Published: June 18, 2026 01:20 AM IST Updated: June 18, 2026 04:01 AM IST
2 minute Read
ഹൂസ്റ്റൻ∙ ഫിഫ ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്കെതിരെ ഇംഗ്ലണ്ടിന് വിജയം. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. തകർത്തുകളിച്ച ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുകൾ നേടി. 12,42 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകൾ. 47–ാം മിനിറ്റിൽ ജൂഡ് ബെലിങ്ങാമും 85–ാം മിനിറ്റിൽ മാർകസ് റാഷ്ഫോഡും ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. അതേസമയം മാര്‍ട്ടിൻ ബട്ടുറിന (36), പീറ്റർ മൂസ (45+5) എന്നിവരാണ് ക്രൊയേഷ്യയുടെ ഗോൾ സ്കോറർമാർ. ആദ്യ പകുതിയിൽ ഇംഗ്ലണ്ടിനൊപ്പം തകർത്തു കളിച്ച ക്രൊയേഷ്യ രണ്ടാം പകുതിയിൽ പിന്നോട്ടു പോകുകയായിരുന്നു.
അടിക്ക് തിരിച്ചടി
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ക്രൊയേഷ്യയുടെ ആദ്യ നീക്കം ലക്ഷ്യത്തിലെത്തിയില്ല. ഇവാന്‍ പെരിസിച് എടുത്ത കോർണറിൽ പന്തു ലഭിച്ചത് സുതാലോയ്ക്ക്. താരത്തിന്റെ വോളി ബാറിനു വളരെ മുകളിലൂടെ പുറത്തേക്കു പോയി. ഒൻപതാം മിനിറ്റിൽ ക്രൊയേഷ്യയുടെ ബോക്സിൽവച്ച് പന്ത് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ലൂക്ക മോഡ്രിച്, ഇംഗ്ലണ്ട് താരം നോനി മദുവെകെയെ വീഴ്ത്തി. പിന്നാലെ പെനാല്‍റ്റി അനുവദിച്ച് റഫറി. ഹാരി കെയ്നിന്റെ കിക്ക് ക്രൊയേഷ്യ ഗോളി ഡൊമിനിക് ലിവാകോവിച്ച് അനായാസം തടഞ്ഞിട്ടെങ്കിലും റീട്ടേക്ക് എടുത്തതോടെ ലിവാക്കോവിച്ചിനു പിഴച്ചു. ഇംഗ്ലണ്ട് മുന്നിൽ. ലീഡെടുത്തിട്ടും ഗോളടിക്കാനുള്ള ശ്രമങ്ങൾ ഇംഗ്ലണ്ട് തുടർന്നു. നോനി മദുവെകെയുടേയും എലിയറ്റ് ആൻഡേഴ്സന്റെയും ഗോൾ ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിയില്ല. 31–ാം മിനിറ്റിൽ പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് നോനി മദുവെകെയുടെ ക്രോസ്. പക്ഷേ ക്രൊയേഷ്യ പോസ്റ്റിനു മുന്നിൽ ഡൈവ് ചെയ്തു നോക്കിയെങ്കിലും പന്ത് കണക്ട് ചെയ്യാൻ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാമിനു സാധിക്കുന്നില്ല.
What you should work next
36–ാം മിനിറ്റിലാണ് ക്രൊയേഷ്യ ആദ്യം സമനില പിടിക്കുന്നത്. പെനാൽറ്റി ഏരിയയിൽനിന്ന് പന്തു ലഭിച്ച പീറ്റർ സുചിച്ച് പുറത്തുനിന്ന് ഓടിയെത്തിയ മാർട്ടിൻ ബട്ടൂരിനയ്ക്കു പന്തു പാസ് ചെയ്യുകയായിരുന്നു. അതിവേഗം പോസ്റ്റിലേക്ക് മാർട്ടിൻ ലക്ഷ്യമിട്ടപ്പോൾ ഇംഗ്ലണ്ട് ഗോളി ഡൈവ് ചെയ്തിട്ടും രക്ഷിച്ചെടുക്കാൻ സാധിച്ചില്ല. സ്കോർ 1–1. ഗോൾ വീണതോടെ വീണ്ടും ലീഡെടുക്കാനുള്ള നീക്കങ്ങൾ ഇംഗ്ലണ്ട് വേഗത്തിലാക്കി. 42–ാം മിനിറ്റിൽ ഇംഗ്ലണ്ട് വീണ്ടും വെടിപൊട്ടിച്ചു. ഡെക്‌ലാൻ റൈസ് എടുത്ത കോർണർ കിക്കിൽ പന്ത് ഗോൾ ഏരിയയ്ക്കു മുന്നിൽ നിൽക്കുകയായിരുന്ന ഹാരി കെയ്ൻ കൃത്യമായി പോസ്റ്റിലേക്ക് ഹെഡർ ചെയ്തു. ഇംഗ്ലണ്ട് ആക്രമണങ്ങൾക്കിടെ ആദ്യ പകുതിയിലെ സ്കോർ 2–1ന് നില്‍ക്കുമെന്നു കരുതിയിരിക്കെയാണ് ക്രൊയേഷ്യ വീണ്ടും സമനില പിടിക്കുന്നത്. ഇൻജറി ടൈമിൽ ഇവാൻ പെരിസിച്ചിന്റെ അസിസ്റ്റിൽ ക്രൊയേഷ്യയ്ക്കായി പീറ്റർ മൂസയുടെ ഗോള്‍. പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്നു കിട്ടിയ പന്ത്, ബോക്സിൽ വച്ച് പെരിസിച്ച് മൂസയ്ക്കു ഹെഡ് ചെയ്തു നൽകുകയായിരുന്നു. അതിവേഗ നീക്കത്തിലൂടെ മൂസ ഇംഗ്ലണ്ട് ഗോളിയെ മറികടന്ന് ലക്ഷ്യം കണ്ടു.
ഇംഗ്ലിഷ് ആധിപത്യം
രണ്ടാം പകുതി ഇംഗ്ലണ്ട് താരം ജൂഡ് ബെലിങ്ങാമിന്റെ ഗോളോടെയാണു തുടങ്ങിയത്. ഇംഗ്ലണ്ടിന്റെ പകുതിയിൽനിന്ന് എലിയറ്റ് ആൻഡേഴ്സണ്‍ നീട്ടി നൽകിയ പന്തെടുത്ത്, ഇടതു വിങ്ങിലൂടെ ജൂഡ് ബെലിങ്ങാം ബോക്സിലേക്ക് അതിവേഗം ഓടിക്കയറി. ക്രൊയേഷ്യൻ ഗോളി മാത്രം മുന്നിൽ നിൽക്കെ അനായാസം ലക്ഷ്യം കണ്ടു. സ്കോർ 3–2. 48–ാം മിനിറ്റിൽ ജൂഡ് ബെലിങ്ങാം വീണ്ടും ഗോളടിക്കാൻ ശ്രമിച്ചെങ്കിലും ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച് പ്രതിരോധിച്ചു. തുടർന്നങ്ങോട്ട് ഹാരി കെയ്നും ഡെക്‌ലാൻ റൈസും നികോ ഒറെയ്‍ലിയും ഇംഗ്ലണ്ടിനായി ഗോളടിക്കാൻ ശ്രമങ്ങള്‍ തുടർന്നു. ക്രൊയേഷ്യയുടെ നീക്കങ്ങൾ കുറഞ്ഞതോടെ 58–ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിനെ പിൻവലിച്ച് മാറ്റിയോ കൊവാച്ചിച് കളത്തിലിറങ്ങി. മത്സരം 65 മിനിറ്റ് പിന്നിടുമ്പോഴും ക്രൊയേഷ്യയുടെ ഭാഗത്തുനിന്ന് ഫൈനൽ തേർഡിലേക്ക് ആക്രമണങ്ങൾ കുറവായിരുന്നു. രണ്ടാം പകുതിയിൽ ഇഗോർ മറ്റനോവിച്ചിനെയും മാർകോ പസാലിച്ചിനെയും ക്രൊയേഷ്യ കളത്തിലിറക്കി.
What you should work next
76–ാം മിനിറ്റിൽ പോസ്റ്റിന്റെ വലതു ഭാഗത്തുനിന്ന് ഓടിയെത്തിയ മരിയോ പലിസിച് ക്രൊയേഷ്യയ്ക്കായി സമനില പിടിക്കാൻ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ഫോർഡ് പ്രതിരോധിച്ചു. മത്സരം 80 മിനിറ്റിനോട് അടുത്തപ്പോൾ സമനില പിടിക്കുക ലക്ഷ്യമിട്ട് ക്രൊയേഷ്യ തുടര്‍ച്ചയായി ഇംഗ്ലണ്ട് ബോക്സിലേക്ക് ഇരച്ചെത്തി. 81–ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം ക്രിസ്റ്റ്യൻ ജാക്കിച്ച് പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് പോസ്റ്റിലേക്ക് ലക്ഷ്യമാക്കി പന്തടിച്ചെങ്കിലും ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 84–ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം കൊവാചിച് എടുത്ത ഷോട്ട് ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ഫോഡ് സേവ് ചെയ്തു. ക്രൊയേഷ്യയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് 85–ാം മിനിറ്റിൽ ഇംഗ്ലണ്ട് നാലാം ഗോൾ സ്വന്തമാക്കി. ബുകായോ സാകയിൽനിന്ന് പന്തു സ്വീകരിച്ച മാർകസ് റാഷ്ഫോഡ് ക്രൊയേഷ്യൻ ബോക്സിലേക്കു കയറിയ ശേഷം പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞാണ് ഗോളടിച്ചത്. റാഷ്ഫോഡിന്റെ ഷോട്ട് തടുക്കാന്‍ ശ്രമിച്ച ക്രൊയേഷ്യൻ ഗോളിക്ക് പിഴച്ചു. സ്കോർ 4–2. ആറു മിനിറ്റാണ് രണ്ടാം പകുതിയിൽ ഇന്‍ജറി ടൈമായി അനുവദിച്ചത്. എന്നാൽ ഈ സമയത്തും ഗോളടിക്കാൻ ക്രൊയേഷ്യയ്ക്കു സാധിച്ചില്ല. ഇതോടെ ഇംഗ്ലണ്ടിന് 4–2ന്റെ വിജയത്തുടക്കം.
English Summary:





English (US) ·