ആദ്യ പകുതിയിലെ ക്ഷീണം തീർത്തു, സെനഗലിനെതിരെ രണ്ടാം പകുതിയിൽ ‘ഫ്രഞ്ച് വിപ്ലവം’, എംബപെ ‘ഡബിൾ’ സ്ട്രോങ്ങാണ്!

1 month ago 4

ഇതിഹാസ പരിശീലകൻ ദിദിയെ ദെഷാമിന് ഈ ലോകകപ്പോടെ ഫ്രാൻസിന്റെ പരിശീലക വേഷം അഴിച്ചു വയ്ക്കാൻ താൽപര്യമുണ്ട്. ലോകകപ്പിനു മുൻപു തന്നെ അദ്ദേഹം അതു പറയുകയും ചെയ്തു. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റകളായ ഫ്രാൻസ്, ഇത്തവണ കപ്പടിച്ച് പ്രിയപ്പെട്ട കോച്ചിന് യാത്രയയപ്പു നല്‍കാൻ തീരുമാനിച്ചാൽ എതിരു പറയാനൊക്കുമോ? എങ്കിലിതാ അതിന്റെ ആദ്യ പടി കയറിയിരിക്കുകയാണ് എംബപെയും പിള്ളേരും. ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ കരുത്തരായ സെനഗലിനെ 3–1നാണ് ഫ്രാൻസ് തകർത്തുവിട്ടത്. ഗോൾ രഹിതമായ ആദ്യ പകുതിയിൽ സെനഗൽ പല തവണ ഫ്രഞ്ച് ബോക്സിനെ വിറപ്പിച്ചെങ്കിലും ഗോൾ വഴങ്ങാതെ പിടിച്ചുനിന്നത് രണ്ടാം പകുതിയിൽ ടീമിന് ഇരട്ടി കരുത്തു നൽകി. എംബപെയും ഒലിസെയും ബാർകൊലയും കത്തിക്കയറിയപ്പോള്‍, ന്യൂജഴ്സി സ്റ്റേഡിയത്തിലെ രണ്ടാം പകുതിയിൽ സെനഗൽ ചിത്രത്തിലേ ഇല്ലാതായി. ജയിക്കുന്നെങ്കിൽ ഇങ്ങനെ ജയിച്ചു തുടങ്ങണം എന്നു പറയാവുന്നൊരു പ്രകടനം.

ആദ്യ പകുതി സെനഗലിനു സ്വന്തം, പക്ഷേ ഗോളില്ല

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഫ്രാൻസും സെനഗലും ഒന്നിലേറെ മുന്നേറ്റങ്ങൾ ബോക്സുകളിലേക്കു നടത്തിയാണു കളി തുടങ്ങിയത്. നാലാം മിനിറ്റിൽ സെനഗൽ പ്രതിരോധ താരങ്ങളുടെ ഭീഷണിയില്ലാതെ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബപെയ്ക്ക് പന്തു ലഭിച്ചതാണ്. പക്ഷേ അതിവേഗം പന്തുമായി മുന്നേറാനുള്ള എംബപെയുടെ നീക്കം പരാജയപ്പെട്ടു. പന്ത് നഷ്ടമായതിനു പിന്നാലെ സെനഗൽ പ്രതിരോധ താരങ്ങൾ ഒപ്പമെത്തി. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ഫ്രാന്‍സിനു വെല്ലുവിളിയാകാന്‍ സെനഗൽ മുന്നേറ്റനിരയ്ക്കു സാധിച്ചു. ഏഴാം മിനിറ്റിൽ പന്തുമായി ഫൈനൽ തേർഡിലേക്ക് കുതിച്ച സെനഗൽ താരം ഇസ്മായില സാർ ആരാധകർക്കു പ്രതീക്ഷ നൽകിയെങ്കിലും വിജയകരമായി ഷോട്ടുതിർക്കാൻ സാധിച്ചില്ല. മത്സരം 20 മിനിറ്റു പിന്നിട്ടതോടെ ഫ്രാൻസ് അതിവേഗ നീക്കങ്ങൾ ആരംഭിച്ചു. അതിനിടെയാണ് സെനഗൽ താരം നിക്കോളാസ് ജാക്സൻ തകർപ്പനൊരു ഷോട്ടിലൂടെ ഫ്രാൻസിനെ വിറപ്പിക്കുന്നത്. ജാക്സന്റെ ഗോളെന്നുറച്ച ഷോട്ട് ഫ്രഞ്ച് ഗോളി മൈക് മൈഗ്നൻ കഷ്ടപ്പെട്ടാണു തടുത്തിട്ടത്. ഡൈവ് ചെയ്ത താരത്തിന്റെ കാലിൽ തട്ടി പന്ത് ഗതിമാറി. പിന്നാലെ ലഭിച്ച കോര്‍ണറും മുതലാക്കാന്‍ സെനഗലിനു സാധിച്ചില്ല.

മത്സരത്തിന്റെ ആദ്യ 30 മിനിറ്റുകൾ പിന്നിടുമ്പോൾ സൂപ്പർ താരം സാദിയോ മാനെയ്ക്കൊപ്പം, നിക്കോളാസ് ജാക്സനും ഇസ്മായില സാറും സെനഗലിനായി തന്ത്രങ്ങൾ മെനഞ്ഞ് കളം നിറഞ്ഞ കാഴ്ചയായിരുന്നു. സീസണിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഒൻപതു ഗോളുകൾ നേടിയ ഇസ്മായിലയുടെ പ്രകടനം സെനഗലിന് എത്രത്തോളം പ്രധാനമാണെന്നു വ്യക്തമാക്കുന്നതായിരുന്നു ഇത്. മധ്യനിരയിൽ കളി മെനഞ്ഞ ഫ്രാൻസിനെ ആദ്യ പകുതിയിൽ സെനഗൽ ബോക്സിലേക്കു കയറാന്‍ അനുവദിക്കാതെ തളച്ചിടാൻ പ്രതിരോധ താരങ്ങൾക്കു സാധിച്ചു. 40–ാം മിനിറ്റിൽ ഫ്രഞ്ച് ബോക്സിനു പുറത്തുനിന്ന് പന്തുമായി സമാന്തരം കുതിച്ച ഇസ്മായില സാറിനെ ഫ്രഞ്ച് പ്രതിരോധ താരം ഫൗൾ ചെയ്തു വീഴ്ത്തി. അപ്പോഴേക്കും പന്ത് സാദിയോ മാനെയ്ക്കു സുരക്ഷിതമായെത്തിക്കാൻ‍ സാറിനു സാധിച്ചിരുന്നു. തകർപ്പനൊരു ഷോട്ട് സാദിയോ മാനെ ഗോൾപോസ്റ്റിലേക്ക് പായിച്ചെങ്കിലും ഫ്രഞ്ച് ഗോളി പിടിച്ചെടുത്തു. പരുക്കേറ്റ ഇസ്മായില സാർ ഗ്രൗണ്ടിൽ വീണെങ്കിലും, പിന്നീടു കളി തുടർന്നു. ആറു മിനിറ്റാണ് ആദ്യ പകുതിക്ക് അധിക സമയമായി അനുവദിച്ചത്. അധിക സമയത്ത് സെനഗല്‍ ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം സൃഷ്ടിച്ചു. പക്ഷേ അതും ലക്ഷ്യം കണ്ടില്ല. സാദിയോ മാനെ നൽകിയ പന്തിൽ, ഇസ്മായില സാറിന്റെ ഷോട്ട് ഗതി മാറി പോസ്റ്റിനു മുകളിലൂടെ പുറത്തേക്കുപോയി. തൊട്ടുപിന്നാലെ റഫറി ഹാഫ് ടൈം വിസിൽ മുഴക്കി.

What you should work next

രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ വിശ്വരൂപം

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പാസായി ലഭിച്ച പന്ത് പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് ഫ്രഞ്ച് താരം ഡെസിറെ ഡുവേ പോസ്റ്റ് ലക്ഷ്യമാക്കി പായിച്ചു. പക്ഷേ ശക്തമായ ഷോട്ട് സെനഗൽ പോസ്റ്റിന് ഭീഷണിയാകാതെ പുറത്തേക്കാണു പോയത്. പന്തുമായി കലിദു കൂലിബാലിയെ മറികടന്ന ഫ്രഞ്ച് താരം മിച്ചൽ ഒലിസെ തകർപ്പൻ ഷോട്ട് ഉതിര്‍ത്തെങ്കിലും സെനഗൽ ഗോൾ കീപ്പർ എഡ്വാർഡോ മെൻഡി രക്ഷകനായെത്തി. 57–ാം മിനിറ്റിൽ കിലിയൻ എംബപെയുടെ ഷോട്ടും മെന്‍ഡി തടുത്തിട്ടു. 58–ാം മിനിറ്റിൽ എംബപെയെ സാദിയോ മാനെ വീഴ്ത്തിയതിന് ഫ്രഞ്ച് താരങ്ങൾ പെനാൽറ്റി ആവശ്യപ്പെട്ടു. ‘വാർ’ പരിശോധനകൾക്കു ശേഷം റഫറി ഈ ആവശ്യം തള്ളി. 63–ാം മിനിറ്റിൽ മൈക്കൽ ഒലിസെയുടെ പാസിൽ കിലിയൻ എംബപെ സെനഗൽ ബോക്സിലേക്ക് ഇരച്ചെത്തിയെങ്കിലും ഗോൾ കീപ്പർ എഡ്വാർഡോ മെൻഡി പ്രതിരോധിച്ചു. 

senegal-mbape

ഗോൾ നേട്ടം ആഘോഷിക്കുന്ന കിലിയൻ എംബപെ. Photo: AFP

ആദ്യ പകുതിയിലാകെ ഫ്രാൻസ് നടത്തിയതിനേക്കാളും ആക്രമണങ്ങൾ രണ്ടാം പകുതിയുടെ ‘ഹൈഡ്രേഷൻ ബ്രേക്കിനു’ മുൻപേ ഫ്രാൻസിൽനിന്നുണ്ടായി. അതിന്റെ ഫലം കണ്ടത് 66–ാം മിനിറ്റിൽ. ബോക്സിനു പുറത്തുനിന്ന് ഒലിസെ നീട്ടി നൽകിയ പാസിലേക്ക് സെനഗൽ പ്രതിരോധ താരങ്ങളെ അതിവേഗം പിന്നിലാക്കി കിലിയൻ എംബപെ ഓടിയെത്തി. ഗോളി മാത്രം മുന്നിൽ നിൽക്കെ 2026 ലോകകപ്പിലെ ആദ്യ ഗോളടിച്ച് സൂപ്പർ താരം എംബപെ ആഘോഷം തുടങ്ങി. സ്കോർ 1–0. തൊട്ടുപിന്നാലെ സെനഗലിനായി ഇസ്മായില സാർ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. 74–ാം മിനിറ്റിൽ ‍ഡെസിറെ ഡുവേ എടുത്ത ഷോട്ട് സെനഗൽ ഗോളി തട്ടിയകറ്റി. ഗോൾ വഴങ്ങിയതിനു പിന്നാലെ സെനഗൽ മുന്നേറ്റ നിരയിൽനിന്നുള്ള ആക്രമണങ്ങൾ കുറഞ്ഞു.

80–ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയെ പിൻവലിച്ച ഫ്രാൻസ് ബ്രാഡ്‍ലി ബാർകൊലയെ ഗ്രൗണ്ടിലിറക്കി. സെനഗൽ പിന്നോട്ടു വലിഞ്ഞ അവസരം മുതലാക്കിയ ഫ്രാൻസ് ആക്രമണം കടുപ്പിക്കുകയാണു ചെയ്തത്. 82–ാം മിനിറ്റില്‍ സെനഗലിനെതിരായ ലീഡ് രണ്ടാക്കി ഉയർത്താൻ ഫ്രാൻസിനു സാധിച്ചു. ഗ്രൗണ്ടിന്റെ മധ്യവരയ്ക്കു സമീപത്തുനിന്ന് അഡ്രിയൻ റാബിയറ്റ് നീട്ടിനൽകിയ പന്ത് ബോക്സിലേക്ക് ഓടിക്കയറിയ ബ്രയാൻ ബാർക്കൊല പിടിച്ചെടുത്തു. പന്തു തടയാൻ മുന്നിലേക്കു കയറിവന്ന സെനഗൽ ഗോളിയുടെ തലയ്ക്കു മുകളിലൂടെ സ്റ്റേഡിയത്തെ നടുക്കിക്കൊണ്ട് ഒരു ഗോൾ. സ്കോർ 2–1. ഫ്രാൻസിനായി ബാർകൊലയുടെ നാലാമത്തെ മാത്രം ഗോളാണിത്.

രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ ഇബ്രാഹിം എംബായെ സെനഗലിനായി ആദ്യ ഗോൾ കണ്ടെത്തി. ഇലിമാന്റെ അസിസ്റ്റിലായിരുന്നു ടീമിന്റെ തിരിച്ചുവരവ്. എന്നാൽ ഈ ഗോൾ ഒന്നാഘോഷിക്കാനുള്ള സമയം പോലും സെനഗൽ ആരാധകർക്ക് ഫ്രഞ്ച് താരം കിലിയൻ എംബപെ നൽകിയില്ലെന്നതാണു സത്യം. 90+6 –ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് എംബപെയുടെ ഷോട്ട് വലയിലെത്തി. ഫ്രാൻസ് 3–1ന് മുന്നിൽ.ഫ്രാൻസിനായി കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും ഈ മത്സരത്തോടെ എംബപെ സ്വന്തമാക്കി. 58 രാജ്യാന്തര ഗോളുകളുള്ള എംബപെ ഇതിഹാസ താരം ഒലിവർ ജിറൂദിനെയാണ് പിന്തള്ളിയത്. ലോകകപ്പിൽ ഫ്രാൻസിനായി കൂടുതൽ ഗോൾ നേടുന്ന താരവും എംബപെയാണ്. 15 കളികളിൽനിന്ന് 14 ലോകകപ്പ് ഗോളുകളാണ് എംബപെ ഇതുവരെ അടിച്ചത്.തൊട്ടുപിന്നാലെ ചൊവേമേനിയുടെ സെൽഫ് ഗോളിൽ സ്കോർ 3–2 ആകുമായിരുന്നെങ്കിലും ഫ്രഞ്ച് ഗോൾ കീപ്പറുടെ സമയോചിതമായ ഇടപെടൽ ഫ്രാൻസിന്റെ വിജയത്തിന്റെ മാറ്റുകൂട്ടി.

Nihal Mammen Mathew)

ന്യൂജഴ്സി സ്റ്റേഡിയത്തിന് പുറത്തെ കാഴ്ച (Photo:Nihal Mammen Mathew)

Nihal Mammen Mathew)

ഫ്രാൻസ് - സെനഗൽ മത്സരം കാണാൻ എത്തിയവർ (Photo:Nihal Mammen Mathew)

Nihal Mammen Mathew)

ന്യൂജഴ്സി സ്റ്റേഡിയത്തിന് പുറത്തെ കാഴ്ച (Photo:Nihal Mammen Mathew)

Nihal Mammen Mathew)

ഫ്രാൻസ് സെനഗൽ മത്സരം കാണാൻ ന്യൂജഴ്സി സ്റ്റേഡിയത്തിൽ എത്തിയ ആരാധകർ (Photo:Nihal Mammen Mathew)

English Summary:

France defeated Senegal 3-1 successful their opening World Cup match, showcasing a beardown second-half performance. Kylian Mbappe and his teammates secured a victory, aiming to springiness their manager a fitting farewell successful his past tournament.

Read Entire Article