Published: April 11, 2026 08:49 AM IST
2 minute Read
ഗുവാഹത്തി∙ ആദ്യത്തെ മത്സരത്തിൽ മാറ്റ് ഹെൻറി. അടുത്ത മത്സരങ്ങളിൽ കഗീസോ റബാദയും ജസ്പ്രീത് ബുമ്രയും. വൈഭവ് സൂര്യവംശിയെന്ന പതിനഞ്ചുകാരൻ പവർ ഹൗസിന്റെ തല്ലുകിട്ടി പതംവന്ന ലോകോത്തര ബോളർമാരുടെ പട്ടികയിലേക്ക് ഇന്നലെ പുതിയൊരു എൻട്രി കൂടി; ജോഷ് ഹെയ്സൽവുഡ്! 26 പന്തുകളിൽ 7 സിക്സും 8 ഫോറും അടക്കം 78 റൺസ് നേടിയ വണ്ടർ വൈഭവിന്റെ കരുത്തിൽ, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 6 വിക്കറ്റിന്റെ ജയം പിടിച്ചെടുത്ത് രാജസ്ഥാൻ റോയൽസ്. മഴമൂലം ഒരു മണിക്കൂർ വൈകിത്തുടങ്ങിയ മത്സരത്തിൽ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. ക്യാപ്റ്റൻ രജത് പാട്ടിദാർ (40 പന്തിൽ 63), വിരാട് കോലി (16 പന്തിൽ 32), വെങ്കടേഷ് അയ്യർ (15 പന്തിൽ 29 നോട്ടൗട്ട്) എന്നിവരാണ് ബെംഗളൂരുവിന് ഭേദപ്പെട്ട സ്കോർ നൽകിയത്. മറുപടി ബാറ്റിങ്ങിൽ വൈഭവ് നൽകിയ മിന്നൽ തുടക്കവും ധ്രുവ് ജുറേലിന്റെ (43 പന്തിൽ 81 നോട്ടൗട്ട്) ആങ്കർ ഇന്നിങ്സും ചേർന്നതോടെ 18 ഓവറിൽ രാജസ്ഥാൻ ലക്ഷ്യം കണ്ടു. സ്കോർ: ബെംഗളൂരു 20 ഓവറിൽ 8ന് 201. രാജസ്ഥാൻ 18 ഓവറിൽ 4ന് 202. സീസണിൽ രാജസ്ഥാന്റെ നാലാം ജയമാണിത്. ബെംഗളൂരുവിന്റെ ആദ്യ തോൽവിയും.
ഹിറ്റ് ബോയ്സ്
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ യശസ്വി ജയ്സ്വാളിനെ (8 പന്തിൽ 13) നഷ്ടമായി. സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ജോഷ് ഹെയ്ൽവുഡിനായിരുന്നു വിക്കറ്റ്. എന്നാൽ പിന്നാലെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വൈഭവ് ബെംഗളൂരു ബോളർമാരെ തലങ്ങും വിലങ്ങും തല്ലി. ഹെയ്സൽവുഡിന്റെ ഓവറിൽ 3 ഫോറും ഒരു സിക്സുമടക്കം 18 റൺസാണ് വൈഭവ് നേടിയത്. 15 പന്തിൽ അർധ സെഞ്ചറി തികച്ച പതിനഞ്ചുകാരൻ കളംനിറഞ്ഞതോടെ ബെംഗളൂരു ഫീൽഡർമാർ കാഴ്ചക്കാരായി. മൂന്നാമനായി എത്തിയ ധ്രുവ് ജുറേലും താളംകണ്ടെത്തിയതോടെ സ്കോർ കുതിച്ചു. ബെംഗളൂരു പേസർ അഭിനന്ദൻ സിങ് എറിഞ്ഞ 6–ാം ഓവറിൽ 22 റൺസ് നേടിയ ജുറേൽ പവർപ്ലേ അവസാനിപ്പിച്ചത് 1ന് 97 എന്ന നിലയിൽ. 37 പന്തിൽ 108 റൺസാണ് ഇരുവരും ചേർന്നു രണ്ടാം വിക്കറ്റിൽ നേടിയത്.
വൈഭവിനെയും ഷിമ്രോൺ ഹെറ്റ്മെയറിനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ക്രുനാൽ പാണ്ഡ്യ ബെംഗളൂരുവിന് നേരിയ ആശ്വാസം നൽകി. വൈകാതെ ക്യാപ്റ്റൻ റിയാൻ പരാഗും (3) പുറത്തായതോടെ രാജസ്ഥാൻ ഒന്നു കിതച്ചു. എന്നാൽ അപ്പോഴും 9.4 ഓവറിൽ 134 റൺസ് സ്കോർ ബോർഡിൽ ഉണ്ടായിരുന്നു. പിന്നാലെ രവീന്ദ്ര ജഡേജയെ (25 പന്തിൽ 24 നോട്ടൗട്ട്) കൂട്ടുപിടിച്ച ജുറേൽ കരുതലോടെ ടീമിനെ മുന്നോട്ടു നയിച്ചു. ഇംപാക്ട് പ്ലെയറായി ഒരു ബാറ്ററെ കളിപ്പിക്കേണ്ടി വന്നതിനാൽ സ്പിന്നർ സുയാഷ് ശർമയില്ലാതെയാണ് ബെംഗളൂരുവിന് ഇറങ്ങേണ്ടിവന്നത്.
പതറിയും പൊരുതിയും
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് ആദ്യ പന്തിൽ തന്നെ ഓപ്പണർ ഫിൽ സോൾട്ടിനെ (0) നഷ്ടമായി. പിന്നാലെ ദേവ്ദത്ത് പടിക്കലും (7 പന്തിൽ 14) കോലിയും ചേർന്ന് 17 പന്തിൽ 45 റൺസ് ചേർത്ത് ബെംഗളൂരുവിന് അടിത്തറയൊരുക്കിയെങ്കിലും ദേവ്ദത്തിനെ വീഴ്ത്തിയ ആർച്ചർ സന്ദർശകരുടെ വില്ലനായി. അഞ്ചാം ഓവറിൽ കോലിയെ പുറത്താക്കിയ രവി ബിഷ്ണോയി, ബെംഗളൂരുവിനെ കൂടുതൽ പ്രതിരോധത്തിലാക്കി. ഇതോടെ 3ന് 61 എന്ന സ്കോറിലാണ് ബെംഗളൂരു പവർപ്ലേ അവസാനിപ്പിച്ചത്. പിന്നാലെ ക്രുനാൽ പാണ്ഡ്യ (1), ജിതേഷ് ശർമ (5) എന്നിവരെയും മടക്കിയ രാജസ്ഥാൻ, സന്ദർശകരെ 5ന് 76 എന്ന സ്കോറിലേക്ക് തള്ളിയിട്ടു. നന്നായിത്തുടങ്ങിയ ടിം ഡേവിഡും (9 പന്തിൽ 13) റൊമാരിയോ ഷെപ്പേർഡും (11 പന്തിൽ 22) കൂടി വീണതോടെ ബെംഗളൂരു ടോട്ടൽ 150 കടക്കില്ലെന്ന സ്ഥിതിയായി. അപ്പോഴും ഒരറ്റത്ത് ക്ഷമയോടെ നിന്ന ക്യാപ്റ്റൻ രജത് പാട്ടിദാർ സ്കോർ ബോർഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. ഇംപാക്ട് പ്ലെയറായി എത്തിയ വെങ്കടേഷ് അയ്യരെ (15 പന്തിൽ 29 നോട്ടൗട്ട്) കൂട്ടുപിടിച്ച് എട്ടാം വിക്കറ്റിൽ രജത് നടത്തിയ ചെറുത്തുനിൽപ് ബെംഗളൂരുവിന് വീണ്ടും പ്രതീക്ഷ നൽകി. സന്ദീപ് ശർമയുടെ പന്തിൽ രജത് പുറത്താകുമ്പോൾ സ്കോർ 166ൽ എത്തിയിരുന്നു. 4 വീതം സിക്സും ഫോറും അടങ്ങുന്നതാണ് ബെംഗളൂരു ക്യാപ്റ്റന്റെ ഇന്നിങ്സ്. പിന്നാലെ വെങ്കടേഷിന്റെ കരുത്തിൽ സ്കോർ 200 കടന്നു.
English Summary:








English (US) ·