Published: June 05 , 2025 09:56 PM IST
1 minute Read
ബെംഗളൂരു∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് ആരാധകർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുന്‍ ഇന്ത്യൻ താരം അതുൽ വാസൻ. അപകടം സംഭവിച്ച കാര്യം ചിന്നസ്വാമി സ്റ്റേഡിയത്തിന് അകത്ത് ഉണ്ടായിരുന്ന സൂപ്പർ താരം വിരാട് കോലി അറിഞ്ഞിരിക്കാൻ വഴിയില്ലെന്നാണ് അതുൽ വാസന്റെ നിലപാട്. ആളുകൾ മരിച്ച കാര്യം അറിഞ്ഞിരുന്നെങ്കിൽ സ്വീകരണച്ചടങ്ങ് ഉപേക്ഷിച്ച് കോലി ഇറങ്ങിപ്പോകുമായിരുന്നെന്ന് അതുൽ വാസൻ വാർത്താ ഏജൻസിയായ എഎന്‍ഐയോടു പ്രതികരിച്ചു.
ബുധനാഴ്ച ബെംഗളൂരു നഗരത്തിലുണ്ടായ അപകടത്തിൽ 11 ആരാധകരാണ് മരിച്ചത്. ‘‘പുറത്ത് ആളുകൾ മരിച്ച കാര്യം അറിഞ്ഞാൽ കോലി ആഘോഷം തുടരുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഫ്രാഞ്ചൈസികൾക്ക് ഇക്കാര്യത്തിൽ വിഷമമുണ്ടാകില്ല. കാരണം അവർക്ക് വരുമാനം കാണിക്കേണ്ടിവരും. ഫ്രാഞ്ചൈസി ഒരുപക്ഷേ ഇക്കാര്യം അറിഞ്ഞിട്ടുണ്ടാകും. കോലി അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം ഉടൻ തന്നെ സ്റ്റേഡിയം വിടുമായിരുന്നു.’’– അതുൽ വാസൻ പറഞ്ഞു. അപകടത്തിനിടെയും ആഘോഷം തുടർന്നതിന്റെ പേരിൽ വിരാട് കോലിയുൾപ്പടെയുള്ള ആർസിബി താരങ്ങൾക്കെതിരെ വിമർശനം ശക്തമായിരുന്നു.
അപകടം സംഭവിച്ചതിനു പിന്നാലെ ആർസിബി ടീമിന്റെ വിക്ടറി പരേഡ് റദ്ദാക്കിയിരുന്നു. കർണാടക വിധാന്‍ സൗധയിലെത്തി മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട ആർസിബി താരങ്ങളെ ടീം ബസ്സിലാണ് സ്റ്റേഡിയത്തിലെത്തിച്ചത്. സ്റ്റേഡിയത്തിൽവച്ച് താരങ്ങൾ ട്രോഫിയുമായി ആരാധകരെ അഭിവാദ്യം ചെയ്തു. അപകടത്തെ തുടർന്ന് സ്റ്റേഡിയത്തിലെ ആഘോഷ പരിപാടികളും വെട്ടിച്ചുരുക്കിയിരുന്നു.
English Summary:








English (US) ·