടം ഉയർത്താൻ ഷോണിനു ഭാഗ്യമുണ്ടായില്ല. എന്നാൽ മത്സരശേഷം ടീമംഗങ്ങൾ കിരീടവുമായി ആശുപത്രിയിലെത്തി. ഇതു സംബന്ധിച്ച് വൈകാരിക കുറിപ്പ് ഷോൺ റോജർ പങ്കുവച്ചു.
‘‘നിറഞ്ഞു കവിഞ്ഞ ഒരു സ്റ്റേഡിയത്തിൽ ആ കിരീടം ഉയർത്തണമെന്നതായിരുന്നു എന്റെ സ്വപ്നവും ആഗ്രഹവും, എന്നാൽ ദൈവം എനിക്കായി കരുതിവച്ചത് മറ്റൊരു പദ്ധതിയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്ന് ആഘോഷിക്കേണ്ടിയിരുന്ന ആ വേദിയിൽ എനിക്ക് ഉണ്ടാകാൻ കഴിയാതെ പോയപ്പോൾ മനസ്സിൽ ചെറിയൊരു വിഷമം തോന്നിയിരുന്നു. എന്റെ പ്രിയപ്പെട്ട തൃശൂർ ടൈറ്റൻസ് ടീം അംഗങ്ങൾക്കും, കോച്ചുമാർക്കും, എല്ലാ ഭാരവാഹികൾക്കും, പ്രത്യേകിച്ച് ഞങ്ങളുടെ ടീം ഉടമ സാജിദ് സാറിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ആത്മാർഥമായ നന്ദി അറിയിക്കുന്നു.
ഇത്രയും മനോഹരമായ ഒരു ടൂർണമെന്റ് സംഘടിപ്പിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷനും കെസിഎൽ ടൂർണമെന്റ് സംഘാടകർക്കും ഹൃദയം നിറഞ്ഞ നന്ദി. പിന്നെ, നിങ്ങളുടെ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും എല്ലാ തൃശ്ശൂർ ടൈറ്റൻസ് ആരാധകർക്കും, പ്രത്യേകിച്ച് എന്റെ കുടുംബത്തിനും എന്റെ കോച്ചുമാർക്കും ഒരു പ്രത്യേക നന്ദി. ഒരിക്കൽ ടൈറ്റൻ ആയാൽ, എപ്പോഴും ടൈറ്റൻ തന്നെ! ’’– ഷോൺ റോജർ കുറിച്ചു.
ടീമംഗങ്ങൾ ആശുപത്രിയിലെത്തിയതിന്റെ ചിത്രങ്ങൾ തൃശൂർ ടൈറ്റിൻസിന്റെ ഔദ്യോഗിക പേജിലും പങ്കുവച്ചു. ചില വിജയങ്ങൾ മൈതാനത്താണ് ആഘോഷിക്കപ്പെടാറുള്ളത്. എന്നാൽ ചിലത് ഹൃദയം കൊണ്ടാണ് ആഘോഷിക്കുന്നത്. ഈ സീസണിലുടനീളം ഷോൺ തന്റെ എല്ലാം ഈ ടീമിനായി സമർപ്പിച്ചു, ആ സുപ്രധാന നിമിഷത്തിൽ അദ്ദേഹത്തിന് അവിടെ ഉണ്ടായിരിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഈ കിരീടം അദ്ദേഹത്തിന് കൂടി അവകാശപ്പെട്ടതാണ്. അതുകൊണ്ട് ഞങ്ങൾ അത് അദ്ദേഹത്തിന്റെ അടുക്കലേക്ക് എത്തിച്ചു. കാരണം, ഒരു യഥാർഥ ടീമിൽ ആരും ഒരിക്കലും ഒറ്റപ്പെട്ടുപോകാറില്ല.’’ എന്ന കുറിപ്പ് സഹിതമാണ് തൃശൂർ ടൈറ്റൻസ് ചിത്രങ്ങൾ പങ്കുവച്ചത്.
English Summary:






English (US) ·