Published: March 21, 2026 10:08 PM IST
1 minute Read
കൊച്ചി ∙ ഐഎസ്‌എലിൽ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും തോൽവി. പഞ്ചാബ് എഫ്‌സിക്കെതിരെ കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി. സീസണിൽ ആറു മത്സരങ്ങൾ കളിച്ച ടീമിന്റെ അഞ്ചാം തോൽവിയാണിത്. ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ തുടർച്ചയായി മൂന്ന് തവണ ഹോം ഗ്രൗണ്ടിൽ തോൽപ്പിക്കുന്ന രണ്ടാമത്തെ ടീമായി പഞ്ചാബ് മാറി. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ സമനില നേടിയ ബ്ലാസ്റ്റേഴ്സിന് കന്നി ജയത്തിനായി ഇനിയും കാത്തിരിക്കണം. ഒരു പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ 13–ാം സ്ഥാനത്താണ്.
മത്സരത്തിൽ, ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി കളി പഞ്ചാബ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും, ആദ്യ പകുതിയിലെ തകർച്ച മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ സമീർ സെൽകോവിച്ചിലൂടെ പഞ്ചാബ് ആദ്യ ഗോൾ നേടി. തുടർന്ന് 17-ാം മിനിറ്റിൽ ഒസുജി രണ്ടാം ഗോളും കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായി. തിരിച്ചടിക്കാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്‌സിന് പന്തിനുമേൽ കൃത്യമായ നിയന്ത്രണം പുലർത്താൻ ആദ്യ പകുതിയിൽ പ്രയാസപ്പെട്ടു. സന്ദീപ് തൊടുത്ത മികച്ചൊരു ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് ബ്ലാസ്റ്റേഴ്‌സിന് നിർഭാഗ്യമായി. 37-ാം മിനിറ്റിൽ ഡാനി റാമിറസ് മൂന്നാം ഗോളും നേടിയതോടെ ആദ്യ പകുതിയിൽ പഞ്ചാബ് 3-0 ന് മുന്നിലെത്തി.
രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്‌സ് ആക്രമണം ശക്തമാക്കി. ഇതിന്റെ ഫലമായി 64-ാം മിനിറ്റിൽ ഫാലോ എൻഡിയായെ ബ്ലാസ്റ്റേഴ്‌സിനായി ഒരു ഗോൾ മടക്കി. ബോക്സിനുള്ളിലെ ക്രോസിൽ നിന്നായിരുന്നു ഫാലോയുടെ ഹെഡർ ഗോൾ. ഗോൾ മടക്കിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ബ്ലാസ്റ്റേഴ്‌സ് കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പഞ്ചാബിന്റെ സംഘടിതമായ പ്രതിരോധം മറികടക്കാനായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കളി കൂടുതൽ കടുപ്പമേറിയതായി. ഇഞ്ചറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് മർലോൺ പുറത്തായതോടെ ബ്ലാസ്റ്റേഴ്‌സ് പത്തുപേരായി ചുരുങ്ങി. എട്ട് മിനിറ്റ് അധികസമയം അനുവദിച്ചെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല.
English Summary:







English (US) ·