Published: June 07, 2026 08:16 AM IST Updated: June 07, 2026 08:28 AM IST
1 minute Read
ക്ലീവ്‌ലൻഡ്/ടെക്സസ് ∙ ലോകകപ്പിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരങ്ങളിൽ ബ്രസീലിനും അർജന്റീനയ്ക്കു വിജയം. ഈജിപ്തിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രസീൽ വിജയം കണ്ടപ്പോൾ, ഹോണ്ടുറാസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. സൂപ്പർതാരങ്ങളായ നെയ്‌മാറും ലയണൽ മെസ്സിയും യഥാക്രമം ബ്രസീലിന്റെയും അർജന്റീനയുടെയും മത്സരങ്ങൾക്ക് ഇറങ്ങിയില്ല.
ക്ലീവ്‌ലൻഡിൽ നടന്ന ആവേശകരമായ മത്സരത്തിലാണ് ബ്രസീൽ 2-1 ന് ഈജിപ്തിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ മധ്യനിര താരം ബ്രൂണോ ഗുമിറസിന്റെ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. എന്നാൽ പത്താം മിനിറ്റിൽ മുസ്തഫ സിക്കോയിലൂടെ ഈജിപ്ത് സമനില പിടിച്ചു. 51-ാം മിനിറ്റിൽ റാഫിഞ്ഞയുടെ അസിസ്റ്റിൽ നിന്ന് യുവതാരം എൻഡ്രിക് നേടിയ തകർപ്പൻ ഗോളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്.
കണങ്കാലിലെ പരുക്കിനെ തടുർന്ന് പരിചരണത്തിൽ തുടരുന്നതിനാൽ നെയ്മർ മത്സരത്തിന് ഇറങ്ങയില്ല. ഈജിപ്തിന്റെ സൂപ്പർ താരം മുഹമ്മദ് സലാ ആദ്യ പകുതിയിൽ ബെഞ്ചിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ കളത്തിലിറങ്ങി. ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീലിന്റെ അവസാന സന്നാഹ മത്സരമായിരുന്നു ഇത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ മൊറോക്കോയാണ് ബ്രസീലിന്റെ എതിരാളികൾ.
ടെക്സസിൽ നടന്ന മത്സരത്തിൽ നിലവിലെ ലോക ചാംപ്യന്മാരായ അർജന്റീന 2-0 ന് ഹോണ്ടുറാസിനെ തകർത്തു. പൂർണമായും അർജന്റീനയുടെ ആധിപത്യം കണ്ട മത്സരത്തിൽ, 37-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ (54-ാം മിനിറ്റ്) ഗ്വിലിയാനോ സിമിയോണി ടീമിന്റെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു.
സൂപ്പർ താരം ലയണൽ മെസി പകരക്കാരുടെ ബെഞ്ചിൽ ഉണ്ടായിരുന്നെങ്കിലും കളത്തിൽ ഇറങ്ങിയില്ല. തുടർച്ചയായ മത്സരങ്ങൾ മൂലമുണ്ടായ പേശിവലിവും കടുത്ത ശാരീരിക ക്ഷീണവും കാരണമാണ് പരിശീലകൻ ലയണൽ സ്കലോണി മെസിക്ക് പൂർണ്ണ വിശ്രമം നൽകിയത്. ചൊവ്വാഴ്ച ഐസ്‍ലൻഡിനെതിരെയാണ് അർജന്റീനയുടെ അവസാന സന്നാഹമത്സരം.
English Summary:





English (US) ·