Published: June 04, 2026 08:58 AM IST Updated: June 04, 2026 10:26 AM IST
2 minute Read
മുംബൈ ∙ ഇന്ത്യയുടെ അടുത്ത ട്വന്റി20 ക്യാപ്റ്റൻ ആരാകും? നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നീക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്തെ ചർച്ച ഇതാകും. ഐപിഎൽ സീസണിന്റെ തുടക്കം മുതൽ പരന്ന ആഭ്യൂഹങ്ങളാണ് സീസൺ അവസാനിച്ച് ദിവസങ്ങൾക്കുള്ളിൽ യാഥാർഥ്യമായത്. സൂര്യകുമാറിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കുമെന്ന് ബിസിസിഐ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചില്ലെങ്കിലും അടുത്തവൃത്തങ്ങൾ കൃത്യമായ സൂചന നൽകി കഴിഞ്ഞു. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പുതിയ നായകന്റെ കീഴിലാകും ഇറങ്ങുക. അടുത്ത സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകും.
What you should work next
ഫോംഔട്ടായ സൂര്യകുമാർ ടീമിൽ തുടരുന്ന കാര്യവും സംശയമാണ്. സത്യത്തിൽ, ടീമിൽനിന്ന് ഒഴിവാക്കുന്നതിനു വേണ്ടിയാണ് സൂര്യകുമാറിനെ നായകസ്ഥാനത്തുനിന്നു നീക്കുന്നത്. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ടു പ്രകാരം രണ്ടു താരങ്ങളാണ് സൂര്യകുമാറിന്റെ പിൻഗാമിയാകാൻ ചർച്ചകളിൽ മുൻപന്തിയിലുള്ളത്. ഐപിഎലിൽ പഞ്ചാബ് കിങ്സ് നായകനും ഏകദിന വൈസ് ക്യാപ്റ്റനുമായ ശ്രേയസ്സ് അയ്യരും മുംബൈ ഇന്ത്യൻസ് താരവും ട്വന്റി20 ടീമിൽ മധ്യനിര ബാറ്ററായ തിലക് വർമയും. സൂര്യകുമാറിനെ ടീമിൽനിന്ന് ഒഴിവാക്കിയാൽ പകരം ഒരു താരത്തെ കൊണ്ടുവരേണ്ടി വരും. സൂര്യകുമാർ കളിച്ചിരുന്ന നാലാം നമ്പറിൽ സ്വാഭാവികമായ ചോയ്സ് ശ്രേയസ്സ് അയ്യരാണ്. ഐപിഎലിലും ഏകദിനത്തിലും നാലാം നമ്പറിലെ വിശ്വസ്തനായ ബാറ്ററാണ് ശ്രേയസ്സ് അയ്യർ. ഇതാണ് അയ്യരുടെ സാധ്യത വർധിപ്പിക്കുന്നത്.
പ്രായക്കുറവും ട്വന്റി20 ടീമിലെ സ്ഥിരതയുമാണ് തിലക് വർമയ്ക്ക് അനുകൂലമായ ഘടകങ്ങൾ. പുതിയ ക്യാപ്റ്റൻ 2028 ട്വന്റി20 ലോകകപ്പിലും ആ വർഷം നടക്കുന്ന ഒളിംപിക്സിലും ഇന്ത്യയെ നയിക്കേണ്ടയാളാണ്. ദീർഘകാലത്തേയ്ക്ക് ഒരു ക്യാപ്റ്റൻ മതിയെന്നു തീരുമാനിച്ചാൽ തിലകിനായിരിക്കും സാധ്യത കൂടുതൽ. ഇന്ത്യ എ ടീമിന്റെ നായകനായി തിലകിനെ നിയോഗിച്ചതും നേതൃപാടവം വിലയിരുത്താൻ വേണ്ടി തന്നെയാണ്. മുഖ്യപരിശീലകൻ ഗൗതം ഗംഭീർ, ചീഫ് സെലക്ടർ അജിത് അഗാർക്കർ എന്നിവരുടെ തീരുമാനമാണ് ഇക്കാര്യത്തിൽ നിർണായകം.
ഇരുവരും രണ്ടു തട്ടിലാണെന്നും സൂചനയുണ്ട്. 2024ൽ ഗൗതം ഗംഭീർ മെന്ററായിരിക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎൽ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ശ്രേയസ്സ് അയ്യർ. എന്നാൽ അന്നു തനിക്ക് ക്രെഡിറ്റ് ലഭിച്ചില്ലെന്ന് ശ്രേയസ്സ് പരസ്യമായി പറഞ്ഞിരുന്നു. അതിനാൽ ശ്രേയസ്സിന് ഗംഭീറിന്റെ പിന്തുണ ലഭിക്കാനിടയില്ല. ചീഫ് സെലക്ടൻ അജിത് അഗാർക്കറുടെ പിന്തുണ ശ്രേയസ്സ് അയ്യർക്കാണെന്നാണ് വിവരം.
ട്വന്റി20 ലോകകപ്പ് ഹീറോയായ മലയാളി താരം സഞ്ജു സാംസനെ ക്യാപ്റ്റനാക്കണം എന്ന നിലപാടിലാണ് ഗംഭീർ എന്നാണ് സൂചന. ഐപിഎലിൽ നിലവിൽ ക്യാപ്റ്റൻ അല്ലെങ്കിലും രാജസ്ഥാൻ റോയൽസിനെ അഞ്ച് വർഷം നയിച്ച്, ഫൈനൽ വരെ എത്തിച്ചതിന്റെ ക്യാപ്റ്റൻസി മികവ് സഞ്ജുവിനുണ്ട്. എന്നാൽ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിനു തിരിച്ചടി. മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനും സ്ഥിരതയില്ലായ്‌മയാണ് വെല്ലുവിളി. ഇടവേളയ്ക്കു ശേഷം ടീമിലെത്തി താരത്തിന് ഉടൻ നായകപദവി നൽകുന്നതിലും എതിർപ്പുണ്ട്. നിലവിലെ വൈസ് ക്യാപ്റ്റനായ അക്ഷർ പട്ടേലിനെ പരിഗണിക്കാൻ വിദൂര സാധ്യത മാത്രമാണുള്ളത്.
ഐപിഎലിൽ ബാറ്റിങ്ങിൽ മിന്നുംപ്രകടനം കാഴ്‌ചവയ്ക്കുകയും ഗുജറാത്ത് ടൈറ്റൻസിനെ ഫൈനൽ വരെ എത്തിക്കുകയും ചെയ്ത ശുഭ്മൻ ഗില്ലിനെ ട്വന്റി20 ടീമിലേക്ക് തിരിച്ചുകൊണ്ടുവരാനും സാധ്യതയില്ല. ഓപ്പണിങ് സ്ലോട്ടിൽ ഒഴിവില്ലാത്തതാണ് ഗില്ലിനു തിരിച്ചടി. അഭിഷേക് ശർമയും സഞ്ജു സാംസണും അവിടെ സ്ഥാനമുറപ്പിച്ചു. വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാൾ എന്നിവർ ടീമിലേക്ക് വിളി പ്രതീക്ഷിച്ചിരിക്കെ ഗില്ലിനെ കൂടി ഉൾപ്പെടുത്താൻ പ്രയാസമാകും.
English Summary:








English (US) ·