ആഞ്ചലോട്ടിയുടെ മികവ്, നെയ്മാറിന്റെ സാന്നിധ്യം: ഈ കപ്പ് ബ്രസീലിനെന്ന് വിനീസ്യൂസ്

1 month ago 4

കാർലോ ആഞ്ചലോട്ടിയുടെ പരിശീലന മികവും നെയ്മാറിന്റെ സാന്നിധ്യവും പകരുന്ന ഊർജത്തിൽ ബ്രസീൽ ആറാം ലോകകപ്പ് കിരീടം നേടുമെന്നു യുവതാരം വിനീസ്യൂസ് ജൂനിയർ. ബ്രസീലിയൻ ചാനലായ കാസെ ടിവിയിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ്, ലോകകപ്പിനു മുൻപുള്ള തന്റെയും ടീമിന്റെയും ഒരുക്കം വിനി വെളിപ്പെടുത്തിയത്. 

അവതാരകൻ കാസിമിറോ മിഗുവേലുമായുള്ള സംഭാഷണത്തിൽനിന്ന്:

ആഞ്ചലോട്ടിയിൽ പ്രതീക്ഷയുണ്ടോ?

സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ എന്റെ പരിശീലകനായിരുന്നു ആഞ്ചലോട്ടി. അദ്ദേഹം തന്നെ ബ്രസീലിന്റെയും കോച്ചാകുന്നതിൽ എനിക്കു വ്യക്തിപരമായ സന്തോഷമുണ്ട്. ഒപ്പം ഒട്ടേറെ പ്രതീക്ഷകളും. ക്ലബ്ബിൽവച്ചു തന്നെ അദ്ദേഹത്തിന് എന്നെയും റോഡ്രിഗോയെയും ഏഡർ മിലിറ്റാവോയെയും നന്നായി അറിയാം. അതൊരു പ്ലസ് പോയിന്റാണ്. ലോകകപ്പിന്റെ സമ്മർദങ്ങളെ നേരിടാൻ കഴിയുന്ന പരിശീലകനാണ് ആഞ്ചലോട്ടി.

നെയ്മാറിന്റെ സാന്നിധ്യം?

എല്ലാവർക്കും അറിയേണ്ടതു ഞാൻ 10–ാം നമ്പർ ജഴ്സി ഏറ്റെടുക്കുമോ എന്നാണ്. ഒരിക്കലുമില്ല. പത്താം നമ്പർ നെയ്മാറിന്റേതാണ്. അദ്ദേഹം ടീമിലുള്ളപ്പോൾ ആ ജഴ്സിക്കു മറ്റൊരു അവകാശിയില്ല. ഞങ്ങളുടെ എല്ലാവരുടെയും റോൾമോഡലും ലീഡറുമാണ് അദ്ദേഹം. ഞാൻ റയലിലും ബ്രസീലിലും എന്റെ പ്രിയപ്പെട്ട 7–ാം നമ്പർ ജഴ്സിയിൽ തുടരും.

ഇത്തവണ ബലോൻ ദ് ഓർ പുരസ്കാരത്തിനു സാധ്യതയുണ്ടോ?

അതു വലിയ അംഗീകാരമാണ്. പക്ഷേ, അതെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നേയില്ല. ബ്രസീലിനായി ഒരു ലോകകപ്പ് നേടുന്നതുമായി അതിനെ താരതമ്യം ചെയ്യാൻ പറ്റില്ലല്ലോ. 2002നു ശേഷം ബ്രസീലിലേക്ക് ലോകകപ്പ് വന്നിട്ടില്ല. ആ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ബ്രസീലിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ആ സമ്മർദം ഞങ്ങൾക്കറിയാം.

English Summary:

Vinicius Jr. Confident Brazil Will Win Sixth World Cup

Read Entire Article