Published: May 23, 2026 09:02 AM IST Updated: May 23, 2026 09:29 AM IST
2 minute Read
ചെന്നൈ∙ ആഭ്യന്തര ക്രിക്കറ്റിൽനിന്നും ഇന്ത്യന്‍ പ്രീമിയർ ലീഗില്‍നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓൾറൗണ്ടർ വിജയ് ശങ്കർ. ഇന്ത്യയ്ക്കായി 2018–2019 വർഷങ്ങളിൽ 21 വൈറ്റ് ബോള്‍ മത്സരങ്ങൾ കളിച്ച താരത്തെ കഴിഞ്ഞ ഐപിഎൽ താര ലേലത്തിൽ ആരും വാങ്ങിയിരുന്നില്ല. രാജ്യാന്തര മത്സരം കളിച്ചിട്ട് അഞ്ചു വർഷം കഴിഞ്ഞതിനാല്‍ ‘അൺകാപ്ഡ്’ താരമായി ലേലത്തിനെത്തിയിട്ടും വിജയ് ശങ്കറിനെ ആരും വിളിച്ചില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ട്വന്റി20 ഫ്രാഞ്ചൈസി ക്രിക്കറ്റുകളിൽ പങ്കെടുക്കുകയാണു താരത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു. ചെന്നൈ സൂപ്പർ കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകൾക്കു വേണ്ടി 2014 മുതല്‍ 2025 വരെ 78 ഐപിഎൽ മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങള്‍ക്കു വേണ്ടിയാണ് വിരമിക്കൽ പ്രഖ്യാപിച്ചതെന്ന് വിജയ് ശങ്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ‘‘ക്രിക്കറ്റാണ് എന്റെ ജീവിതം. പത്താം വയസ്സിലാണു ഞാൻ കളി തുടങ്ങുന്നത്. 25 വർഷത്തെ കരിയറിൽ എല്ലാ ലെവലുകളിലും എനിക്കു കളിക്കാൻ സാധിച്ചു. രാജ്യത്തിനായി ഇറങ്ങാൻ സാധിച്ചത് ഏറ്റവും അഭിമാനകരമായ നിമിഷമായി കൂടെയുണ്ടാകും. ക്രിക്കറ്റിൽ കൂടുതല്‍ അവസരങ്ങൾ കണ്ടെത്തുന്നതിനായി ഐപിഎലിൽനിന്നും ആഭ്യന്തര ക്രിക്കറ്റിൽനിന്നും ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്.’’
‘‘ഒരുപാട് പാഠങ്ങൾക്കും ഓർമകൾക്കും പ്രചോദനങ്ങള്‍ക്കും ഞാൻ ബിസിസിഐയോടും ഇന്ത്യൻ ക്രിക്കറ്റ് ടീമിനോടും നന്ദി അറിയിക്കുകയാണ്. ഇന്ത്യയുടെ 500–ാം ഏകദിന പോരാട്ടത്തിൽ നാഗ്പുരിൽ അവസാന ഓവർ എറിയാൻ സാധിച്ചതും, 2019 ലോകകപ്പിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയതുമുൾപ്പടെയുള്ള ഓര്‍മകൾ എനിക്കൊപ്പം എപ്പോഴുമുണ്ടാകും. ഒരുപാട് വെറുപ്പും നെഗറ്റിവിറ്റിയും എനിക്കു നേരിടേണ്ടിവന്നു. അതെല്ലാം അവഗണിച്ചു മുന്നോട്ടു പോകുകയാണു ഞാൻ ചെയ്തതെന്നു നിങ്ങളോടു പറയാൻ ഈ അവസരം ഉപയോഗിക്കുകയാണ്. എനിക്ക് അതു ചെയ്യാൻ സാധിക്കുമെങ്കിൽ എല്ലാവർക്കും സാധിക്കും.’’– വിജയ് ശങ്കർ കുറിച്ചു.
നിങ്ങളുടെ ‘ത്രി ഡി’ ക്രിക്കറ്റർ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് വിജയ് ശങ്കർ കുറിപ്പ് അവസാനിപ്പിച്ചത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഒരേപോലെ ഉപയോഗിക്കാവുന്ന താരമായ വിജയ് ശങ്കർ ഒരിക്കൽ ‘ത്രി ഡി പ്ലേയർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. 2019 ഏകദിന ലോകകപ്പ് ടീമിലേക്ക് അംബാട്ടി റായുഡുവിനു പകരം വിജയ് ശങ്കറെ തിരഞ്ഞെടുത്തത് ന്യായീകരിച്ച് ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് ഉപയോഗിച്ചൊരു പ്രയോഗമാണിത്. ബാറ്റിങ്ങിൽ നാലാം നമ്പരിൽ ഓൾറൗണ്ടറെ ഉപയോഗിക്കാമെന്നും, അതു ടീമിനെ കൂടുതല്‍ സന്തുലിതമാക്കുമെന്നായിരുന്നു എം.എസ്.കെ. പ്രസാദിന്റെ കണ്ടെത്തൽ. എന്നാൽ വിജയ് ശങ്കറിനെ പരിഹസിച്ച് റായുഡു സമൂഹമാധ്യമത്തിൽ ‘ത്രി ഡി’ പ്രയോഗം ചർച്ചയാക്കിയതോടെ താരത്തിന് ഒരുപാടു പരിഹാസങ്ങൾ നേരിടേണ്ടിവന്നു.
2019 ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ കളിക്കാൻ മാത്രമാണ് വിജയ് ശങ്കറിനു സാധിച്ചത്. ഓൾഡ് ട്രാഫഡിൽ പാക്കിസ്ഥാനെതിരെ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ താരം, പരിശീലനത്തിനിടെ പരുക്കേറ്റതോടെ ടീമിൽനിന്നു പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്കായി 12 ഏകദിന മത്സരങ്ങൾ കളിച്ച താരം 223 റൺസാണു നേടിയത്. ട്വന്റി20യിൽ ഒൻപതു കളികളിൽനിന്ന് 101 റൺസും സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ കരിയറിന്റെ ഭൂരിഭാഗവും തമിഴ്നാടിന് വേണ്ടി ഇറങ്ങിയ താരം, ക്യാപ്റ്റനായി വിജയ് ഹസാരെ ട്രോഫി, ദേവ്ധർ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടങ്ങളും വിജയിച്ചു. 2025–26 ആഭ്യന്തര സീസണിൽ ത്രിപുരയ്ക്കു വേണ്ടിയായിരുന്നു താരം കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4253 റൺസും ലിസ്റ്റ് എയില്‍ 2760 റൺസും സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ ഫോർമാറ്റുകളിൽനിന്നുമായി 154 വിക്കറ്റുകളും വിജയ് ശങ്കർ നേടി.
English Summary:







English (US) ·