Published: June 25, 2026 01:30 AM IST Updated: June 25, 2026 07:51 AM IST
1 minute Read
വാൻകൂവർ ∙ ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞ ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ സഹആതിഥേയരായ കാനഡയെ തകർത്ത് സ്വിറ്റ്‌സര്‍ലൻഡ് നോക്കൗട്ടിൽ. റൂബൻ വർഗാസ്, യോഹാൻ മൻസാംബി എന്നിവരാണ് സ്വിറ്റ്‌സര്‍ലൻഡിന്റെ ഗോൾ നേടിയത്. 76 ാം മിനിറ്റിൽ പ്രോമിസ് ഡേവിഡിലൂടെ കാനഡ ഒരു ഗോൾ മടക്കി. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണത്തിലൂന്നിയാണ് ഇരുടീമുകളും കളിച്ചതെങ്കിലും രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്. മൂന്നു മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി സ്വിറ്റ്‌സര്‍ലൻഡും നാലു പോയിന്റുമായി കാനഡയും ഗ്രൂപ്പ് ബിയിൽ നിന്ന് നോക്കൗട്ടിൽ കടന്നു. മൂന്നാം ലോകകപ്പ് കളിക്കുന്ന കാനഡ ആദ്യമായാണ് നോക്കൗട്ടിൽ കടക്കുന്നത്.
What you should work next
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ സ്ട്രൈക്കർ റൂബൻ വർഗാസാണ് സ്വിറ്റ്‌സര്‍ലൻഡിന് ലീഡ് സമ്മാനിച്ചത്. യോഹാൻ മൻസാംബി വലതുവിങ്ങിൽ നിന്ന് നൽകിയ പന്ത് സ്വീകരിച്ച റൂബൻ വർഗാസ് നിലംപറ്റിയുള്ള മിന്നൽ ഷോട്ടിലൂടെ കാനഡ ഗോൾകീപ്പർ മാക്സിം ക്രെപ്പോയെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ 57 ാം മിനിറ്റിൽ യോഹാൻ മൻസാംബി ലീഡുയർത്തി. ബ്രീൽ എംബോളോയുടെ പാസിൽ യോഹാൻ മൻസാംബി ഗോൾ കീപ്പർ മാക്സിം ക്രെപ്പോയെ നിസ്സഹായനാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു. 76 ാം മിനിറ്റിൽ കാനഡ ഗോൾ മടക്കി. പകരക്കാരനായി ഇറങ്ങിയ പ്രോമിസ് ഡേവിഡ് സെക്കൻഡുകൾക്കുള്ളിലാണ് കാനഡയുടെ ഗോൾ കണ്ടെത്തിയത്. സ്വിസ് ഗോൾമുഖം ആക്രമിച്ച കാനഡ താരം നഥാൻ സാലിബ നൽകിയ ക്രോസ്സ് സ്വീകരിച്ച പ്രോമിസ് ഡേവിഡ് പന്ത് ശരവേഗത്തിൽ സ്വിസ് വലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ സ്വിസ് ഗോൾമുഖത്തേക്ക് കാനഡ തുടരെ ഇരച്ചുകയറിയെങ്കിലും സമനില ഗോൾ നേടാനായില്ല.
ആദ്യ പകുതിയുടെ ഏഴാം മിനിറ്റിൽ ലീഡ് നേടാനുള്ള സുവർണാവസരം സ്വിറ്റ്‌സര്‍ലൻഡ് നഷ്ടപ്പെടുത്തിയിരുന്നു. ബ്രീൽ എംബോളോ ഗോൾമുഖത്തു നിന്നു തൊടുത്ത ഷോട്ട് കാനഡ ഗോൾകീപ്പർ മാക്സിം ക്രെപ്പോയുടെ ദേഹത്ത് തട്ടിത്തെറിച്ചു. റീബൗണ്ട് ലഭിച്ച പന്ത് കാലിൽ സ്വീകരിച്ച ജോഹാൻ മാൻസാംബി ഗോൾവല ലക്ഷ്യമായി തൊടുത്തെങ്കിലും പ്രതിരോധ താരം ഡെറക് കോർണേലിയസ് തടുത്തു.
What you should work next
13 ാം മിനിറ്റിൽ കാനഡയും ഗോളെന്നുറപ്പിച്ച അവസരം നഷ്ടപ്പെടുത്തി. സ്വിസ് പാതിയിൽ നിന്നു ലഭിച്ച പാസുമായി കുതിച്ച് ബോക്സിനുള്ളിൽ കടന്ന കൈൽ ലാറിൻ, സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബെൽ മാത്രം മുന്നിൽ നിൽക്കെ, പന്ത് വകഞ്ഞ് മാറ്റി പോസ്റ്റിലേക്ക് തൊടുക്കാനുള്ള ശ്രമത്തിനിടെ ഗോളവസരം നഷ്ടപ്പെടുത്തി. ആദ്യ പകുതിയിൽ പന്തടക്കത്തിൽ സ്വിറ്റ്‌സര്‍ലൻഡ് മുന്നിട്ടുനിന്നെങ്കിലും ഗോളവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് കാനഡയാണ്. സ്വിറ്റ്‌സര്‍ലൻഡ് രണ്ട് ഓൺടാർജറ്റ് ഷോട്ടുകൾ പായിച്ചപ്പോൾ കാനഡ മൂന്ന് തവണയാണ് പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് പായിച്ചത്.
English Summary:





English (US) ·