Published: May 16, 2026 09:51 AM IST
2 minute Read
ലക്നൗ∙ ഇന്ത്യൻ പ്രീമയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റ് നേട്ടം വൻ ആഘോഷമാക്കി ലക്നൗ പേസർ ആകാശ് സിങ്. ചെന്നൈയുടെ ടോപ് ഓർഡറിനെ തകർത്തെറിഞ്ഞ പേസ് ബോളർ ആകാശ് സിങ് വിക്കറ്റ് നേട്ടങ്ങൾ ആഘോഷിച്ചത് കയ്യിൽ കരുതിയ കടലാസ് ഉയർത്തിക്കാട്ടിയാണ്. ‘ആകാശിന് ട്വന്റി20യിൽ എങ്ങനെ വിക്കറ്റ് എടുക്കണമെന്ന് അറിയാം’ എന്നാണ് കടലാസിൽ എഴുതിയിരുന്നത്. സഞ്ജുവിനെയും ഋതുരാജ് ഗെയ്ക്‌വാദിനെയും ഉർവിൽ പട്ടേലിനെയും പുറത്താക്കിയ ആകാശ് ഓരോ തവണയും വിക്കറ്റ് നേട്ടം ആഘോഷിച്ചത് ഇതേ കുറിപ്പ് ഉയർത്തിക്കാട്ടിയാണ്. സീസണിൽ ആകാശിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ആകാശ് ആദ്യം കുറിപ്പ് ഉയർത്തിയപ്പോൾ ലക്നൗ ടീമിലെ വിദേശ താരങ്ങള്‍ കുറിപ്പിൽ എന്താണ് എഴുതിയതെന്നു കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.
ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച മിച്ചൽ മാർഷിന്റെ (38 പന്തിൽ 90) അർധ സെഞ്ചറിക്കരുത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സ് 7 വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. പ്ലേഓഫ് കാണാതെ പുറത്തായ ലക്നൗ, ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേഓഫ് സ്വപ്നങ്ങളെയും തുലാസിലാക്കി. സ്കോർ ചെന്നൈ 20 ഓവറിൽ 5ന് 187. ലക്നൗ 16.4 ഓവറിൽ 3ന് 188. 187 റൺസ് വിജയ ലക്ഷ്യത്തിലേക്ക് യാതൊരു കരുണയുമില്ലാതെ ബാറ്റ് വീശിയാണ് മാർഷും ജോഷ് ഇൻഗ്ലിസും (32 പന്തിൽ 36) തുടങ്ങിയത്. ആദ്യ ഓവറിലെ 3 പന്തുകൾ ബൗണ്ടറി കടത്തിയ ഇരുവരും നയം വ്യക്തമാക്കി. അംശുൽ കംബോജ് എറിഞ്ഞ 5–ാം ഓവറിലെ തുടർച്ചയായ 4 പന്തുകൾ സിക്സർ പായിച്ച മിച്ചൽ മാർഷ് ചെന്നൈയെ വിറപ്പിച്ചു. ഇരുവരും ചേർന്ന് 70 പന്തിൽ 135 റൺസ് ചേർത്തു.
അനായാസ വിജയത്തിലേക്ക് ലക്നൗ കുതിക്കുമെന്ന് തോന്നിച്ചപ്പോഴാണ് 12–ാം ഓവറിൽ ജോഷ് ഇൻഗ്ലിസിനെ പുറത്താക്കി മുകേഷ് ചൗധരി ചെന്നൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. തൊട്ടടുത്ത പന്തിൽ മിച്ചൽ മാർഷ് റണ്ണൗട്ട് ആവുക കൂടി ചെയ്തതോടെ ലക്നൗ സ്കോറിങ്ങിന് വേഗം കുറഞ്ഞു. തുടർന്ന് നിക്കൊളാസ് പുരാനും (17 പന്തിൽ 32 നോട്ടൗട്ട്) അബ്ദുൽ സമദും (3 പന്തിൽ 7) ചേർന്ന് കരുതലോടെ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. ഇതിനിടെ 14–ാം ഓവറിൽ അബ്ദുൽ സമദിന്റെ വിക്കറ്റ് സ്പെൻസർ ജോൺസൺ പിഴുതെങ്കിലും മുകുൾ ചൗധരിയെ (10 പന്തിൽ 13 നോട്ടൗട്ട്) കൂട്ടുപിടിച്ച് പുരാൻ ലക്നൗവിനെ വിജയ കൂടാരം കയറ്റി. ചെന്നൈക്കായി മുകേഷ് ചൗധരി, സ്പെൻസർ ജോൺസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ കാർത്തിക് ശർമയുടെ അർധ സെഞ്ചറിയുടെയും (42 പന്തിൽ 71) ശിവം ദുബെയുടെ (16 പന്തിൽ 32 നോട്ടൗട്ട്) തകർപ്പനടിയുടെയും ബലത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ലക്നൗവിനായി ആകാശ് സിങ് 3 വിക്കറ്റും മുഹമ്മദ് ഷമി, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും നേടി. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ കണക്കുകൂട്ടൽ ശരിവച്ച് യുവതാരം ആകാശ് സിങ് തുടക്കം മുതൽ ചെന്നൈ വിക്കറ്റുകൾ പിഴുതു.
ഓപ്പണർമാരായ സഞ്ജുവിനെയും (20 പന്തിൽ 20) ക്യാപ്റ്റൻ ഋതുരാജ് ഗെയ്കവാദിനെയും (9 പന്തിൽ 13) മൂന്നാമനായി ഇറങ്ങിയ ഉർവിൽ പട്ടേലിനെയും (7 പന്തിൽ 6) ആകാശ് പുറത്താക്കി. അവസാന ഓവറുകളിൽ പ്രശാന്ത് വീറിനെ (10 പന്തിൽ 13 നോട്ടൗട്ട്) കൂട്ടുപിടിച്ച് ശിവം ദുബെ നടത്തിയ രക്ഷാപ്രവർത്തനമാണ് ചെന്നൈയെ ഭേദപ്പെട്ട ടോട്ടലിൽ എത്തിച്ചത്.
English Summary:







English (US) ·