Published: June 15, 2026 03:56 AM IST Updated: June 15, 2026 07:26 AM IST
2 minute Read
ഫിഫ ലോകകപ്പിൽ വിജയത്തോടെ തുടങ്ങാമെന്ന നെതർലൻഡ്സിന്റെ മോഹത്തിന് തടയിട്ട് ജപ്പാന്റെ ‘നീല സമുറായികൾ’. രണ്ടു തവണ ലീഡെടുത്തിട്ടും, ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ഗോളുകൾ മടക്കിയ ജപ്പാന്‍ സമനില പൊരുതി നേടി. കഴിഞ്ഞ മൂന്ന് ലോകകപ്പ് എഡിഷനുകളിലും വിജയിച്ചു മാത്രം തുടങ്ങിയ ജപ്പാൻ, യുഎസിൽ തോൽക്കുമോയെന്ന് ആശങ്കപ്പെട്ടപ്പോൾ, കെയ്റ്റോ നകാമുറയും ദെയ്ചി കമാദയും രക്ഷകരായി അവതരിക്കുകയായിരുന്നു. ആദ്യ പകുതിയിൽ കാര്യമായ നീക്കം പോലുമില്ലാതെ വിരസമായ മത്സരത്തിലാണ്, രണ്ടാം പകുതിയിലെ ചടുലമായ മാറ്റങ്ങളിലൂടെ നാലു ഗോളുകൾ പിറന്നത്.
What you should work next
നീക്കങ്ങളില്ല, ഗോളില്ല, വിരസം ആദ്യ പകുതി
മത്സരം തുടങ്ങിയതിനു പിന്നാലെ ഡോനിയൻ മാലൻ നടത്തിയ മുന്നേറ്റം ജാപ്പനീസ് ഗോൾ കീപ്പർ സിയോൺ സുസുക്കി മികച്ചൊരു സേവിലൂടെയാണു രക്ഷപെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ കൊള്ളാവുന്നൊരു നീക്കവും ഇതായിരുന്നു. ക്യാപ്റ്റൻ വതാരു എൻഡു ഇല്ലാതെയാണ് ജപ്പാൻ ലോകകപ്പിന്റെ ആദ്യ മത്സരത്തിന് ഇറങ്ങിയത്. കാലിനു പരുക്കേറ്റ താരത്തെ അവസാന നിമിഷമാണ് ജാപ്പനീസ് പരിശീലകൻ ഹാജിമെ മൊറിയാസു ടീമിൽനിന്ന് ഒഴിവാക്കുന്നത്. പിന്നാലെ രാജ്യാന്തര കരിയർ അവസാനിപ്പിക്കുകയാണെന്ന് എൻഡോ പ്രഖ്യാപിക്കുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ മിഡ്ഫീൽഡർ തകേഫുസ കുബോയിൽനിന്നു വലിയ നീക്കങ്ങൾ സംഭവിച്ചുമില്ല. മത്സരത്തിന്റെ ആദ്യ 30 മിനിറ്റുകൾ പിന്നിടുമ്പോൾ നെതർലൻഡ്സിന്റെ ഒരു ഓൺ ടാർഗറ്റ് ഷോട്ട് വന്നതൊഴിച്ചാൽ മറ്റു പ്രധാന മുന്നേറ്റങ്ങളൊന്നും ജപ്പാനും നെതർലൻഡ്സും നടത്തിയില്ല.
34–ാം മിനിറ്റിൽ വാൻ ഡെ വെനും പിന്നാലെ കോഡി ഗാക്പോയും ഗോൾ നീക്കങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. 43–ാം മിനിറ്റിലാണ് ജപ്പാന്റെ ഭാഗത്തുനിന്ന് മികച്ചൊരു നീക്കമുണ്ടായത്. നെതൻലൻഡ്സ് പോസ്റ്റിന്റെ ഇടതു ഭാഗത്തുനിന്ന് ലഭിച്ച ക്രോസ് 13–ാം നമ്പർ ജാപ്പനീസ് താരം കെയ്റ്റോ നകാമുറ പോസ്റ്റിന്റെ വലതു ഭാഗത്തേക്ക് ഉന്നമിട്ടു. നെതർലൻഡ് ഗോളി ബാര്‍ട്ട് വെർബ്രുഗ്ഗൻ ഡൈവ് ചെയ്തെങ്കിലും പന്ത് പോസ്റ്റിനു തൊട്ടുരുമ്മി പുറത്തേക്കാണു പോയത്. പിന്നാലെ ഡച്ച് പ്രതിരോധത്തെ വെല്ലുവിളിച്ച് സ്ട്രൈക്കർ അയാസെ ഉഡെയുടെ ഷോട്ടെത്തി. പക്ഷേ പന്ത് വീണത് ഗോൾ വലയുടെ പിൻഭാഗത്ത്. ആദ്യ പകുതി അവസാനിച്ചപ്പോൾ മൂന്നു ഷോട്ടുകൾ നെതർലൻഡ്സ് ‘ഓൺടാർഗറ്റില്‍’ എത്തിച്ചപ്പോൾ, ജപ്പാന്റെ ഷോട്ടുകൾ ഒന്നുമില്ലായിരുന്നു. ഇരു ഭാഗത്തും മൂന്നു വീതം ഫൗളുകൾ വന്നെങ്കിലും ആദ്യ പകുതിയിൽ യെല്ലോ കാർഡുകള്‍ ഒന്നുമില്ലായിരുന്നു.
നാലു ഗോളുകൾ, അതിവേഗം, കളറായി രണ്ടാം പകുതി
50–ാം മിനിറ്റിൽ നെതർലൻഡിന്റെ കോഡി ഗാക്പോയെ ജാപ്പനീസ് ക്യാപ്റ്റന്‍ റിറ്റ്സു ഡോവാൻ വീഴ്ത്തിയതിന് നെതർലൻഡ്സിന് അനുകൂലമായ ഫ്രീകിക്കോടെയാണ് മത്സരം ചൂടുപിടിക്കുന്നത്. ഫ്രീകിക്കിൽ നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും സെക്കൻഡ് ബോള്‍ എടുത്ത് റയാൻ ഗ്രാവൻഹബെർച്ച് വിർജിൽ വാൻ ദെയ്നെ ലക്ഷ്യമാക്കി ക്രോസിട്ടു. ഹെഡറിലൂടെ നെതർലൻഡ്സ് ആദ്യ ഗോൾ നേടി. സ്കോർ 1–0. ഗോൾ വഴങ്ങിയതോടെ സമനിലയ്ക്കായുള്ള ശ്രമങ്ങൾ ജപ്പാൻ ആരംഭിച്ചു. അത് ലക്ഷ്യം കണ്ടത് 57–ാം മിനിറ്റിൽ. പന്തുമായി ഡച്ച് ബോക്സിലെത്തിയ തകേഫുസ കുബോ ഏതാനും നീക്കങ്ങൾക്കൊടുവിൽ കെയ്റ്റോ നകാമുറയെ ലക്ഷ്യമാക്കി പാസ് ചെയ്തു. രണ്ടു ടച്ചുകൾക്കപ്പുറം നെതർലൻഡ്സ് ഗോൾ കീപ്പറെ മറികടന്ന് നകാമുറയുടെ നെടുനീളൻ ഷോട്ട് വലയിൽ. സ്കോർ 1–1. വീണ്ടും ലീഡിലേക്കു തിരിച്ചെത്താൻ നെതർലൻഡ്സ് തുടങ്ങിയ നീക്കം ലക്ഷ്യം കണ്ടത് 64–ാം മിനിറ്റിലായിരുന്നു. പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്നും റയാൻ ഗ്രേവൻബെർച്ചിന്റെ പാസ് ലഭിച്ച ക്രിസെൻസിയോ സമ്മർവില്ലെ, ബോക്സിന്റെ അറ്റത്തുനിന്ന് ജപ്പാൻ ഗോൾ മുഖത്തേക്ക് അളന്നുമുറിച്ച് ലക്ഷ്യം വച്ചു. നെടുനീളൻ ഷോട്ട് തടുക്കാനായി ജാപ്പനീസ് ഗോളി സുസുക്കി ഡൈവ് ചെയ്തെങ്കിലും രക്ഷിച്ചെടുക്കാനായില്ല. സ്കോർ 2–1. തൊട്ടുപിന്നാലെ ബോക്സിനു വെളിയിൽനിന്ന് ജാപ്പനീസ് താരം തകേഫുസ കുബോ തൊടുത്ത നീളന്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്കു പോയി.
What you should work next
70–ാം മിനിറ്റിൽ മെംഫിസ് ഡിപേയെയും ക്വിന്റൻ ടിംബറിനെയും നെതർലൻഡ്സ് കളത്തിലിറക്കി. 72–ാം മിനിറ്റിൽ ബോക്സിനു വെളിയിൽനിന്നു പന്തു സ്വീകരിച്ച കോഡി ഗാക്പോ ഏതാനും നീക്കങ്ങൾക്കൊടുവിൽ ജാപ്പനീസ് പോസ്റ്റ് ലക്ഷ്യം വച്ചെങ്കിലും ഗോൾ കീപ്പർ തട്ടിയകറ്റി. പിന്നാലെ ലഭിച്ച കോർണറില്‍ ലക്ഷ്യം കാണാൻ നെതർലൻഡ്സിനു സാധിച്ചില്ല. മത്സരം 70 മിനിറ്റുകൾ പിന്നിടുമ്പോൾ ജാപ്പനീസ് ഗോൾമുഖത്ത് തുടർച്ചയായി നെതർലൻഡ്സിന്റെ ആക്രമണമായിരുന്നു. 74–ാം മിനിറ്റിൽ തകേഫുസ കുബോ പരുക്കേറ്റു പുറത്തായി. പകരക്കാരനായെത്തിയ സുഗാവരയുടെ ഷോട്ട് നെതർലൻഡ്സ് ഗോളി പിടിച്ചെടുത്തു. 10 മിനിറ്റ് ബാക്കി നിൽക്കെ പോലും ജപ്പാൻ ഒരു ഗോളിനു പിന്നിലായിരുന്നു. 83–ാം മിനിറ്റില്‍ ജാപ്പനീസ് പ്രതിരോധ താരം ഷോഗോ തനിഗുച്ചിയെ ഫൗൾ ചെയ്തതിന് നെതർലൻഡ്സ് ക്യാപ്റ്റൻ മെംഫിസ് ഡിപെ യെല്ലോ കാർഡ് കണ്ടു. നിശ്ചിത സമയത്തിന്റെ അവസാന അഞ്ച് മിനിറ്റിൽ സമനില ഗോളിനായി ജാപ്പനീസ് താരങ്ങള്‍ തുടർച്ചയായി ആക്രമണങ്ങൾ നയിച്ചെങ്കിലും ഓറഞ്ച് പ്രതിരോധക്കോട്ട ഉറച്ചുനിന്നു. എന്നാൽ 89–ാം മിനിറ്റിൽ ജപ്പാൻ സമനില പിടിച്ചു. കോർണറിൽനിന്നു ലഭിച്ച പന്ത് ഹെഡർ ചെയ്ത് വലയിലെത്തിച്ചത് ദെയ്ചി കമദ. സ്കോർ 2–2. രണ്ടാം പകുതിക്ക് ആറു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. എന്നാൽ അഞ്ചാമതൊരു ഗോൾ മത്സരത്തിലുണ്ടായില്ല. സ്കോർ 2–2 ൽ കളി അവസാനിപ്പിച്ചു.
English Summary:





English (US) ·