Published: January 29, 2026 07:33 PM IST
1 minute Read
തിരുവനന്തപുരം∙ രാജ്യാന്തര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആവേശമുയർത്തി ഇന്ത്യ-ന്യൂസീലൻഡ് ടീമുകൾ കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന മത്സരത്തിനായി എത്തിയ ഇരു ടീമുകൾക്കും വിമാനത്താവളത്തിൽ ലഭിച്ചത് ആവേശോജ്വലമായ സ്വീകരണം. സഞ്ജു സാംസണ്‍ വിമാനത്താവളത്തിനു പുറത്തെത്തിയപ്പോൾ വലിയ ആരവത്തോടെയാണ് ആരാധകർ വരവേറ്റത്. ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ‘വഴിയൊരുക്കിയാണ്’ സഞ്ജുവിനെ സ്വീകരിച്ചത്.
പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് ഇരു ടീമിലെയും താരങ്ങളും പരിശീലകരും എത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം താരങ്ങളെ വിമാനത്താവളത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. പ്രിയതാരങ്ങളെ ഒരു നോക്കു കാണാൻ നൂറുകണക്കിന് ആരാധകരാണ് വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയിരുന്നത്. ആവേശഭരിതരായ കായികപ്രേമികളുടെ ഹർഷാരവങ്ങൾക്കിടയിലൂടെ കനത്ത സുരക്ഷാ വലയത്തിലാണ് താരങ്ങളെ പുറത്തേക്ക് എത്തിച്ചത്.
ടീമുകളുടെ സന്ദർശനം പ്രമാണിച്ച് വിമാനത്താവളം മുതൽ ഹോട്ടലുകൾ വരെയും സ്റ്റേഡിയം പരിസരത്തും കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഗതാഗത നിയന്ത്രണമുൾപ്പെടെയുള്ള മുൻകരുതലുകൾ സിറ്റി പൊലീസ് നേരത്തേ തന്നെ സജ്ജമാക്കിയിരുന്നു. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസീലൻഡ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് ലോകകപ്പിന് മുന്നോടിയായുള്ള നിർണ്ണായക മത്സരത്തിന്റെ വേദി. സഞ്ജു അവസാന ഇലവനിൽ ഇടം നേടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. മത്സരം സുഗമമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടവും പൊലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി വിപുലമായ തയ്യാറെടുപ്പുകളാണ് പൂർത്തിയാക്കിയിരിക്കുന്നത്. സഞ്ജുവിന്റെ സാന്നിധ്യവും ലോകകപ്പ് മുന്നൊരുക്കങ്ങളും മത്സരത്തിന്റെ മാറ്റുകൂട്ടുമെന്ന് കെസിഎ ഭാരവാഹികൾ അറിയിച്ചു.
English Summary:







English (US) ·